'കളിക്കളത്തിലെ താങ്കളുടെ ആക്രമണോത്സുകത വളരെ പ്രശസ്തമായിരുന്നു. എന്നാല്‍ സ്ലെഡ്ജിങ്ങ് എന്ന തന്ത്രം എപ്പോഴെങ്കിലും തിരിച്ചടിച്ചിട്ടുണ്ടോ?'
ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൻ്റെ ഇതിഹാസ നായകനായിരുന്ന റിക്കി പോണ്ടിങ്ങ് ഒരിക്കല്‍ ഇത്തരമൊരു ചോദ്യം നേരിട്ടിരുന്നു. അതിന് പോണ്ടിങ്ങ് നല്‍കിയ മറുപടി ഇതായിരുന്നു- 'സ്ലെഡ്ജിങ്ങ് ചിലപ്പോള്‍ പാളിപ്പോകാറുണ്ട്. ഒരിക്കല്‍ അഡ്ലെയ്ഡ് ഓവലില്‍ വെച്ച് ഞങ്ങള്‍ വെസ്റ്റ് ഇൻഡീസിനെ നേരിടുകയായിരുന്നു. അന്ന് ഞാൻ ബ്രയൻ ലാറയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ആ കളിയില്‍ ലാറ 182 റണ്‍സ് അടിച്ചു.'
'
പോണ്ടിങ്ങ് ഒരു കാര്യം കൂടി വെളിപ്പെടുത്തി. മത്സരശേഷം തൻ്റെ ജഴ്സിയില്‍ ലാറ പോണ്ടിങ്ങിന് ഒരു സന്ദേശം എഴുതിവെച്ചിരുന്നു. അത് ഇങ്ങനെയായിരുന്നു- 'പ്രചോദനത്തിന് നന്ദി. ആശംസകള്‍. 2026-ലെ ഐ.പി.എല്‍ ഫൈനലില്‍ വിരാട് കോഹ്ലിയോട് വാക്കുകള്‍ കൊണ്ട് എതിരിട്ട സായ് സുദർശനെ കണ്ടപ്പോള്‍ ആ പഴയ ലാറ-പോണ്ടിങ്ങ് സംഭവമാണ് മനസ്സില്‍ തെളിഞ്ഞത്. ആ തന്ത്രം വേണ്ടിയിരുന്നില്ല എന്ന് സായ് പിന്നീട് ചിന്തിച്ചിട്ടുണ്ടാവും.
156 എന്ന വിജയലക്ഷ്യം പിന്തുടരുകയായിരുന്ന ബാംഗ്ലൂർ പവർപ്ലേ കഴിഞ്ഞപ്പോഴേയ്ക്കും 70 റണ്‍സില്‍ എത്തിയിരുന്നു. കേവലം 12 പന്തുകളില്‍ നിന്ന് 35 റണ്‍സോടെ വിരാട് കുതിച്ചുപായുകയായിരുന്നു. അപ്പോഴാണ് സുദർശൻ വിരാടുമായി അത്ര ഫ്രണ്ട്ലി അല്ലാത്ത സംഭാഷണത്തില്‍ ഏർപ്പെട്ടത്. അതോടെ വിരാട് കൂടുതല്‍ കരുത്തനായി. രജത് പടീദാറും ക്രുനല്‍ പാണ്ഡ്യയും റഷീദ് ഖാനു മുൻപില്‍ കീഴടങ്ങിയപ്പോള്‍ വിരാട് റഷീദിനെ തൻ്റെ ശരീരഭാഷയിലൂടെ ടീസ് ചെയ്തു. ടിം ഡേവിഡ് ബൗണ്ടറിയടിച്ചപ്പോള്‍ വിരാട് ആണ് കൂടുതല്‍ ആഹ്ലാദിച്ചത്.
പേശീവലിവ് മൂലം വിരാട് ഓടാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. എന്നിട്ടും അയാള്‍ ആർ.സി.ബി ജയിക്കുന്നത് വരെ ക്രീസില്‍ നിന്നു. തനിക്കെതിരെ ഫീല്‍ഡ് അമ്പയർ തെറ്റായ തീരുമാനം കൈക്കൊണ്ടപ്പോള്‍ വിരാട് അസംതൃപ്തി പ്രകടിപ്പിക്കുകയും മൂന്നാം അമ്പയറില്‍ നിന്ന് 'നോട്ടൗട്ട് വിധി' സമ്പാദിക്കുകയും ചെയ്തു. സായ് സുദർശന് ഒരു കാര്യം മനസ്സിലായി-ഉറങ്ങുന്ന കടുവയെ ഒരിക്കലും ഉണർത്തരുത്.. !'
ഏതാനും വർഷങ്ങള്‍ക്കുമുമ്പ് ബാംഗ്ലൂരിലെ പ്രസിഡൻസി യൂണിവേഴ്സിറ്റിയില്‍ വെച്ച് നടന്ന ഒരു ചടങ്ങില്‍ മുൻ ഓസ്ട്രേലിയൻ ഓള്‍റൗണ്ടറായ ഷെയ്ൻ വാട്സൻ പങ്കെടുത്തിരുന്നു. അന്ന് വാട്സൻ പറഞ്ഞു '2016-ലെ ഐ.പി.എല്‍ ഫൈനലില്‍ എൻ്റെ ബോളിങ്ങ് വളരെ മോശമായിരുന്നു. ആർ.സി.ബി-യ്ക്ക് കപ്പ് നഷ്ടമായത് അക്കാരണത്താലാണ്. അതിൻ്റെ പേരില്‍ ഞാൻ ബാംഗ്ലൂർ ആരാധകരോട് ക്ഷമ ചോദിക്കുന്നു.' ഐ.പി.എല്‍ മത്സരത്തില്‍ മോശമായി കളിച്ചതിന് ഒരു അന്താരാഷ്ട്ര ക്രിക്കറ്റർ മാപ്പ് പറയുന്ന കാഴ്ച്ച അത്യപൂർവ്വമാണ്. 2016-ലെ ആർ.സി.ബി-യുടെ തോല്‍വിയ്ക്ക് അത്രമേല്‍ ആഘാതമുണ്ടായിരുന്നു. ആ സീസണില്‍ വിരാടും സംഘവും കിരീടം അർഹിച്ചിരുന്നു.
അന്ന് സണ്‍റൈസേഴ്സ് ഉയർത്തിയ വിജയലക്ഷ്യം ബാംഗ്ലൂർ അനായാസമായി മറികടക്കും എന്ന് തോന്നിപ്പിച്ചിരുന്നു. പക്ഷേ നിർഭാഗ്യം വിരാടിനെ വേട്ടയാടി. ബരീന്ദർ ശ്രാൻ എന്ന ലെഫ്റ്റ് ആം സീമറുടെ പന്ത് ബാറ്റിലെ ഇൻസൈഡ് എഡ്ജില്‍ തട്ടി സ്റ്റംമ്പില്‍ പതിച്ചു. വിരാട് പുറത്തായതോടെ ആർ.സി.ബി തോല്‍വിയിലേയ്ക്ക് കൂപ്പുകുത്തി. 2026-ലെ ഐ.പി.എല്‍ ഫൈനലില്‍ അർഷാദ് ഖാൻ എന്ന ഇടം കൈയ്യൻ ഫാസ്റ്റ് ബോളറെ കണ്ടപ്പോള്‍ വിരാട് പഴയ ചരിത്രം ഓർമ്മിച്ചിട്ടുണ്ടാവും. ഇത്തവണ വിരാടിന് ഒരു ചുവടും പിഴച്ചില്ല. അർഷാദിനെ സിക്സർ അടിച്ച് വിരാട് കളി ഫിനിഷ് ചെയ്തു.
ആർ.സി.ബിയുടെ ട്രോഫി ഇല്ലായ്മ മൂലം വിരാട് ഒരുപാട് കുറ്റപ്പെടുത്തലുകള്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍ ബാംഗ്ലൂർ ജയിച്ച രണ്ട് ഫൈനലുകളിലെയും ടോപ് സ്കോറർ എന്ന ബഹുമതി വിരാടിനാണ്! ഇതാണ് മധുരമായ പ്രതികാരം. 90,014 പേരാണ് ഫൈനല്‍ കാണാൻ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ ഇരച്ചുകയറിയത്. അവരില്‍ ഭൂരിഭാഗവും ആർ.സി.ബി ഫാൻസായിരുന്നു. ഹോം ഗ്രൗണ്ടില്‍ ഗുജറാത്തിന് എവേ ഗെയിം കളിക്കേണ്ടിവന്നു അതായിരുന്നു വിരാട് ആസ്വദിക്കുന്ന സൂപ്പർ സ്റ്റാർഡം.
2012-ല്‍ ലണ്ടനില്‍ വെച്ച് നടന്ന വേള്‍ഡ് ടൂർണ്ണമെൻ്റ് സെമി ഫൈനലില്‍ ആൻഡി മറെ റോജർ ഫെഡറർ എന്ന അതികായനെ നേരിട്ടിരുന്നു. പക്ഷേ സ്വന്തം കാണികളില്‍ നിന്നുതന്നെ മറെ കൂവല്‍ നേരിട്ടു. കളി ഫെഡറർ ജയിക്കുകയും ചെയ്തു. അതിനെക്കുറിച്ച് മറെ പിന്നീട് മനസ്സുതുറന്നു- 'ലോകത്തിലെ ഏതു കോണില്‍ കളിച്ചാലും ഫെഡറർക്ക് ഇതേ പിന്തുണ ലഭിക്കും. ടെന്നീസിന് നല്‍കിയ സംഭാവനകള്‍ പരിഗണിക്കുമ്പോള്‍ അദ്ദേഹം അത് അർഹിക്കുന്നുണ്ട്.' ക്രിക്കറ്റിലും ഒരു റോജർ ഫെഡറർ ഉണ്ട്. അത് വിരാട് കോഹ്ലിയല്ലാതെ മറ്റാരാണ്!!?
എഴുത്ത്: സന്ദീപ് ദാസ്

