തിരുവനന്തപുരം: ഓണക്കാലത്ത് പതിവു തെറ്റിക്കാതെ ഇത്തവണയും റെക്കോർഡ്മദ്യവില്‍പനയുമായി മലയാളി. സംസ്ഥാനത്ത് ഓണാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ എട്ടുദിവസം കൊണ്ട് 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ (BEVCO) വഴി വിറ്റഴിച്ചത്.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വില്‍പനയില്‍ വൻ കുതിച്ചുചാട്ടമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞവർഷം ഇതേ കാലയളവില്‍ 694.96 കോടിയുടെ മദ്യമായിരുന്നു വിറ്റിരുന്നത്. ഇത്തവണവില്‍പനയില്‍ 76.33 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഓണാഘോഷത്തിന്റെ പ്രധാന ദിനമായ ഉത്രാട നാളിലാണ് ബെവ്‌കോ ഷോപ്പുകളില്‍എക്കാലത്തെയും വലിയ തിരക്ക് അനുഭവപ്പെട്ടതും വില്‍പന റെക്കോർഡിലെത്തിയതും. ഉത്രാടദിനത്തില്‍ മാത്രം 126 കോടി രൂപയുടെ മദ്യം മലയാളി കുടിച്ചുവറ്റിച്ചു. മലയാളികളുടെ പ്രിയപ്പെട്ടഓണവിപണിയായി മദ്യശാലകള്‍ മാറിയെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. ഡിജിറ്റല്‍പേയ്‌മെന്റ് സൗകര്യങ്ങളും കൂടുതല്‍ പ്രീമിയം കൗണ്ടറുകളും തുറന്നത് ക്യൂ ഒഴിവാക്കാനും വില്‍പനവർധിപ്പിക്കാനും സഹായകരമായെന്ന് ബെവ്‌കോ അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ വില്‍പന നടന്ന ഔട്ട്‌ലെറ്റുകളില്‍ ഇത്തവണയും വടക്കൻ-മധ്യകേരളത്തിലെ ഷോപ്പുകളാണ് മുൻപന്തിയിലെത്തിയത്. പ്രീമിയം ബ്രാൻഡുകള്‍ക്കും വിദേശമദ്യങ്ങള്‍ക്കുമാണ് ഇത്തവണ ആവശ്യക്കാർ ഏറെയുണ്ടായിരുന്നത്. കണ്‍സ്യൂമർഫെഡിന്റെമദ്യവില്‍പനശാലകളിലെ കണക്കുകള്‍ കൂടി പുറത്തുവരുന്നതോടെ സംസ്ഥാനത്തെ ആകെമദ്യവില്‍പന തുക ഇനിയും ഉയരും. വില്‍പന തുകയില്‍ വലിയൊരു ശതമാനം തുകയും നികുതിഇനത്തില്‍ സംസ്ഥാന സർക്കാരിന്റെ ഖജനാവിലേക്കാണ് എത്തുന്നത്.

