ഷഹദ് നിലമ്പൂരിന്റെ ഏറ്റവും പുതിയ ക്രൈം ത്രില്ലറായ (അതോ ഡ്രാമയോ) 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' വലിയ പ്രേക്ഷകാഭിപ്രായത്തോടെ തീയറ്ററുകളില്‍ മുന്നേറുകയാണ്.
പാർവതി തിരുവോത്ത് സി.പി.ഒ. അലീന എബ്രഹാമായി പ്രധാന വേഷമിടുന്ന ഈ ചിത്രം, കേരള പോലീസിലെ നാല് ലോ-റാങ്ക് ഓഫീസർമാർ അപ്രതീക്ഷിതമായി നേരിടേണ്ടിവരുന്ന ഒരു പ്രതിസന്ധിയെക്കുറിച്ചുള്ള, തെറ്റില്ലാത്ത കാഴ്ചാനുഭവം നല്‍കുന്ന, സാങ്കേതിക തികവോടെയുള്ളതും പലപ്പോഴും പിരിമുറുക്കം സൃഷ്ടിക്കുന്നതുമായ ഒരു 'പ്രൊസീജറല്‍ ഡ്രാമ'യാണ്. പലരും അഭിപ്രായപ്പെട്ടതുപോലെ, ദൃശ്യവും ഘടനാപരവും പ്രമേയപരവുമായി ഒഴിവാക്കാനാവാത്ത താരതമ്യങ്ങള്‍ ഉള്ള സിനിമയാണിത്.
അടുത്തകാലത്തായി ഒരു അഭിനേതാവ് എന്ന നിലയ്ക്ക് ഉയർന്ന ഫോമില്‍ തുടരുന്ന വിജയരാഘവന്റെയും, കുറെക്കാലമായി മലയാള സ്‌ക്രീനില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന പാർവതിയുടേതുമടക്കമുള്ള മികച്ച പ്രകടനങ്ങള്‍ കൊണ്ട് പ്രേക്ഷകർക്കിടയില്‍ ഇതിനകം തന്നെ സാമാന്യമായ ശ്രദ്ധേയത നേടിയിട്ടുണ്ട്. എങ്കിലും സൂക്ഷ്മമായി പരിശോധിച്ചാല്‍ അടയ്ക്കാൻ കഴിയാത്ത ലോജിക്കല്‍ പിഴവുകള്‍, പാത്രസൃഷ്ടിയില്‍ ഉടനീളം സ്വീകരിച്ചിട്ടുള്ള കുറുക്കുവഴികള്‍, സൗകര്യപ്രദമായി വളച്ചൊടിക്കുന്ന ട്രോപ്പുകള്‍ എന്നിവ ഇതിനെ, സിനിമയെ വെറും വിനോദത്തില്‍ നിന്ന് ഉപരിയായി പരിഗണിക്കുന്നവർക്ക് മികച്ച സൃഷ്ടിയായി കരുതാനാവാത്ത തരത്തില്‍ മുഴച്ചുനില്‍ക്കുന്നവയാക്കുകയാണ്.
പ്രധാനമായി പറയുകയാണെങ്കില്‍, നരേറ്റീവ് വലിയൊരളവ് വരെ 14 ദിവസത്തെ സി.സി.ടി.വി. വിഷ്വലുകളുടെ സമയപരിധി എന്ന ഒറ്റ പോയിന്റിലാണ് കടിച്ചു തൂങ്ങി നില്‍ക്കുന്നത്. തിരക്കഥയുടെ ആവശ്യങ്ങള്‍ക്കപ്പുറം ആരും അതിനെ ചോദ്യം ചെയ്യുകയോ തന്ത്രപരമായി മറികടക്കാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല. ഇതു മാത്രമാണ് രക്ഷപ്പെടാനുള്ള ഏക മാർഗ്ഗമെന്ന നിലയിലാണ് അവതരിപ്പിക്കപ്പെടുന്നത്. ഇതിലെ ഏറ്റവും വലിയ പോരായ്മ, 'ആത്മരക്ഷാർത്ഥം' ചെയ്ത നടപടിയാണെന്ന വാദത്തെ ആരും പരിഗണിക്കുന്നില്ല എന്നതാണ്.
നടപടിക്രമങ്ങള്‍ കൃത്യമായി അറിയാവുന്ന പോലീസ് ഉദ്യോഗസ്ഥരാണിവർ. കീഴ്പ്പെടാൻ വിസമ്മതിക്കുന്ന പ്രതിയുമായുള്ള സംഘർഷത്തിനിടെ വെടിവെപ്പ് നടക്കേണ്ടിവരുന്ന സാഹചര്യം, 'ഞങ്ങള്‍ക്ക് മറ്റ് മാർഗ്ഗമുണ്ടായിരുന്നില്ല' എന്ന ഔദ്യോഗിക ന്യായീകരണം ഉന്നയിക്കാൻ ഏറ്റവും അനുയോജ്യമായ ഒന്നാണ്. എന്നാല്‍ അത്തരം സാധ്യതകളോ, ആ നിമിഷങ്ങളിലുണ്ടാകുന്ന സ്വാഭാവിക പരിഭ്രാന്തിയോ പരിശോധിക്കുന്നതിന് പകരം, സംഭവം മൂടിവെക്കാനുള്ള ശ്രമം ഉടൻ തന്നെ ആരംഭിക്കാനാണ് തിരക്കഥാകൃത്തുക്കള്‍ ആഗ്രഹിച്ചതെന്ന് തോന്നിപ്പിക്കും വിധമാണ് മുന്നോട്ട് നീക്കുന്നത്. അത്തരമൊരു സെല്‍ഫ് ഡിഫൻസ് ക്ലെയിമിന് പിന്തുണ നല്‍കുന്ന മനോഹരമായ ഒരു തെളിവ് കാറിന്റെ ബൂട്ടില്‍ കിടക്കുന്നുണ്ടായിരുന്നിട്ടും സൗകര്യപൂർവം അവഗണിക്കുകയാണ്.
അതേസമയം, ഹാരിസ് മീരാൻ എന്ന വലിയ ആടയാഭരണങ്ങളോടെ തെളിച്ചൊരുക്കി കൊണ്ടുവരുന്ന പോലീസ് ഓഫീസറുടെ അന്വേഷണം പോലും സ്വാഭാവികമായി ഉണ്ടാകേണ്ട ആഴവും വ്യാപ്തിയും തേടിപ്പോകുന്നില്ല. കൃതഹസ്തനായ ഒരു ഉദ്യോഗസ്ഥന് എളുപ്പം മുറുക്കാൻ കഴിയുന്ന കുരുക്കുകള്‍ ഇവിടെ സൗകര്യപൂർവം അവഗണിക്കപ്പെടുകയാണ്. കൃത്യം നടക്കുമ്പോള്‍ നാലുപേരുടെ മാത്രം സാന്നിധ്യത്തില്‍ ഒതുക്കി, നാട്ടകം പോലീസ് സ്റ്റേഷൻ ഏതാണ്ട് ഒരു ഒറ്റപ്പെട്ട തുരുത്തായി നാം കാണണമെന്ന നിർബന്ധം ഷഹദിനും തിരക്കഥാകൃത്തുക്കള്‍ക്കും ഉണ്ടെന്ന് തോന്നി.
അലീനയുടെ പരിഹാരതന്ത്രങ്ങളാവട്ടെ, മിക്കവാറും എല്ലാം തന്നെ ഹാരിസ് മീരാന്റെ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകളെയാണ് ആശ്രയിക്കുന്നത്. തനിക്ക് ആവശ്യമായ കൃത്യമായ തന്ത്രപരമായ ഉത്തരങ്ങള്‍ അവള്‍ ആ പുസ്തകത്തില്‍ നിന്ന് ആവർത്തിച്ച് കണ്ടെത്തുന്നു. ഇതൊരു ഇടയ്ക്കിടെയുള്ള പ്രചോദനമായിട്ടല്ല; അവളുടെ എല്ലാ നീക്കങ്ങളുടെയും പ്രധാന ഉറവിടം അതാണെന്ന് വ്യക്തമാക്കുന്നുണ്ട്. അതൊരു തികഞ്ഞ 'കണ്‍വീനിയൻസ്' ആണ്. തെളിഞ്ഞുകിടക്കുന്ന പ്ലോട്ട് ഹോളുകള്‍ ആസ്വാദനത്തിലെ സ്വാഭാവിക ഒഴുക്കിന്റെ പേരില്‍ അവഗണിച്ചാലും, പാത്രസൃഷ്ടിയിലെ വമ്പൻ പാളിച്ചകള്‍ കല്ലുകടിയാകുന്നുണ്ട്.
എത്ര കാര്യപ്രാപ്തി അവകാശപ്പെടുന്നുണ്ടെങ്കിലും, രണ്ടാം പകുതിയില്‍ ഒരു പുസ്തകത്തെ മാത്രം ആശ്രയിച്ചുകൊണ്ട് അതിശയിപ്പിക്കുന്ന തരത്തിലുള്ള 'സൂപ്പർ-കോപ്പ്' ആയി മാറുന്ന അലീന, സാമാന്യബുദ്ധിക്ക് നിരക്കുന്ന ഒരു കഥാപാത്രമല്ല. മറ്റ് മൂന്ന് ഉദ്യോഗസ്ഥർക്കും അവരുടേതായ വ്യക്തിപരമായ പ്രശ്നങ്ങളുണ്ട്. ദിവ്യയുടെ വന്ധ്യതയുമായി ബന്ധപ്പെട്ട വിഷമതകള്‍, ശ്രീനാഥിന്റെ പ്രണയത്തിലെ പ്രതിസന്ധികള്‍, ദാസന്റെ വൈകിയെത്തിയ പ്രണയം… ഇവ പ്രേക്ഷകരില്‍ സഹതാപം ഉണർത്താൻ സഹായിക്കുന്നുണ്ടെങ്കിലും, സമ്മർദ്ദഘട്ടങ്ങളില്‍ അവരുടെ മാനസികനിലയുടെ ആഴം വ്യക്തമാക്കുന്നതിനേക്കാള്‍ ഉപരിയായി ആ കഥാപാത്രങ്ങള്‍ക്ക് വൈകാരികമായ ഒരു മാനം നല്‍കുന്നതില്‍ പരാജയപ്പെടുന്നു.
ഇത്തരമൊരു പ്രമേയം കൈകാര്യം ചെയ്യുമ്പോള്‍ അതിന്റെ നട്ടെല്ലാവേണ്ട സാധാരണക്കാരായ മനുഷ്യരില്‍ സ്വാഭാവികമായി ഉണ്ടാകേണ്ട കുറ്റബോധം ഇവിടെ വേണ്ടത്ര ആഴത്തില്‍ പരിഗണിച്ചിട്ടില്ല. പശ്ചാത്തലങ്ങളിലും മാനസിക നിലവാരത്തിലുമുള്ള വൈരുദ്ധ്യങ്ങള്‍ കൊണ്ട് അവർക്കിടയില്‍ ഉണ്ടാകേണ്ട വ്യത്യസ്തമായ ധാർമ്മിക നിലപാടുകള്‍ എന്നിവയൊന്നും കാര്യമായി പ്രതിഫലിക്കുന്നില്ല. ഉണ്ണിമായ പ്രസാദ് അവതരിപ്പിച്ച ദിവ്യയുടെ പ്രകടനം ചിലപ്പോഴൊക്കെ അരോചകവും അമിതമായ നാടകീയതയിലേക്കും വഴുതിവീഴുന്നതുമാണ്. അവരുടെ ആശങ്കകളിലൂടെ പ്രേക്ഷകർക്ക് ടെൻഷൻ സൃഷ്ടിക്കുന്നതിനേക്കാള്‍ അലീനയുടെ വീരപരിവേഷം ഊട്ടിയുറപ്പിക്കാനാണ് രണ്ടാം പകുതിയില്‍ ശ്രമം.
എന്നാല്‍ ഇതൊന്നുമല്ല എന്നെ ഏറ്റവും കൂടുതല്‍ അലോസരപ്പെടുത്തിയത്. ഉന്നത ബഹുമതികള്‍ നേടിയ ഒരു സൈനിക ഉദ്യോഗസ്ഥനെ ഒരു ശുദ്ധവിഡ്ഢിയായാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത് എന്നതാണ്. ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ അക്രമിയെ 'ന്യൂട്രലൈസ്' ചെയ്യാൻ നില്‍ക്കാതെ സ്വന്തം ജീവൻ അപകടത്തിലാക്കി അയാള്‍ തന്റെ പട്ടിയുടെ അടുത്തേക്കാണ് പോകുന്നത്. പിന്നെ പറയാനുള്ളത് ദൃശ്യവും ഘടനാപരവും പ്രമേയപരവുമായി ഒട്ടും അവഗണിക്കാൻ കഴിയാത്ത സാദൃശ്യങ്ങളാണ്. റെഫറൻസിനായി ആശ്രയിക്കുന്ന സിനിമയ്ക്ക് പകരം പുസ്തകം, ഷാജോന്റെ നിഴല്‍ പോലെ വരുന്ന അസീസ്, പോലീസ് സ്റ്റേഷനിലെ മൃതദേഹത്തിന്റെ മറവ്… അങ്ങനെ ഒന്നൊന്നായി കാണപ്പെടുന്ന സാമ്യതകള്‍ ഒക്കെ പരിധിവിട്ട ആശ്രിതത്വത്തിന്റെ ലക്ഷണങ്ങളാണ്.
സാങ്കേതികമായി പുലർത്തുന്ന ഉന്നത നിലവാരവും പ്രധാന കഥാപാത്രങ്ങളുടെ മികച്ച പ്രകടനങ്ങളും ഉപരിപ്ലവമായ രീതിയില്‍ സിനിമയെ സമീപിക്കുന്നവരെക്കൊണ്ട് കയ്യടിപ്പിക്കുമെങ്കിലും, അതിനുമപ്പുറം ചിന്തിക്കുന്നവർക്ക് ഒരുപാട് പാളിച്ചകളുള്ള വികല സൃഷ്ടി കൂടിയാണ് ഈ സിനിമ എന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാകും. അവസാനമായി ഒന്നുകൂടി പറയട്ടെ. കേരള സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഒരു വിപത്തിനെ തികഞ്ഞ അലംഭാവത്തോടെ, തികച്ചും സാധാരണമായി, കഥയുടെ സൗകര്യത്തിനുവേണ്ടി ആദ്യമായി ഉപയോഗിച്ചു എന്നതിന്റെ ക്രെഡിറ്റ് ഇതിന്റെ സ്രഷ്ടാക്കള്‍ക്ക് മാത്രം അവകാശപ്പെടുന്ന ഒന്നാണ്.

