ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കൗമാരക്കാരില്‍ ഉണ്ടാക്കുന്ന ആസക്തിയും മാനസികാരോഗ്യ പ്രശ്നങ്ങളും മുൻനിർത്തി നിലവിലുണ്ടായിരുന്ന നിയമനടപടികള്‍ ഒത്തുതീർപ്പാക്കാൻ സാങ്കേതികവിദ്യ ഭീമന്മാരായ മെറ്റ തയ്യാറെടുക്കുന്നു.
17 ബില്യണ്‍ ഡോളർ പിഴ തുകയായി നല്‍കാനും കുട്ടികളുടെ ഡിജിറ്റല്‍ സുരക്ഷ ഉറപ്പാക്കാൻ കർശനമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനും മെറ്റ ധാരണയിലെത്തിയതായി അമേരിക്കൻ അറ്റോർണി ജനറല്‍ വ്യക്തമാക്കി.
പ്ലാറ്റ്‌ഫോമുകളില്‍ ഉപയോക്താക്കളെ കൂടുതല്‍ സമയം തളച്ചിടുന്ന തരത്തില്‍ ഫീച്ചറുകള്‍ രൂപകല്‍പ്പന ചെയ്തത് കുട്ടികളുടെ മാനസിക നിലയെ ദോഷകരമായി ബാധിച്ചെന്നാരോപിച്ച് അമേരിക്കയിലെ നാല്‍പ്പത്തിയേഴോളം സംസ്ഥാനങ്ങളാണ് നിയമപോരാട്ടം നടത്തിയത്. ഈ ധാരണ പ്രാബല്യത്തില്‍ വരുന്നതോടെ കൗമാരക്കാരുടെ പ്രതിദിന സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കൃത്യമായ സമയപരിധിയും ഇടവേളകളും ഏർപ്പെടുത്തേണ്ടി വരും. പഠന സമയങ്ങളില്‍ പുഷ് നോട്ടിഫിക്കേഷനുകള്‍ തടയുന്നതിനൊപ്പം വയസ്സ് സ്ഥിരീകരിക്കുന്നതിനായി കർശനമായ പരിശോധനാ സംവിധാനങ്ങള്‍ നിർബന്ധമാക്കും.
ഇതോടൊപ്പം സൈബർ ഭീഷണികള്‍, മോശം ഭക്ഷണശീലങ്ങള്‍, സ്വയം അപകടപ്പെടുത്തല്‍ എന്നിവയിലേക്ക് നയിക്കുന്ന ഉള്ളടക്കങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും. ലൈക്കുകളുടെ എണ്ണം കാണിക്കുന്ന സംവിധാനം പരിമിതപ്പെടുത്താനും രക്ഷിതാക്കള്‍ക്ക് കൂടുതല്‍ സുരക്ഷാ അധികാരങ്ങള്‍ നല്‍കാനും നീക്കമുണ്ട്. കമ്പനിയുടെ വൻ പ്രതിവർഷ വരുമാനവുമായി തതമ്യപ്പെടുത്തുമ്പോള്‍ ഈ ഒത്തുതീർപ്പ് തുക കുറവാണെന്നും, മുൻപ് കമ്പനി വരുത്തിയ വീഴ്ചകള്‍ക്ക് ഈ മാറ്റങ്ങള്‍ പൂർണ്ണ പരിഹാരമാകില്ലെന്നും വിമർശനമുയരുന്നുണ്ടെങ്കിലും, കൗമാരക്കാരുടെ ഓണ്‍ലൈൻ സുരക്ഷയില്‍ കൂടുതല്‍ വ്യക്തത കൊണ്ടുവരാൻ പുതിയ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

