Dailyhunt
'തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു'; ബിജെപിയുടെ വിജയം കണ്ട് ചിലര്‍ക്ക് ഭ്രാന്ത് പിടിച്ചു;ശോഭ സുരേന്ദ്രൻ

'തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു'; ബിജെപിയുടെ വിജയം കണ്ട് ചിലര്‍ക്ക് ഭ്രാന്ത് പിടിച്ചു;ശോഭ സുരേന്ദ്രൻ

Brave India News 4 days ago

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം കഴിഞ്ഞ് നിശബ്ദ പ്രചാരണത്തിലേക്ക് കടന്ന പാലക്കാട് മണ്ഡലത്തില്‍ പണമിടപാട് ആരോപണങ്ങളെത്തുടർന്ന് രാഷ്ട്രീയ പോര് മുറുകുന്നു.

വോട്ടർമാർക്ക് പണം വിതരണം ചെയ്തുവെന്ന വാർത്തകള്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ രംഗത്തെത്തി. താൻ പത്താമത്തെ തിരഞ്ഞെടുപ്പിനെ നേരിടുന്ന വ്യക്തിയാണെന്നും തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കൃത്യമായി അറിയാമെന്നും ശോഭ വ്യക്തമാക്കി. ബിജെപിയുടെ വിജയം ഉറപ്പായപ്പോള്‍ അത് തടയാൻ രാഷ്ട്രീയ എതിരാളികള്‍ മെനഞ്ഞ തിരക്കഥയാണിതെന്ന് അവർ ആരോപിച്ചു.

കണ്ണാടിയില്‍ ബിജെപി പ്രവർത്തകർ പണം വിതരണം ചെയ്തു എന്ന ആരോപണം പൂർണ്ണമായും അടിസ്ഥാനരഹിതമാണ്. പിരായിരി പഞ്ചായത്തിലെ ഒരു ഓട്ടോറിക്ഷ സ്റ്റാൻഡില്‍ വച്ച്‌ കാൻസർ രോഗിയെയും കുടുംബത്തെയും കാണാൻ പോയതിനെയാണ് പണം നല്‍കാൻ എത്തിയതെന്ന രീതിയില്‍ ചിലർ വളച്ചൊടിച്ചത്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. തന്നോടും കൂടെയുണ്ടായിരുന്ന പ്രമിള എന്ന സ്ത്രീയോടും ഒരു സംഘം യുവാക്കള്‍ അതീവ മോശമായാണ് പെരുമാറിയത്. തന്റെ അമ്മയുടെ പ്രായമുള്ള സ്ത്രീയോട് ലൈംഗികാധിക്ഷേപം നടത്തുന്ന രീതിയിലുള്ള ആംഗ്യങ്ങള്‍ ഒരു യുവാവ് ആവർത്തിച്ചപ്പോഴാണ് താൻ കാർ നിർത്തി പുറത്തിറങ്ങിയതെന്ന് ശോഭ സുരേന്ദ്രൻ വിശദീകരിച്ചു.

തങ്ങളെ പിന്തുടർന്ന കാറിലുണ്ടായിരുന്ന വിനേഷ് സർഗ്ഗ എന്ന വ്യക്തി ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും, സഹകരണ സംഘത്തിലൂടെ നൂറുകണക്കിന് ആളുകളെ പറ്റിച്ച കേസിലെ ഗുണ്ടകളെ ഉപയോഗിച്ച്‌ തന്നെ അപമാനിക്കാനാണ് ഇയാള്‍ എത്തിയതെന്നും ശോഭ ആരോപിച്ചു. തന്നെയും പാലക്കാട്ടെ വോട്ടർമാരെയും അപമാനിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്നും ശോഭ സുരേന്ദ്രൻ കൂട്ടിചേർത്തു. അതേസമയം, പാലക്കാട്ടെ പണമിടപാട് ആരോപണങ്ങളില്‍ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Brave India News