പൊതുസ്ഥലങ്ങളില്‍ വിഷപ്രയോഗത്തിലൂടെ കൂട്ടക്കുരുതി നടത്താൻ പദ്ധതിയിട്ട ഐഎസ് ഐഎസ് (ISIS) ബയോ-ഭീകരവാദ ഗൂഢാലോചനക്കേസില്‍ എൻഐഎ കുറ്റപത്രം സമർപ്പിച്ചു.
ഹൈദരാബാദ് സ്വദേശിയായ ഡോക്ടർ മൊയ്‌നുദ്ദീൻ ഉള്‍പ്പെടെ മൂന്ന് പേർക്കെതിരെയാണ് എൻഐഎ കുറ്റപത്രം നല്‍കിയത്. ആഗോളതലത്തിലുള്ള ഐഎസ് ഐഎസ് ഹാൻഡ്‌ലർമാരുടെ നിർദ്ദേശപ്രകാരം ഇന്ത്യയില്‍ വലിയ തോതിലുള്ള ബയോ-ഭീകരവാദം നടപ്പിലാക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് അന്വേഷണ ഏജൻസി കണ്ടെത്തി. ഗുജറാത്ത് എടിഎസ് (ATS) അവസാന നിമിഷം നടത്തിയ ഇടപെടലിലൂടെയാണ് രാജ്യം കണ്ടേക്കാവുന്ന ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്ന് ഒഴിവായത്. ഉത്തർപ്രദേശ് സ്വദേശികളായ ആസാദ്, മുഹമ്മദ് സുഹൈല്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
വണക്കെണ്ണ കുരുവില്‍ (Castor seeds) നിന്ന് സ്വാഭാവികമായി വേർതിരിച്ചെടുക്കുന്ന 'റൈസിൻ' (Ricin) എന്ന മാരക വിഷാംശം ഉപയോഗിച്ച് പൊതുസ്ഥലങ്ങളിലും ജനങ്ങള്‍ കൂടുന്ന ഇടങ്ങളിലും വിഷപ്രയോഗം നടത്താനായിരുന്നു ഭീകരരുടെ നീക്കം. ചൈനയില്‍ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ഡോ. മൊയ്‌നുദ്ദീൻ തന്റെ ഹൈദരാബാദിലെ വീട് തന്നെ വിഷം നിർമ്മിക്കാനുള്ള ലബോറട്ടറിയാക്കി മാറ്റുകയായിരുന്നു. ആക്രമണം വിജയിപ്പിച്ചാല്‍ മൊയ്‌നുദ്ദീനെ ദക്ഷിണേഷ്യയിലെ ഐഎസ് ഐഎസ് 'അമീർ' ആക്കാമെന്നായിരുന്നു വിദേശ ഹാൻഡ്‌ലർമാരുടെ വാഗ്ദാനം. 2025 നവംബറില്‍ ഒരു ടോള്‍ പ്ലാസയില്‍ വെച്ച് മാരകായുധങ്ങളും നാല് ലിറ്റർ വണക്കെണ്ണയും മറ്റ് ഡിജിറ്റല്‍ തെളിവുകളുമായി മൊയ്‌നുദ്ദീനെ പിടികൂടിയതോടെയാണ് ഗൂഢാലോചന പുറത്തുവന്നത്.
കേസിലെ മറ്റ് പ്രതികളായ ആസാദും സുഹൈലും വിദേശ ഹാൻഡ്‌ലർമാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നും ആയുധങ്ങളും പണവും കൈമാറുന്നതില്‍ നിർണ്ണായക പങ്കുവഹിച്ചതായും എൻഐഎ കണ്ടെത്തി. ഭീകരപ്രവർത്തനത്തിനായി യുവാക്കളെ റിക്രൂട്ട് ചെയ്യുക, ഐഎസ് ഐഎസ് പതാകകള്‍ നിർമ്മിക്കുക, രഹസ്യമായി ആയുധങ്ങള്‍ എത്തിക്കുക തുടങ്ങിയ ചുമതലകളാണ് ഇവർ നിർവ്വഹിച്ചിരുന്നത്. 2026 ജനുവരിയില്‍ എൻഐഎ ഏറ്റെടുത്ത കേസില്‍ മാരകമായ ജൈവായുധ പ്രയോഗത്തിനുള്ള തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കെമിക്കല്‍ വെപ്പണ്‍സ് കണ്‍വെൻഷൻ നിരോധിച്ച പട്ടികയിലുള്ള മാരക വിഷമാണ് റൈസിൻ. ഭീകരവാദികള്‍ക്ക് ആയുധം എത്തിച്ചതിനും പണം കൈമാറിയതിനും കൃത്യമായ തെളിവുകള്‍ ഉണ്ടെന്ന് എൻഐഎ പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ ഭീകരവിരുദ്ധ നിയമപ്രകാരമുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

