ആലപ്പുഴ: കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങാൻ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, അമ്പലപ്പുഴ മണ്ഡലത്തില്‍ സ്ഫോടനാത്മകമായ വെളിപ്പെടുത്തലുമായി യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി.
സുധാകരൻ. വോട്ടെടുപ്പ് ദിവസം മണ്ഡലത്തില്‍ കലാപം ഉണ്ടാക്കാൻ തീവ്രവാദ സംഘടനകള്‍ ആസൂത്രണം നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സിപിഐഎം സഹായത്തോടെ എസ്ഡിപിഐ ആണ് ഇതിന് പിന്നിലെന്നും നേതാക്കളുടെ പേരെടുത്ത് പരാമർശിച്ചുകൊണ്ട് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി നല്‍കി. അമ്പലപ്പുഴയില്‍ തീവ്രവാദ സാന്നിധ്യമുണ്ടെന്ന ഗുരുതരമായ ആരോപണമാണ് മുൻ മന്ത്രി കൂടിയായ സുധാകരൻ ഉന്നയിച്ചിരിക്കുന്നത്.
തനിക്ക് വോട്ട് ചെയ്യാനെത്തുന്നവരെ തടയുമെന്ന് നേതാക്കള്‍ പരസ്യമായി ഭീഷണിപ്പെടുത്തുന്നതായി സുധാകരൻ പറഞ്ഞു. അമ്പലപ്പുഴ സിപിഎം ഏരിയാ കമ്മിറ്റി അംഗം പ്രശാന്ത് എസ്. കുട്ടി, അരുണ്‍, എസ്ഡിപിഐ ജില്ലാ സെക്രട്ടറി റിയാസ് കെ. പൊന്നാട് എന്നിവർക്കെതിരെയാണ് അദ്ദേഹം പരാതി നല്‍കിയത്. പരാതി നല്‍കിയിട്ടും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ലെന്നും, തനിക്കെതിരെ അപവാദം പ്രചരിപ്പിക്കാനും തന്നെ ശാരീരികമായി ആക്രമിക്കാനും നീക്കമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഡ്രൈവർ പ്രദീപും വധഭീഷണി നേരിടുകയാണെന്ന് ജി. സുധാകരൻ വെളിപ്പെടുത്തി. സംഭവത്തില്‍ അമ്പലപ്പുഴ ഡിവൈഎസ്പിക്കും ചീഫ് ഇലക്ഷൻ കമ്മീഷണർക്കും അദ്ദേഹം പരാതി കൈമാറി. അതേസമയം, സുധാകരന്റെ പരാതി ലഭിച്ചതായും ഇതില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ആലപ്പുഴ എസ്പി മോഹനചന്ദ്രൻ അറിയിച്ചു. എന്നാല്‍, മണ്ഡലത്തില്‍ തീവ്രവാദ സാന്നിധ്യമുള്ളതായി ഐബിയില്‍ നിന്നോ സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നോ നിലവില്‍ റിപ്പോർട്ടുകള്‍ ഒന്നുമില്ലെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

