Dailyhunt
വിദേശ ഇന്ത്യക്കാര്‍ക്ക് വൻ മാറ്റം; പൗരത്വ നിയമത്തില്‍ ഭേദഗതിയുമായി കേന്ദ്രം, ഇ-ഒസിഐ കാര്‍ഡുകള്‍ വരുന്നു! മൈനര്‍മാരുടെ പാസ്‌പോര്‍ട്ടില്‍ കര്‍ശന നിയന്ത്രണം

വിദേശ ഇന്ത്യക്കാര്‍ക്ക് വൻ മാറ്റം; പൗരത്വ നിയമത്തില്‍ ഭേദഗതിയുമായി കേന്ദ്രം, ഇ-ഒസിഐ കാര്‍ഡുകള്‍ വരുന്നു! മൈനര്‍മാരുടെ പാസ്‌പോര്‍ട്ടില്‍ കര്‍ശന നിയന്ത്രണം

Brave India News 2 weeks ago

വിദേശത്തുള്ള ഇന്ത്യൻ വംശജർക്ക് (OCI) ആശ്വാസമേകുന്നതിനൊപ്പം സുരക്ഷാ മാനദണ്ഡങ്ങള്‍ കൂടുതല്‍ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

പൗരത്വ ഭേദഗതി നിയമം 2026-ന്റെ ചട്ടങ്ങള്‍ കേന്ദ്രം വിജ്ഞാപനം ചെയ്തു. ഒസിഐ കാർഡുകള്‍ പൂർണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതാണ് പുതിയ പരിഷ്കാരങ്ങളിലെ പ്രധാന ആകർഷണം. ഇനി മുതല്‍ ഒസിഐ അപേക്ഷകള്‍ ഓണ്‍ലൈൻ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. പേപ്പർ രഹിത തിരിച്ചറിയല്‍ രേഖ എന്ന ലക്ഷ്യത്തോടെ 'ഇ-ഒസിഐ' (e-OCI) കാർഡുകള്‍ സർക്കാർ അവതരിപ്പിച്ചു. ശാരീരികമായ അപേക്ഷാ സമർപ്പണവും ഇരട്ടിപ്പുകളും ഒഴിവാക്കി നടപടിക്രമങ്ങള്‍ ലളിതമാക്കാൻ ഇതിലൂടെ സാധിക്കും. വിദേശത്തുള്ള ഇന്ത്യക്കാർക്ക് ഇനിമുതല്‍ ഫിസിക്കല്‍ കാർഡിനൊപ്പം തന്നെ ഡിജിറ്റല്‍ ഒസിഐ രേഖകളും കൈവശം വയ്ക്കാം.

പുതിയ നിയമപ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പാസ്‌പോർട്ട് കാര്യത്തില്‍ കേന്ദ്രം കർശന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഭാരതീയ പാസ്‌പോർട്ട് കൈവശമുള്ള പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് ഒരേസമയം മറ്റൊരു രാജ്യത്തിന്റെ പാസ്‌പോർട്ട് കൈവശം വയ്ക്കാൻ സാധിക്കില്ലെന്ന് പുതിയ ചട്ടത്തിലെ 'റൂള്‍ 3' വ്യക്തമാക്കുന്നു. ഇരട്ട പൗരത്വത്തിന്റെ ദുരുപയോഗം തടയുന്നതിനാണ് ഈ സുപ്രധാന നീക്കം. വിമാനത്താവളങ്ങളിലെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനായി ബയോമെട്രിക് വിവരങ്ങള്‍ കൈമാറുന്നതിനും അപേക്ഷകർ സമ്മതം നല്‍കണം. ഇത് ഭാവിയില്‍ 'ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ' പ്രോഗ്രാമുകളുമായി ഒസിഐ കാർഡുകളെ സംയോജിപ്പിക്കാൻ സഹായിക്കും. വിദേശ യാത്രക്കാർക്ക് വിമാനത്താവളങ്ങളില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കാതെ ഡിജിറ്റല്‍ സംവിധാനത്തിലൂടെ വേഗത്തില്‍ കടന്നുപോകാൻ ഇതിലൂടെ സാധിക്കും.

ഒസിഐ പദവി ഉപേക്ഷിക്കുന്നതിനും (Renunciation) അത് റദ്ദാക്കുന്നതിനും (Cancellation) ഇനി ഓണ്‍ലൈൻ പോർട്ടല്‍ വഴി അപേക്ഷിക്കാവുന്നതാണ്. ഫോം XXVIII വഴി ഇലക്‌ട്രോണിക് രീതിയില്‍ അപേക്ഷകള്‍ സമർപ്പിക്കണം. ചട്ടങ്ങള്‍ ലംഘിക്കുന്നവരുടെ ഒസിഐ കാർഡുകള്‍ അസാധുവാക്കാനും അപ്പീല്‍ നല്‍കാനുമുള്ള കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും പുതുക്കിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒസിഐ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കേന്ദ്രീകൃതമായ ഒരു ഡിജിറ്റല്‍ രജിസ്റ്ററും ആഭ്യന്തര മന്ത്രാലയം സജ്ജമാക്കും. പ്രവാസി ഭാരതീയരുടെ റെക്കോർഡുകള്‍ കൂടുതല്‍ സുതാര്യമാക്കാനും വ്യാജ രേഖകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയാനും ഈ കേന്ദ്രീകൃത സംവിധാനം സഹായകമാകും. രാജ്യസുരക്ഷയ്ക്കും പ്രവാസി സേവനങ്ങള്‍ക്കും ഒരുപോലെ മുൻഗണന നല്‍കുന്നതാണ് മോദി സർക്കാരിന്റെ ഈ പുതിയ പൗരത്വ ചട്ടങ്ങള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Brave India News