സംസ്ഥാന എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ റിസർച്ച് ഓഫീസർ തസ്തികയിലേക്ക് പിഎസ്‍സി നടത്തിയ പരീക്ഷയില്‍ ഗുരുതര ക്രമക്കേടെന്ന് ആരോപണം.
ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യത നിശ്ചയിച്ചിരുന്ന ഗസറ്റഡ് പരീക്ഷയില്‍ ചോദ്യങ്ങള്‍ക്ക് പ്ലസ് ടു നിലവാരം പോലുമുണ്ടായിരുന്നില്ലെന്നും, ആകെ ചോദിച്ച 100 ചോദ്യങ്ങളില്‍ 54 എണ്ണത്തിന്റെയും ഉത്തരം ഓപ്ഷൻ 'ബി' ആയി ക്രമീകരിച്ച് ഉത്തരസൂചിക തയ്യാറാക്കിയെന്നുമാണ് പ്രധാന പരാതി. പരീക്ഷയില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ഉദ്യോഗാർത്ഥികള്‍ പുനപ്പരീക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചു.
എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ റിസർച്ച് ഓഫീസർ പരീക്ഷയുടെ വിജ്ഞാപനം വന്ന നാള്‍ മുതല്‍ പിഎസ്‍സിയുടെ ഭാഗത്തുനിന്ന് അടിമുടി വീഴ്ചകളാണുണ്ടായതെന്ന് ഉദ്യോഗാർത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. 2025 ഒക്ടോബർ 30-നായിരുന്നു പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചത്. തുടർന്ന് 2026 മാർച്ച് 24-ന് സിലബസും പ്രസിദ്ധീകരിച്ചു. മുൻതവണകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കൊമേഴ്സ് ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാമായിരുന്നെങ്കിലും, ആദ്യ സിലബസില്‍ കൊമേഴ്സ് ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
പരാതി നല്‍കിയിട്ടും ഫലമില്ലാതെ വന്നതോടെ കൊമേഴ്സ് പശ്ചാത്തലമുള്ള പലരും പരീക്ഷയ്ക്ക് കണ്‍ഫർമേഷൻ നല്‍കിയില്ല. എന്നാല്‍, കണ്‍ഫർമേഷൻ വിൻഡോ അടച്ചതിനുശേഷം പരീക്ഷയ്ക്ക് കഷ്ടിച്ച് രണ്ടുമാസം മാത്രം ശേഷിക്കെ കൊമേഴ്സ് ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി പിഎസ്‍സി അപ്രതീക്ഷിതമായി പുതുക്കിയ സിലബസ് പ്രസിദ്ധീകരിക്കുകയായിരുന്നു. സാധാരണയായി പുതിയ സിലബസ് വന്നാല്‍ പഠിക്കാൻ 90 ദിവസമെങ്കിലും സാവകാശം നല്‍കാറുള്ള പിഎസ്‍സി കീഴ്‌വഴക്കമാണ് ഇവിടെ ലംഘിക്കപ്പെട്ടത്.
കഴിഞ്ഞ ജൂണ്‍ 18-നായിരുന്നു വിവാദമായ ഈ പരീക്ഷ നടന്നത്. ഉയർന്ന യോഗ്യത വേണ്ട പരീക്ഷയിലെ ചോദ്യങ്ങള്‍ക്ക് നിലവാരമില്ലെന്ന് മാത്രമല്ല, ഒരു സ്വകാര്യ അക്കാദമിയുടെ റാങ്ക് ഫയലില്‍ നിന്നുള്ള ചോദ്യങ്ങള്‍ അതേപടി പകർത്തിയതായും ആക്ഷേപമുണ്ട്. വിഷയ വിദഗ്ദ്ധരല്ല ചോദ്യങ്ങള്‍ തയ്യാറാക്കിയതെന്നും, സിലബസ് നല്‍കിയാല്‍ ചാറ്റ് ജിപിടി പോലുള്ള എഐ ടൂളുകള്‍ നിർമ്മിച്ച് നല്‍കുന്നതിന് സമാനമായ ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് വന്നതെന്നും ഉദ്യോഗാർത്ഥികള്‍ ആരോപിക്കുന്നു.
കഴിഞ്ഞദിവസം പിഎസ്‍സി ഔദ്യോഗിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചതോടെയാണ് അട്ടിമറി സംശയം ശക്തമായത്. ആകെ 100.ചോദ്യങ്ങളുണ്ടായിരുന്ന പരീക്ഷയില്‍ പകുതിയിലധികം അതായത് 54 ചോദ്യങ്ങളുടെയും ശരിയുത്തരം ഓപ്ഷൻ 'ബി' ആയിരുന്നു. കൊമേഴ്സ് വിഭാഗത്തില്‍ നിന്നുള്ള 25 ചോദ്യങ്ങളില്‍ 17 എണ്ണത്തിനും ഉത്തരം ഓപ്ഷൻ 'ബി' ആണെങ്കില്‍ സ്റ്റാറ്റിസ്റ്റിക്സിലെ 25 ചോദ്യങ്ങളില്‍ 16 എണ്ണത്തിനും ശരിയുത്തരം ഓപ്ഷൻ 'ബി' തന്നെ.
നിലവിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ഇനിയും സമയം ബാക്കിനില്‍ക്കെ, ആർക്കോ വേണ്ടി തിരക്കിട്ട് പരീക്ഷ നടത്തി ആരെയോ തിരുകിക്കയറ്റാൻ ശ്രമിക്കുകയാണെന്നാണ് ഉദ്യോഗാർത്ഥികളുടെ ആക്ഷേപം. പരീക്ഷ റദ്ദാക്കി പുനപ്പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിട്ടുണ്ട്.

