ഐപിഎല്‍ 2026-ല്‍ രാജസ്ഥാൻ റോയല്‍സിനായി റണ്‍വേട്ട നടത്തി റെക്കോർഡുകള്‍ തകർത്ത 15-കാരൻ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയുടെ അന്താരാഷ്ട്ര അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പ് നീളുന്നു.
അയർലൻഡിനെതിരായ രണ്ട് ടി20 മത്സരങ്ങളിലും പുറത്തിരുന്ന താരത്തിന്, ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20 പോരാട്ടത്തിനുള്ള ഇന്ത്യൻ പ്ലെയിങ് ഇലവനിലും ഇടം ലഭിച്ചില്ല. അതേസമയം, ഓപ്പണിങ്ങില്‍ മലയാളി താരം സഞ്ജു സാംസണ്‍ തുടർച്ചയായി പരാജയപ്പെടുന്നത് വൈഭവിന്റെ അരങ്ങേറ്റത്തിനുള്ള സാധ്യതകള്‍ വർദ്ധിപ്പിക്കുന്നുണ്ട്.
അയർലൻഡ് പരമ്പരയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിലും വൈഭവ് സൂര്യവംശിയെ പുറത്തിരുത്തിയത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. എന്നാല്‍ ഈ കാത്തിരിപ്പ് ഒരു പഠന പ്രക്രിയയായി കാണണമെന്നാണ് മുൻ ഇന്ത്യൻ നായകൻ സുനില്‍ ഗാവസ്കർ സോണി സ്പോർട്സ് നെറ്റ്‌വർക്കില്‍ വ്യക്തമാക്കിയത്.
ഗാവസ്കറുടെ വാക്കുകള്‍ ഇങ്ങനെ: 'കാത്തിരിപ്പ് നീളുന്നത് സ്വാഭാവികമായും അവൻ കളത്തിലിറങ്ങുമ്പോള്‍ സമ്മർദ്ദം കൂട്ടും. എന്നാല്‍ 15 വയസ്സുള്ള ഒരു കുട്ടി സമ്മർദ്ദത്തെക്കുറിച്ച് ഒരുപാടൊന്നും ചിന്തിക്കില്ല. രണ്ടാമത്തെയോ മൂന്നാമത്തെയോ മത്സരത്തില്‍ അവസരം കിട്ടിയാല്‍ ഉടൻ തന്നെ മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരുമെന്ന് അവനറിയാം. എങ്കിലും നിലവില്‍ ഇന്ത്യൻ ടീമിനൊപ്പം തുടരാൻ കഴിയുന്നതില്‍ അവൻ സന്തുഷ്ടനാണ്. ഒരുപാട് മികച്ച കളിക്കാരുള്ള ഈ ഡ്രെസ്സിങ് റൂമില്‍ നിന്നും മുതിർന്ന താരങ്ങളില്‍ നിന്നും പഠിക്കാൻ സാധിക്കുന്നത് അവന് വലിയ ഗുണം ചെയ്യും.'
ഓപ്പണിങ് നിരയില്‍ സഞ്ജു സാംസണ്‍ നേരിടുന്ന കടുത്ത ഫോമില്ലായ്മയാണ് വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റ ചർച്ചകള്‍ക്ക് വേഗത കൂട്ടുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് വെറും 5, 0, 1 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്കോറുകള്‍. ഓപ്പണിങ് കൂട്ടുകെട്ടില്‍ ഇന്ത്യ ഒരു സ്ഥിരത ആഗ്രഹിക്കുന്നതിനാല്‍ സഞ്ജുവിന്റെ ഈ പരാജയങ്ങള്‍ ടീമില്‍ മാറ്റത്തിനായുള്ള വാദങ്ങള്‍ക്ക് ശക്തി കൂട്ടുന്നു. ഇംഗ്ലണ്ടിനെതിരായ അടുത്ത മത്സരങ്ങളിലും സഞ്ജുവിന് തിളങ്ങാൻ സാധിച്ചില്ലെങ്കില്‍, വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ജേഴ്സിയില്‍ അരങ്ങേറ്റം കുറിക്കാൻ സെലക്ടർമാർ ഉടൻ തന്നെ അവസരം നല്‍കിയേക്കും.
രാജസ്ഥാൻ റോയല്‍സിനായി ഐപിഎല്‍ 2026-ല്‍ അവിശ്വസനീയ പ്രകടനമാണ് വൈഭവ് പുറത്തെടുത്തത്. ടൂർണമെന്റിലെ ഏറ്റവും ഉയർന്ന റണ്‍വേട്ടക്കാരനായി മാറിയ താരം 237.30 എന്ന അമ്പരപ്പിക്കുന്ന സ്ട്രൈക്ക് റേറ്റില്‍ 776 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഒരു സെഞ്ച്വറിയും 5 അർദ്ധസെഞ്ച്വറികളും നേടിയ വൈഭവ്, സീസണില്‍ റെക്കോർഡ് വേഗത്തില്‍ 72 സിക്സറുകളാണ് പറത്തിയത്.
ഈ തകർപ്പൻ പ്രകടനം താരത്തെ ഐപിഎല്ലിലെ 'മോസ്റ്റ് വാല്യൂബിള്‍ പ്ലെയർ' 'എമേർജിങ് പ്ലെയർ' പുരസ്കാരങ്ങള്‍ക്ക് അർഹനാക്കുകയും ഇന്ത്യൻ ടി20 ടീമിലേക്ക് നേരിട്ട് വഴിതുറക്കുകയുമായിരുന്നു. അതുകൊണ്ടുതന്നെ ഈ യുവ വിസ്മയത്തിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം ഇനി വെറും സമയത്തിന്റെ മാത്രം പ്രശ്നമാണ്.

