അതിവേഗം ഓടുന്ന ഇന്നത്തെ ജീവിതരീതിയില്‍ ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നത് ജോലിഭാരം കൊണ്ടോ ഉറക്കക്കുറവ് കൊണ്ടോ ആണെന്ന് കരുതി നിസ്സാരമായി തള്ളിക്കളയുന്നവരാണ് അധികവും.
എന്നാല്‍ പലരും തിരിച്ചറിയാതെ പോകുന്ന വൈറ്റമിൻ ഡി കുറവിന്റെ പ്രാഥമിക സൂചനകളാകാം ഇതെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യ വിദഗ്ദ്ധർ. പ്രാരംഭ ലക്ഷണങ്ങള്‍ വളരെ ചെറിയ രീതിയിലായതിനാലും സാധാരണ മാനസിക സമ്മർദ്ദത്തോട് സാമ്യമുള്ളതിനാലും ആളുകള്‍ ഇത് വേഗത്തില്‍ തിരിച്ചറിയാറില്ലെന്ന് ആകാശ് ഹെല്‍ത്ത്കെയറിലെ ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. ആശിഷ് ചൗധരി വ്യക്തമാക്കുന്നു. എന്നാല്‍ ദീർഘകാലത്തെ അസ്ഥികളുടെ ആരോഗ്യത്തിനും മൊത്തത്തിലുള്ള ശാരീരികക്ഷമതയ്ക്കും ഇവ സമയബന്ധിതമായി തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്.
നന്നായി ഉറങ്ങിയതിനു ശേഷവും വിട്ടുമാറാതെ നില്‍ക്കുന്ന കടുത്ത തളർച്ചയാണ് വൈറ്റമിൻ ഡിയുടെ കുറവ് മൂലം ഉണ്ടാകുന്ന പ്രധാനപ്പെട്ട ഒരു ലക്ഷണം. ഇതിനു പുറമെ തുടകളിലും നടുവിലും അനുഭവപ്പെടുന്ന വിശദീകരിക്കാനാകാത്ത പേശിബലഹീനത, അസ്ഥികളിലും സന്ധികളിലും ഉണ്ടാകുന്ന വിട്ടുമാറാത്ത വേദന എന്നിവയും ഇതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. കാല്‍സ്യം ആഗിരണം ചെയ്യുന്നതില്‍ വൈറ്റമിൻ ഡി വഹിക്കുന്ന പങ്ക് വലുതായതിനാല്‍ ഇതിന്റെ കുറവ് ശരീരത്തില്‍ പൊതുവായ വേദനയ്ക്ക് കാരണമാകുന്നു. മുടി കൊഴിച്ചില്‍, പെട്ടെന്നുണ്ടാകുന്ന മൂഡ് മാറ്റങ്ങള്‍, വിഷാദലക്ഷണങ്ങള്‍, രോഗപ്രതിരോധശേഷി കുറയുന്നത് മൂലം അടിക്കടി ഉണ്ടാകുന്ന അണുബാധകള്‍ എന്നിവയും വൈറ്റമിൻ ഡി കുറയുമ്പോള്‍ ശരീരം നല്‍കുന്ന മുന്നറിയിപ്പുകളാണ്.
സാധാരണ ക്ഷീണവും വൈറ്റമിൻ ഡി കുറവ് മൂലമുള്ള ക്ഷീണവും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. വിശ്രമിച്ചാലും മാറാതിരിക്കുകയും ഒപ്പം പേശീവേദനയും സന്ധിവേദനയും അനുഭവപ്പെടുകയും ചെയ്യുന്നതാണ് വൈറ്റമിൻ ഡി കുറവിന്റെ പ്രത്യേകത. വെയില്‍ അധികം കൊള്ളാതെ വീടിനുള്ളിലോ ഓഫീസുകളിലോ മാത്രം സമയം ചെലവഴിക്കുന്നവർ, ഇരുണ്ട ചർമ്മമുള്ളവർ, പ്രായമായവർ, ഗർഭിണികള്‍, ആർത്തവവിരാമം സംഭവിച്ച സ്ത്രീകള്‍ എന്നിവരിലാണ് ഈ പോഷകക്കുറവ് കൂടുതലായി കണ്ടുവരുന്നത്. ആഴ്ചകളോളം ഇത്തരം ലക്ഷണങ്ങള്‍ തുടരുകയാണെങ്കില്‍ ഒരു രക്തപരിശോധനയിലൂടെ വൈറ്റമിൻ ഡി അളവ് കണ്ടെത്താവുന്നതാണ്. നേരിയ തോതിലുള്ള കുറവാണെങ്കില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെയും പാല്‍ ഉല്‍പ്പന്നങ്ങള്‍, കൊഴുപ്പുള്ള മത്സ്യങ്ങള്‍ തുടങ്ങിയ ഭക്ഷണങ്ങളിലൂടെയും ഇത് പരിഹരിക്കാം. എന്നാല്‍ പോഷകക്കുറവ് രൂക്ഷമാണെങ്കില്‍ കൃത്യമായ വൈദ്യനിർദ്ദേശത്തോടെ സപ്ലിമെന്റുകള്‍ കഴിക്കേണ്ടി വരും.

