ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കും ഇന്ധന പ്രതിസന്ധികള്‍ക്കുമിടയില്‍ രാജ്യത്തെ വിദേശനാണയ ശേഖരം സംരക്ഷിക്കുന്നതിനായി കർശന നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
സുപ്രധാനമായ ആറ് കാര്യങ്ങള്‍ മുൻനിർത്തിയാണ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നിർദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. വിനോദത്തിനായുള്ള വിദേശയാത്രകള്‍, വിദേശത്തുവെച്ചുള്ള ആഡംബര വിവാഹങ്ങള്‍ (ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്), അത്യാവശ്യമില്ലാത്ത സ്വർണം വാങ്ങല്‍ എന്നിവ പൂർണ്ണമായും ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി തൊഴിലുടമകള്‍ പരമാവധി 'വർക്ക് ഫ്രം ഹോം' പ്രോത്സാഹിപ്പിക്കണമെന്നും ഔദ്യോഗിക യോഗങ്ങള്‍ ഓണ്‍ലൈനിലാക്കണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. പെട്രോള്‍, ഡീസല്‍ ഉപയോഗം കുറച്ച് ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് മാറാനും, കാർ പൂളിംഗും പൊതുഗതാഗത സംവിധാനങ്ങളും പരമാവധി പ്രയോജനപ്പെടുത്താനും നിർദ്ദേശമുണ്ട്. ഈ അച്ചടക്കത്തിലൂടെ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷിക വേളയില്‍ യുവതലമുറയ്ക്ക് വികസിത ഭാരതം സമ്മാനിക്കാൻ സാധിക്കുമെന്ന്, ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കാൻ കിർഗിസ്ഥാനിലെത്തിയ പ്രധാനമന്ത്രി വിഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.
അതേസമയം, വൻ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ വർധനവുണ്ടായി. ഗ്രാമിന് 15 രൂപ വർധിച്ച് 14,385 രൂപയിലും, പവന് 120 രൂപ ഉയർന്ന് 1,15,080 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 4,432 ഡോളറിലാണ് വ്യാപാരം നടക്കുന്നതെങ്കിലും, യുഎസ് കേന്ദ്രബാങ്ക് അടിസ്ഥാന പലിശനിരക്കുകള്‍ ഉയർത്തുമെന്ന സൂചനകള്‍ വരുംദിവസങ്ങളില്‍ സ്വർണവില വീണ്ടും താഴേക്ക് എത്തിക്കുമെന്നാണ് ധനകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍.

