തമിഴ്നാട് മുഖ്യമന്ത്രി വിജയ് നടത്തിയ ദില്ലി സന്ദർശനവും, കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി അദ്ദേഹം മടങ്ങിയതും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചർച്ചയാകുന്നു.
പ്രധാനമന്ത്രിയുമായും ധനമന്ത്രി നിർമ്മല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി വമ്പൻ പദ്ധതികള്‍ക്ക് കേന്ദ്രസഹായം ഉറപ്പാക്കിയ ശേഷമാണ് തമിഴ്നാട് മുഖ്യമന്ത്രി വിജയ് ദില്ലിയില്‍ നിന്ന് മടങ്ങിയത്.
സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും വിജയ് അത് ഒഴിവാക്കി വിമാനത്താവളത്തിലേക്ക് നേരിട്ടു പോവുകയായിരുന്നു. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവരുമായി വിജയ് വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു റിപ്പോർട്ടുകള്‍. ഇതിനായി സോണിയയുടെ വസതിക്ക് മുന്നില്‍ പ്രവർത്തകർ ഫ്ലക്സുകള്‍ വരെ സ്ഥാപിച്ചിരുന്നു.
രാഹുലുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നില്ലെന്ന് തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടു. സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്ക് തടസ്സമുണ്ടാക്കുന്ന രീതിയില്‍ കേന്ദ്രവുമായി ഏറ്റുമുട്ടാൻ വിജയ് ആഗ്രഹിക്കുന്നില്ലെന്നും, സ്റ്റാലിനില്‍ നിന്ന് വ്യത്യസ്തമായി കേന്ദ്രവുമായി നേരിട്ട് സഹകരിക്കാനാണ് വിജയ് താല്‍പ്പര്യപ്പെടുന്നതെന്നും ടിവികെ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
അടുത്തയാഴ്ച വിജയ് വീണ്ടും ദില്ലിയിലെത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളെ കാണുമെന്നും, നിലവില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും കോണ്‍ഗ്രസ് എംപി ക്രിസ്റ്റഫർ തിലക് പ്രതികരിച്ചു.

