കേരള മനസ്സാക്ഷിയെ വിറങ്ങലിപ്പിച്ച കേസുകള്‍ പരിശോധിക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ ഒരേ സമയം കൗതുകവും ഭയവും നിറയാറുണ്ട്.
ദശാബ്ദങ്ങള്‍ പിന്നിട്ടിട്ടും ഇന്നും ഉത്തരം കിട്ടാത്ത സുകുമാരക്കുറുപ്പ് കേസ്, സ്വന്തം കുടുംബത്തിലെ ആറുപേരെ ഒന്നൊന്നായി വധിച്ച കൂടത്തായിയിലെ ജോളി, പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര വധക്കേസിലെ സൂരജ്, തലമുറകളെ ഭയപ്പെടുത്തിയ റിപ്പർ കേസുകള്‍… ഇവയൊക്കെ കേള്‍ക്കുമ്പോള്‍ 'ഒരു മനുഷ്യന് എങ്ങനെ ഇത്രയും ക്രൂരമായി ചിന്തിക്കാനും പെരുമാറാനും സാധിക്കും?' എന്ന് ചിന്തിക്കാത്തവർ ഉണ്ടാകില്ല.
സ്വാർത്ഥത, നിയമലംഘനം, നിരുത്തരവാദപരമായ പെരുമാറ്റം തുടങ്ങിയവ ചില മനുഷ്യരില്‍ കാണപ്പെടാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള വികലമായ ചിന്തകളും വികാരങ്ങളും ഒരു വ്യക്തിയുടെ സ്വഭാവത്തില്‍ ആഴത്തില്‍ പതിഞ്ഞ്, മറ്റുള്ളവരുടെ ജീവനും വികാരങ്ങള്‍ക്കും അവകാശങ്ങള്‍ക്കും യാതൊരു വിലയും കല്‍പ്പിക്കാത്ത അവസ്ഥയിലെത്തുമ്പോഴാണ് മനഃശാസ്ത്രം അതിനെ ഒരു രോഗാവസ്ഥയായി കാണുന്നത്. ഇതിനെയാണ് 'ആന്റിസോഷ്യല്‍ പേഴ്സണാലിറ്റി ഡിസോർഡർ' (Antisocial Personality Disorder - ASPD) അഥവാ സാമൂഹിക വിരുദ്ധ വ്യക്തിത്വ വൈകല്യം എന്ന് വിളിക്കുന്നത്.
എന്താണ് ആന്റിസോഷ്യല്‍ പേഴ്സണാലിറ്റി ഡിസോർഡർ?
പഴയകാലത്ത് 'സൈക്കോപ്പതി' (Psychopathy), 'സോഷ്യോപതി' (Sociopathy) എന്നിങ്ങനെ വേർതിരിച്ചു വിളിച്ചിരുന്ന മാനസിക അവസ്ഥകളെയാണ് ഇന്ന് ആധുനിക മനഃശാസ്ത്രം ആന്റിസോഷ്യല്‍ പേഴ്സണാലിറ്റി ഡിസോർഡർ എന്ന ഒറ്റക്കുടക്കീഴില്‍ കാണുന്നത്. ആളുകളുമായി സംസാരിക്കാൻ മടിയുള്ളവരെയോ, കൂട്ടത്തില്‍ ഇടപെടാതെ ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിക്കുന്നവരെയോ (Introverts) നമ്മള്‍ പൊതുവേ 'ആന്റി സോഷ്യല്‍' എന്ന് വിളിക്കാറുണ്ട്. എന്നാല്‍ മനശാസ്ത്രപരമായി ഇത് തെറ്റായ ധാരണയാണ്. ആളുകളുമായി വളരെ നന്നായി ഇടപഴകാനും, സംസാരിച്ച് വീഴ്ത്താനും അസാധാരണ മിടുക്കുള്ളവരായിരിക്കും ഇത്തരം വ്യക്തിത്വവൈകല്യമുള്ള ഭൂരിഭാഗം ആളുകളും.
പ്രധാന സ്വഭാവ സവിശേഷതകള്‍
സ്വാർത്ഥലാഭത്തിനായുള്ള വഞ്ചന: സ്വന്തം ലാഭത്തിനോ സന്തോഷത്തിനോ വേണ്ടി മറ്റുള്ളവരെ ആവോളം ചൂഷണം ചെയ്യുക, അത്യാവശ്യം കഴിയുമ്പോള്‍ ഉപേക്ഷിക്കുക, അല്ലെങ്കില്‍ അപായപ്പെടുത്തുക.
കള്ളം പറയുന്നതിലെ മിടുക്ക്: വളരെ സ്വാഭാവികമായി, യാതൊരു വിറയലുമില്ലാതെ അതിവിദഗ്ദ്ധമായി കള്ളങ്ങള്‍ മെനയുക.
കുറ്റബോധമില്ലായ്മ: എത്ര വലിയ ക്രൂരതയോ കുറ്റകൃത്യമോ ചെയ്താല്‍ പോലും ഇത്തരക്കാർക്ക് അല്പം പോലും മാനസിക വിഷമമോ കുറ്റബോധമോ തോന്നാറില്ല.
നിയമലംഘനം: നിയമങ്ങളെയോ സാമൂഹിക വ്യവസ്ഥകളെയോ തരിമ്പും മാനിക്കാതിരിക്കുകയും നിരന്തരം അക്രമവാസന പ്രകടിപ്പിക്കുകയും ചെയ്യുക.
ആവേശപൂർവ്വമായ തീരുമാനങ്ങള്‍: കാര്യങ്ങളുടെ അനന്തരഫലത്തെക്കുറിച്ച് ചിന്തിക്കാതെ പെട്ടെന്നുള്ള ആവേശത്തില്‍ അപകടകരമായ കാര്യങ്ങളില്‍ ഏർപ്പെടുക.
ഇത്തരം വ്യക്തിത്വം രൂപപ്പെടുന്നത് എങ്ങനെ?
വ്യക്തിത്വ വൈകല്യങ്ങള്‍ പെട്ടെന്നൊരു ദിവസം ഉണ്ടാകുന്നതല്ല. ഒരു വ്യക്തിയുടെ ജീവശാസ്ത്രപരമായ പ്രത്യേകതകളും (Genetic factors), ബാല്യകാലത്ത് അനുഭവിക്കേണ്ടി വന്ന കടുത്ത മാനസിക-ശാരീരിക ആഘാതങ്ങളും, വളർന്നുവന്ന അന്തരീക്ഷവുമെല്ലാം ചേർന്നാണ് ഇത്തരം ഒരു വികലമായ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത്. ചെറുപ്പകാലത്തു തന്നെ മൃഗങ്ങളോട് ക്രൂരത കാണിക്കുക, അമിതമായ അനുസരണക്കേട്, സ്കൂളുകളില്‍ നിരന്തരം അക്രമമുണ്ടാക്കുക തുടങ്ങിയ പെരുമാറ്റദൂഷ്യങ്ങള്‍ (Conduct Disorders) കാണിക്കുന്ന കുട്ടികളില്‍ ഭാവിയില്‍ ഇത്തരം വൈകല്യങ്ങള്‍ വളരാൻ സാധ്യത കൂടുതലാണ്.
കുറ്റകൃത്യം ചെയ്യുന്ന എല്ലാവർക്കും ഈ വ്യക്തിത്വവൈകല്യമുണ്ടാകണമെന്നില്ല. എന്നാല്‍ സ്വന്തം നേട്ടത്തിന് വേണ്ടി ഉറ്റവരെപ്പോലും തള്ളിപ്പറയാനും ഇല്ലാതാക്കാനും മടിക്കാത്ത ഇത്തരം അപകടകാരികളായ വ്യക്തിത്വങ്ങളെ കൃത്യമായി തിരിച്ചറിയേണ്ടതും, തുടക്കത്തില്‍ തന്നെ വേണ്ട രീതിയിലുള്ള മാനസിക ആരോഗ്യ ചികിത്സ ഉറപ്പാക്കേണ്ടതും അത്യന്താപേക്ഷിതമാണ്

