ന്യൂഡല്‍ഹി : അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക തുക തട്ടിയെടുത്തെന്ന് ആരോപിച്ചുകൊണ്ട് പാർലമെന്റ് വളപ്പില്‍ പ്രതീകാത്മക നാടകം സംഘടിപ്പിച്ച സംഭവത്തില്‍ ബിഹാറില്‍ നിന്നുള്ള സ്വതന്ത്ര എംപി രാജേഷ് രഞ്ജൻ എന്ന പപ്പു യാദവിനെതിരെ പൊലീസില്‍ പരാതി നല്‍കി.
ഡല്‍ഹി ജഹാംഗീർപുരി പോലീസ് സ്റ്റേഷനില്‍ സൂര്യ മൈഥില്‍ എന്നയാളാണ് എംപിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. പാർലമെന്റ് വളപ്പില്‍ കാവി വസ്ത്രം ധരിച്ച് പൂജാരിയുടെ വേഷത്തിലെത്തുകയും രാമക്ഷേത്രത്തിലെ പണം പോക്കറ്റിലാക്കുന്നത് പ്രതീകാത്മകമായി ചിത്രീകരിക്കുകയും ചെയ്തതിലൂടെ ഹിന്ദുക്കളുടെയും സനാതന ധർമ്മത്തിന്റെയും മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നും കാവി വസ്ത്രത്തെയും ആത്മീയ ചിഹ്നങ്ങളെയും അധിക്ഷേപിച്ചുവെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സമാജ്‌വാദി പാർട്ടി എംപിമാരായ ഡിംപിള്‍ യാദവ്, അവധേഷ് പ്രസാദ് തുടങ്ങിയ പ്രമുഖ ഇന്ത്യാ മുന്നണി നേതാക്കളുടെ പിന്തുണയോടെയാണ് പപ്പു യാദവ് ഈ പ്രതിഷേധ നാടകം അരങ്ങേറ്റിയതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. പ്രകടനത്തിനിടെ ശ്രീരാമഭഗവാന്റെ ചിത്രം കാല്‍ക്കീഴില്‍ വെച്ച് അപമാനിച്ചെന്നും ഇത് രാജ്യത്തുടനീളമുള്ള വിശ്വാസികളില്‍ കടുത്ത അമർഷത്തിന് ഇടയാക്കിയിട്ടുണ്ടെന്നും സൂര്യ മൈഥില്‍ ആരോപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡല്‍ഹി പോലീസ് കമ്മീഷണർ തുടങ്ങിയവർ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് പപ്പു യാദവിനും കൂടെയുണ്ടായിരുന്ന നേതാക്കള്‍ക്കുമെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. പൊലീസിന് ലഭിച്ച പരാതിയിന്മേല്‍ കേസ് എടുക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടിവരികയാണെന്ന് ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

