റിപ്പോർട്ടർ ടി.വി. ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട് മീനങ്ങാടി വാഴവറ്റയിലെ കുടുംബവീട്ടില്‍നിന്ന് വൻ മദ്യശേഖരം കണ്ടെത്തിയ സംഭവത്തില്‍ എക്‌സൈസ് കേസെടുത്തിയിരിക്കുകയാണ്.
വീടിന്റെ ഉടമസ്ഥനായ ആന്റോ അഗസ്റ്റിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എക്സൈസ് നടപടി സ്വീകരിച്ചിരിക്കുന്നത്. പരിശോധനയില്‍ വിദേശ നിർമിത വിദേശമദ്യം, വൈൻ, നിർമ്മിത വൈൻ ഉള്‍പ്പെടെ 66 ലിറ്ററിലധികം വൻ മദ്യശേഖരമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.
അർജന്റീന ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ റെയ്ഡിനിടെയാണ് മദ്യശേഖരം കണ്ടെത്തിയത്. വീട്ടില്‍ മദ്യം കണ്ടെത്തിയ വിവരമറിഞ്ഞ് കല്‍പ്പറ്റ എക്‌സൈസ് സർക്കിള്‍ ഇൻസ്‌പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മഹസർ തയ്യാറാക്കി മദ്യശേഖരം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദേശ നിർമിത മദ്യം, ആർമി ലിക്കർ, വീട്ടിലുണ്ടാക്കിയതെന്ന് സംശയിക്കുന്ന വൈൻ എന്നിവയടക്കമാണ് പിടിച്ചെടുത്തത്.
കേരളത്തിലെ അബ്കാരി നിയമപ്രകാരം ബാർ ലൈസൻസോ പ്രത്യേക അനുമതിയോ ഇല്ലാതെ വീടുകളില്‍ 'ഹോം ബാറുകള്‍' സജ്ജീകരിക്കുന്നതിനോ അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിക്കുന്നതിനോ നിയമപരമായി അനുമതിയില്ല. വ്യക്തിഗത ആവശ്യത്തിന് സൂക്ഷിക്കാവുന്ന മദ്യത്തിന്റെ പരിധി എക്‌സൈസ് വകുപ്പ് കൃത്യമായി നിർണയിച്ചിട്ടുണ്ട്:
* **ഇന്ത്യൻ നിർമിത വിദേശ മദ്യം (IMFL):** 3 ലിറ്റർ
* **വിദേശ നിർമിത വിദേശ മദ്യം (FMFL):** 2.5 ലിറ്റർ
* **ബിയർ:** 3.5 ലിറ്റർ
* **വൈൻ:** 3.5 ലിറ്റർ
* **കള്ള്:** 2.5 ലിറ്റർ
വ്യക്തിഗതമായി ഒന്നിലധികം ഇനം മദ്യങ്ങള്‍ കൈവശം സൂക്ഷിക്കുന്നുണ്ടെങ്കില്‍ പോലും ഓരോ ഇനത്തിന്റെയും പരമാവധി പരിധി ലംഘിക്കാൻ പാടില്ല. മൊത്തത്തില്‍ വിവിധ ഇനങ്ങളിലായി പരമാവധി 15 ലിറ്റർ വരെയാണ് നിയമപരമായ പരിധി. അനുവദനീയമായ പരിധിയില്‍ കൂടുതല്‍ മദ്യം ലൈസൻസില്ലാതെ സൂക്ഷിക്കുന്നത് ജാമ്യമില്ലാ കുറ്റമാണ്. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടത്തെക്കുറിച്ചും വിദേശ നിർമ്മിത മദ്യത്തിന്റെ രേഖകളെക്കുറിച്ചും എക്‌സൈസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

