കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ആദ്യ മന്ത്രിസഭാ വികസനം പൂർത്തിയാക്കി.
തിങ്കളാഴ്ച കൊല്‍ക്കത്തയിലെ ലോക് ഭവനില്‍ നടന്ന ചടങ്ങില്‍ 35 പുതിയ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ബംഗാള്‍ ഗവർണർ ആർ. എൻ. രവി പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
മേയ് 9-ന് പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരിയും മറ്റ് 5 മുതിർന്ന ബിജെപി നേതാക്കളും മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തിരുന്നത്. പുതിയ 35 പേർ കൂടി എത്തിയതോടെ ബംഗാള്‍ മന്ത്രിസഭയുടെ ആകെ അംഗസംഖ്യ 41 ആയി ഉയർന്നു. എല്ലാ വിഭാഗങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് ബിജെപി സർക്കാർ മന്ത്രിസഭ വികസിപ്പിച്ചത്. മുൻ സർക്കാരുകള്‍ അവഗണിച്ചുവെന്ന് ബിജെപി ആരോപിക്കുന്ന വടക്കൻ ബംഗാള്‍, തെക്കുപടിഞ്ഞാറൻ ബംഗാള്‍ എന്നീ മേഖലകള്‍ക്ക് ഇത്തവണ ശക്തമായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. കൂടാതെ പട്ടികജാതി , പട്ടികവർഗ്ഗം, വനിതകള്‍ എന്നിവർക്കും മന്ത്രിസഭയില്‍ പ്രത്യേക പരിഗണന ലഭിച്ചു.
മുഖ്യമന്ത്രി സുവേന്ദു അധികാരിയും സംസ്ഥാന ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യയും ന്യൂഡല്‍ഹിയിലെത്തി പാർട്ടി കേന്ദ്ര നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് മന്ത്രിമാരുടെ അന്തിമ പട്ടിക തയ്യാറാക്കിയത്. മുതിർന്ന മാധ്യമപ്രവർത്തകനും ബിജെപി നേതാവുമായ സ്വപൻ ദാസ്ഗുപ്ത ഉള്‍പ്പെടെയുള്ളവർ മന്ത്രിസഭയില്‍ ഇടം പിടിച്ചിട്ടുണ്ട്.

