കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും വൻ തിരിച്ചടി. മുൻ രാജ്യസഭാ എംപിയും മുതിർന്ന നേതാവുമായ ഡോ.
ശാന്തനു സെൻ പാർട്ടിയുടെ ദേശീയ വക്താവ് സ്ഥാനം രാജിവെച്ചു. തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ വനിതാ വിഭാഗം അധ്യക്ഷ കാകോലി ഘോഷ് ദസ്തിദാർ പാർട്ടിയുടെ എല്ലാ പദവികളും രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് ശാന്തനു സെന്നും പദവി ഒഴിഞ്ഞത്. പാർട്ടിയിലെ അഴിമതികള്‍ക്കും അനീതികള്‍ക്കും എതിരെ രൂക്ഷ വിമർശനങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയിരിക്കുന്നത്.
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെ ടിഎംസിയില്‍ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുകയാണ്. മമത ബാനർജിക്ക് അയച്ച കത്തില്‍ കടുത്ത ഭാഷയിലാണ് ശാന്തനു സെൻ പാർട്ടിയെ വിമർശിച്ചിരിക്കുന്നത്. പല വിവാദ വിഷയങ്ങളിലും വ്യക്തിപരമായി വിയോജിപ്പുകള്‍ ഉണ്ടായിരുന്നിട്ടും മാധ്യമങ്ങളില്‍ പാർട്ടിയെ പ്രതിരോധിച്ച് സംസാരിച്ചിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാല്‍ ഇനി അതിന് മനസ്സ് അനുവദിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൊല്‍ക്കത്തയിലെ ആർ.ജി കർ മെഡിക്കല്‍ കോളേജില്‍ നടന്ന ജൂനിയർ ഡോക്ടറുടെ ക്രൂരമായ പീഡനവും കൊലപാതകവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിൻ്റെ പ്രധാന വിമർശനം. മുൻപ് ഈ വിഷയത്തില്‍ കോളേജ് പ്രിൻസിപ്പലിനും ആരോഗ്യ വകുപ്പിനുമെതിരെ സംസാരിച്ചതിന് അദ്ദേഹത്തെ വക്താവ് സ്ഥാനത്ത് നിന്ന് താല്‍ക്കാലികമായി മാറ്റിനിർത്തിയിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ അധാർമ്മിക പ്രവർത്തികളെയും അഴിമതിയെയും ബംഗാളിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു കഴിഞ്ഞു, അതിനാല്‍ ജനവിധിയെ മാനിച്ചുകൊണ്ട് താൻ വക്താവ് സ്ഥാനം ഒഴുയുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അദ്ദേഹം പാർട്ടി അംഗത്വം രാജിവെച്ചിട്ടില്ല. ഇന്നലെ പാർട്ടിയിലെ മറ്റൊരു മുതിർന്ന നേതാവും ലോക്‌സഭാ എംപിയുമായ കാകോലി ഘോഷ് ദസ്തിദാർ മഹിളാ ടിഎംസി അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു.

