ഗാന്ധിനഗർ : ഗുജറാത്തിലെ കച്ച് തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പാകിസ്താനി ബോട്ട് കണ്ടെത്തി. അതിർത്തി രക്ഷാസേനയും (BSF) മറ്റ് സുരക്ഷാ ഏജൻസികളും ചേർന്ന മേഖലയില്‍ വ്യാപകമായ തിരച്ചില്‍ ആരംഭിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു.
ബിഎസ്‌എഫ് പട്രോളിംഗിനിടെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബോട്ട് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തെത്തുടർന്ന് കച്ച് തീരത്തും പരിസര പ്രദേശങ്ങളിലും ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്.
'ഹരാമി നല' എന്നറിയപ്പെടുന്ന ചതുപ്പ് മേഖലയ്ക്ക് സമീപമാണ് ബോട്ട് കണ്ടെത്തിയത്. ഗുജറാത്തിലെ കച്ച് മേഖലയിലുള്ള 22 കിലോമീറ്റർ നീളമുള്ള ചതുപ്പ് പ്രദേശമാണിത്. ബിഎസ്‌എഫ് പട്രോളിംഗ് സംഘത്തെ കണ്ടപ്പോള്‍ ബോട്ടിലുണ്ടായിരുന്നവർ കടലിലേക്ക് ചാടി പാകിസ്ഥാൻ ഭാഗത്തേക്ക് രക്ഷപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ബോട്ടില്‍ നടത്തിയ പരിശോധനയില്‍ മീൻ പിടിക്കുന്നതിനുള്ള വലകള്‍, ഐസ് ബോക്സുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സ്ഫോടക വസ്തുക്കളോ മറ്റ് സംശയാസ്പദമായ സാധനങ്ങളോ നിലവില്‍ കണ്ടെത്തിയിട്ടില്ല.

