ഐപിഎല്‍ 2026-ല്‍ പോയിന്റ് പട്ടികയില്‍ ഒൻപതാം സ്ഥാനത്ത് ഉഴലുന്ന മുംബൈ ഇന്ത്യൻസിന് വലിയ ആശങ്കയായി മാറുന്നത് സൂപ്പർ താരം സൂര്യകുമാർ യാദവിന്റെ ഫോമില്ലായ്മയാണ്.
ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെയുള്ള നിർണ്ണായക മത്സരത്തിന് മുന്നോടിയായി സൂര്യകുമാറിന് ഉപദേശവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ സദഗോപൻ രമേശ്.
സൂര്യകുമാറിന്റെ ട്രേഡ് മാർക്ക് ഷോട്ട് ആയ 'സ്കൂപ്പ് ഷോട്ട്' അദ്ദേഹത്തിന് ഇപ്പോള്‍ വിനയാകുന്നു എന്നാണ് രമേശിന്റെ പക്ഷം. 'അദ്ദേഹത്തിന്റെ ഏറ്റവും ശക്തമായ ഷോട്ട് ഇപ്പോള്‍ അദ്ദേഹത്തിന്റെ തന്നെ ഏറ്റവും വലിയ ദൗർബല്യമായി മാറിയിരിക്കുന്നു. ആദ്യ 20 റണ്‍സ് നേടുന്നത് വരെ സൂര്യ നേർരേഖയിലുള്ള ഷോട്ടുകള്‍ക്ക് മുൻഗണന നല്‍കണം. പ്രതീക്ഷകള്‍ക്കൊത്ത് ഉയരാൻ കഴിയാത്തത് സൂര്യകുമാറിനെ കടുത്ത സമ്മർദ്ദത്തിലാക്കുന്നുണ്ട്,' രമേശ് സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.
ഈ സീസണില്‍ കളിച്ച ഒൻപത് ഇന്നിംഗ്സുകളില്‍ നിന്ന് വെറും 21 ശരാശരിയില്‍ ഒരു അർദ്ധ സെഞ്ചുറി മാത്രമാണ് സൂര്യയുടെ സമ്പാദ്യം. ഗുജറാത്ത് ടൈറ്റൻസിനെതിരെ തകർപ്പൻ സെഞ്ചുറി (101*) നേടിയെങ്കിലും മറ്റ് മത്സരങ്ങളില്‍ തിലക് വർമ്മയും പരാജയമായിരുന്നു. തിലക് വർമ്മയെ ഫിനിഷറായി ഇറക്കുന്നതിനോട് രമേശ് വിയോജിച്ചു. സെഞ്ചുറി നേടിയ ഒരു താരത്തെ ബാറ്റിംഗ് ഓർഡറില്‍ തുടർച്ചയായി മാറ്റുന്നത് ശരിയല്ല.
നമൻ ധീറിന് പകരം തിലക് വർമ്മയെ മൂന്നാം സ്ഥാനത്ത് ഇറക്കുന്നതാകും ടീമിന് ഗുണകരം. ഒൻപത് ഇന്നിംഗ്സുകളില്‍ നിന്ന് 24.12 എന്ന ദയനീയ ശരാശരിയാണ് തിലകിന് ഈ സീസണിലുള്ളത്. മുംബൈ ഇന്ത്യൻസിന്റെ ഇതിഹാസ താരങ്ങളെല്ലാം തന്നെ നിലവില്‍ വലിയ സമ്മർദ്ദത്തിന് കീഴിലാണ് കളിക്കുന്നതെന്നും സ്വതന്ത്രമായ മനസ്സോടെ ബാറ്റ് ചെയ്യാൻ അവർക്ക് കഴിയുന്നില്ലെന്നും സദഗോപൻ രമേശ് കൂട്ടിച്ചേർത്തു. ലഖ്നൗവിനെതിരെയുള്ള മത്സരത്തില്‍ സൂര്യ തന്റെ ശൈലി മാറ്റി ഫോമിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

