എറണാകുളം : മുഖ്യമന്ത്രി പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡില്‍ പ്രതിഷേധിച്ച് മാർച്ച് നടത്തിയ സംഭവത്തില്‍ പി രാജീവിനും എം സ്വരാജിനും എതിരെ കേസെടുത്ത് പോലീസ്.
കൊച്ചിയില്‍ സിപിഎം നടത്തിയ മാർച്ചില്‍ സംഘർഷാവസ്ഥ ഉണ്ടായതിന് പിന്നാലെയാണ് പ്രധാന നേതാക്കള്‍ക്കെതിരെ ഉള്‍പ്പെടെ കേസ് എടുത്തിരിക്കുന്നത്. പ്രതിഷേധ മാർച്ചില്‍ പങ്കെടുത്ത മുതിർന്ന സിപിഎം നേതാക്കളായ പി. രാജീവ്, എം. സ്വരാജ് എന്നിവരടക്കമുള്ളവർക്കെതിരെ കൊച്ചി സിറ്റി പൊലീസ് ആണ് കേസെടുത്തത്.
അനുമതിയില്ലാതെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചതിനും എറണാകുളം നഗരത്തില്‍ രൂക്ഷമായ ഗതാഗത തടസ്സം സൃഷ്ടിച്ചതിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനുമാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. നഗരത്തിലെ പ്രധാന റോഡുകള്‍ ഉപരോധിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പ്രതിഷേധം നിയന്ത്രണാതീതമാവുകയും നഗരത്തിലെ വാഹനഗതാഗതം പൂർണ്ണമായി തടസ്സപ്പെടുകയും ചെയ്തതോടെയാണ് പൊലീസ് നിയമനടപടികളിലേക്ക് കടന്നത്. ഓഫീസ് സമയങ്ങളില്‍ ഉള്‍പ്പെടെ ജനങ്ങളെ ബുദ്ധിമുട്ടിച്ച് റോഡ് കൈയേറി മാർച്ച് നടത്തിയത് വലിയ ജനവിരുദ്ധ വികാരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ആണ് കാരണമായിരുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. രാജീവ്, പ്രമുഖ നേതാവ് എം. സ്വരാജ്, ജില്ലാ സെക്രട്ടറി എസ്. സതീഷ് എന്നിവരെയും മാർച്ചില്‍ പങ്കെടുത്ത മറ്റ് കണ്ടാലറിയാവുന്ന നിരവധി പ്രവർത്തകരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗര മധ്യത്തില്‍ ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ടുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധങ്ങള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന മുൻ കോടതി ഉത്തരവുകള്‍ കൂടി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കൊച്ചി സിറ്റി പൊലീസ് നേതാക്കള്‍ക്കെതിരെ നേരിട്ട് കേസെടുക്കാൻ തയ്യാറായത്.

