ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്വേഷണവും നിർണ്ണായക ഘട്ടത്തില്‍ നില്‍ക്കെ, മുൻ ദേവസ്വം മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയ വൃത്തങ്ങളില്‍ വൻ ചർച്ചയാകുന്നു.
കരിക്കകത്തെ വീട്ടില്‍ നിന്ന് സ്വന്തമായി സ്കൂട്ടർ ഓടിച്ചാണ് കടകംപള്ളി സുരേന്ദ്രൻ വഴുതക്കാട്ടെ രമേശ് ചെന്നിത്തലയുടെ വസതിയില്‍ എത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ആഭ്യന്തര മന്ത്രിയെ കണ്ട് ചില അടിയന്തര നിവേദനങ്ങള്‍ നല്‍കാനുണ്ടായിരുന്നതിനാലാണ് ഒപ്പം വന്നതെന്നാണ് കടകംപള്ളിയുടെ വിശദീകരണം. രാവിലെ ഏഴരയോടെ ആരംഭിച്ച കൂടിക്കാഴ്ച ഏതാണ്ട് പത്ത് മുതല്‍ പതിനഞ്ച് മിനിറ്റോളം നീണ്ടുനിന്നു.
ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണസംഘം ഒരുങ്ങുന്നതിനിടെയാണ് മുൻ മന്ത്രിയുടെ ഈ അപ്രതീക്ഷിത സന്ദർശനം എന്നത് രാഷ്ട്രീയ അണിയറകളില്‍ വലിയ ഊഹാപോഹങ്ങള്‍ക്ക് വഴിതുറന്നിട്ടുണ്ട്. എന്നാല്‍ ഇതൊരു തികച്ചും സൗഹൃദപരമായ സന്ദർശനം മാത്രമാണെന്നും മറ്റ് രാഷ്ട്രീയ അജണ്ടകള്‍ ഒന്നുമില്ലെന്നും കടകംപള്ളി മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാല്‍ രാഷ്ട്രീയ ചർച്ചകള്‍ക്കപ്പുറം സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് മറ്റൊന്നുമാണ്.
രമേശ് ചെന്നിത്തലയുടെ വീട്ടില്‍ നിന്നിറങ്ങി ഹെല്‍മറ്റ് ധരിക്കാതെ സ്കൂട്ടറോടിച്ച് പോകുന്ന കടകംപള്ളിയുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ ട്രോളന്മാർ സജീവമായിക്കഴിഞ്ഞു. എഐ ക്യാമറകള്‍ കണ്‍ട്രോള്‍ റൂം തകരാർ കാരണം കണ്ണടച്ചതുകൊണ്ടാണോ മുൻ മന്ത്രി ഹെല്‍മറ്റ് വെക്കാത്തതെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തി. നിയമലംഘനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അമ്പലമുക്ക് രഞ്ജിത്ത് ഉള്‍പ്പെടെയുള്ളവർ ട്രാൻസ്പോർട്ട് കമ്മീഷണർക്കും മുഖ്യമന്ത്രിമാർക്കും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ താൻ ഹെല്‍മറ്റ് വെച്ചുതന്നെയാണ് പോയതെന്നും മടങ്ങുമ്പോള്‍ സ്കൂട്ടറിന്റെ സീറ്റിനടിയില്‍ വെച്ച ഹെല്‍മറ്റ് എടുക്കാൻ മറന്നുപോയതാണെന്നുമാണ് കടകംപള്ളിയുടെ ന്യായീകരണം. നിയമലംഘനത്തിന് പിഴയടക്കാൻ താൻ പൂർണ്ണമായി തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

