Dailyhunt
'ഞാൻ ആര്‍ക്കും അടിമയല്ല, എന്റേതായ ശരികളുണ്ട്'; കോടിയേരിയുടെ വീട്ടിലേക്ക് ടി.കെ ഗോവിന്ദൻ,മറുപടിയുമായി വിനോദിനി

'ഞാൻ ആര്‍ക്കും അടിമയല്ല, എന്റേതായ ശരികളുണ്ട്'; കോടിയേരിയുടെ വീട്ടിലേക്ക് ടി.കെ ഗോവിന്ദൻ,മറുപടിയുമായി വിനോദിനി

Brave India News 6 days ago

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തളിപ്പറമ്പിലെ നിയുക്ത എംഎല്‍എ ടി.കെ ഗോവിന്ദൻ പരേതനായ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട് സന്ദർശിച്ചതും അതിനെത്തുടർന്നുണ്ടായ പ്രതികരണങ്ങളും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചർച്ചയാകുന്നു.

ഭാര്യ കെ.പി രമണിക്കൊപ്പമാണ് ഗോവിന്ദൻ കോടിയേരിയുടെ വീട്ടിലെത്തിയത്. കോടിയേരിയുടെ സ്മരണാർത്ഥം സ്ഥാപിച്ച പ്രതിമയില്‍ പുഷ്പാർച്ചന നടത്തിയ അദ്ദേഹം കുടുംബാംഗങ്ങളുമായി ഏറെനേരം സംസാരിച്ച ശേഷമാണ് മടങ്ങിയത്. എന്നാല്‍ ഈ സന്ദർശനത്തെച്ചൊല്ലി പാർട്ടി കേന്ദ്രങ്ങളില്‍ ഉയരുന്ന ചർച്ചകള്‍ക്ക് കടുത്ത ഭാഷയിലാണ് കോടിയേരിയുടെ പത്നി വിനോദിനി ബാലകൃഷ്ണൻ മറുപടി നല്‍കിയത്.

തന്റെ വീട്ടില്‍ വരുന്നവരെ 'വർഗവഞ്ചകർ' എന്ന് വിളിക്കാൻ താൻ തയ്യാറല്ലെന്ന് വിനോദിനി മാധ്യമങ്ങളോട് തുറന്നടിച്ചു. 'ഞാൻ ആർക്കും അടിമയല്ല, എനിക്ക് എന്റേതായ ശരികളുണ്ട്. കോടിയേരിയോട് സ്നേഹമുള്ളവരാണ് ഈ വീട്ടിലേക്ക് വരുന്നത്. അങ്ങനെ വരുന്ന ആരെയും സ്വീകരിക്കും,' വിനോദിനി വ്യക്തമാക്കി. മറ്റുള്ളവർ എന്ത് പറയുന്നു എന്ന് നോക്കിയല്ല തന്റെ നിലപാടുകളെന്നും വീട്ടില്‍ ആർക്കും വരാമെന്നും അവർ കൂട്ടിച്ചേർത്തു.

കോടിയേരിയുടെ മരണശേഷം പാർട്ടിയിലെ പുതിയ സമവാക്യങ്ങള്‍ക്കിടയില്‍ വിനോദിനിയും കുടുംബവും ഉയർത്തുന്ന സ്വതന്ത്ര നിലപാടുകള്‍ പലപ്പോഴും ചർച്ചയായിരുന്നു. ഇതിനിടെ നിയുക്ത എംഎല്‍എ നേരിട്ടെത്തി പുഷ്പാർച്ചന നടത്തിയതും വിനോദിനി നല്‍കിയ പക്വമായ സ്വീകരണവും പാർട്ടിയിലെ വിരുദ്ധ ചേരികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഭയമില്ലാതെ നിലപാടുകള്‍ തുറന്നു പറയുന്ന വിനോദിനിയുടെ ശൈലി കോടിയേരിയുടെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ തുടർച്ചയാണെന്നാണ് അനുകൂലിക്കുന്നവർ പറയുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Brave India News