പാകിസ്താനില്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചുമാറ്റി ഭൂമി മതപാഠശാലയോട് (മദ്രസ) കൂട്ടിച്ചേർത്തതായി പരാതി.
കിഴക്കൻ പഞ്ചാബ് പ്രവിശ്യയിലെ ലാഹോറില്‍ നിന്ന് 130 കിലോമീറ്റർ അകലെയുള്ള നരോവാളിലെ സിരാജ് ഗ്രാമത്തിലാണ് 100 മുതല്‍ 125 വർഷം വരെ പഴക്കമുള്ള ക്ഷേത്രം തകർത്തത്. 1000 ചതുരശ്ര മീറ്ററോളം വിസ്തീർണ്ണമുള്ള ഭൂമിയിലാണ് ഈ ചരിത്രപ്രധാനമായ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്.
തീവ്ര വലതുപക്ഷ ഇസ്‌ലാമിക പാർട്ടിയായ തെഹ്‌രീക്-ഇ-ലബ്ബായിക് പാകിസ്താൻ (ടിഎല്‍പി) പ്രവർത്തകരാണ് ഓഗസ്റ്റ് 21-ന് ക്ഷേത്രം പൊളിച്ചുമാറ്റിയതെന്ന് പ്രാദേശിക ന്യൂനപക്ഷ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ആരോപിച്ചു. ക്ഷേത്രത്തിന്റെ ഗോപുരത്തിലുണ്ടായിരുന്ന ലോഹഭാഗങ്ങളും നിർമ്മാണ സാമഗ്രികളും ഇഷ്ടികകളും വരെ സംഘം കടത്തിക്കൊണ്ടുപോയതായി പാകിസ്താൻ മസീഹ മില്ലത്ത് പാർട്ടി (പിഎംഎംപി) ചെയർമാൻ അസ്ലം പർവേസ് സഹോത്ര വ്യക്തമാക്കി. ക്ഷേത്രത്തിന് സമീപത്തെ ഭൂമി നേരത്തെ മദ്രസയ്ക്കായി ലീസിന് നല്‍കിയിരുന്നെങ്കിലും വാടക നല്‍കാത്തതിനെ തുടർന്ന് ഇവാക്യൂ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡ് (ഇടിപിബി) ലീസ് റദ്ദാക്കിയിരുന്നു. തുടർന്ന് ഇവിടം അനധികൃതമായി കൈയേറുകയായിരുന്നുവെന്ന് റിപ്പോർട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ക്ഷേത്രം പൊളിച്ചുമാറ്റിയതല്ലെന്നും പ്രദേശത്തുണ്ടായ കനത്ത മഴയെത്തുടർന്ന് തകർന്നു വീണതാണെന്നുമാണ് സർക്കാർ നല്‍കുന്ന ഔദ്യോഗിക വിശദീകരണം. റെക്കോർഡുകളില്‍ പേരുപോലുമില്ലാത്ത വളരെ പഴക്കമുള്ള നിർമ്മിതിയായതിനാലാണ് കനത്ത മഴയില്‍ തകർന്നതെന്ന് ഇടിപിബി മുതിർന്ന ഉദ്യോഗസ്ഥൻ റാണ ഇഫ്തിഖാർ അവകാശപ്പെട്ടു. എന്നാല്‍, ക്ഷേത്രം സംരക്ഷിക്കുന്നതില്‍ ജില്ലാ ഭരണകൂടവും ഇടിപിബിയും പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് ന്യൂനപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും ക്ഷേത്രം പുനർനിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ് അഡിഷണല്‍ ഹോം സെക്രട്ടറിക്ക് ന്യൂനപക്ഷ സംഘടനകള്‍ പരാതി നല്‍കിയിട്ടുണ്ട്.

