Dailyhunt
വിക്കറ്റില്ലാ ഹാട്രിക് 8 വര്‍ഷത്തിന് ശേഷം ആദ്യം; ബുംറയുടെ ബൗളിംഗ് പിച്ചില്‍ വിരിയുന്നില്ല, മുംബൈ ക്യാമ്പില്‍ സൈറണ്‍ മുഴങ്ങുന്നു

വിക്കറ്റില്ലാ ഹാട്രിക് 8 വര്‍ഷത്തിന് ശേഷം ആദ്യം; ബുംറയുടെ ബൗളിംഗ് പിച്ചില്‍ വിരിയുന്നില്ല, മുംബൈ ക്യാമ്പില്‍ സൈറണ്‍ മുഴങ്ങുന്നു

Brave India News 1 week ago

ലോകക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളർ എന്ന വിശേഷണമുള്ള ജസ്പ്രീത് ബുംറയ്ക്ക് ഐപിഎല്‍ 2026-ല്‍ കരിയറിലെ തന്നെ ഏറ്റവും മോശം കാലഘട്ടം.

രാജസ്ഥാൻ റോയല്‍സിനെതിരായ മത്സരത്തിലും വിക്കറ്റ് വീഴ്ത്താനാകാതെ മടങ്ങിയതോടെ, തുടർച്ചയായ മൂന്ന് മത്സരങ്ങളില്‍ വിക്കറ്റില്ലാതെ ബുംറ പന്തവസാനിപ്പിച്ചു. 8 വർഷത്തിനിടെ ഇതാദ്യമായാണ് ബുംറ ഇത്തരമൊരു മോശം റെക്കോർഡിന് ഉടമയാകുന്നത്.

ബർസാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാൻ റോയല്‍സിന്റെ 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയാണ് ബുംറയെ ഞെട്ടിച്ചത്. ബുംറ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ സിക്സർ പറത്തിയ വൈഭവ്, അതേ ഓവറില്‍ മറ്റൊന്ന് കൂടി നേടി. 3 ഓവറില്‍ 32 റണ്‍സാണ് ബുംറ വഴങ്ങിയത്. യശസ്വി ജയ്‌സ്വാളും വൈഭവും ചേർന്ന് മുംബൈ ബൗളർമാരെ അടിച്ച്‌ തകർക്കുന്ന കാഴ്ചയാണ് കണ്ടത്.

ബുംറയുടെ ടി20 കരിയറില്‍ ഇതാദ്യമായല്ല ഇങ്ങനെയൊരു 'വിക്കറ്റ് വരള്‍ച്ച' ഉണ്ടാകുന്നത്. എന്നാല്‍ 2018-ന് ശേഷം ആദ്യമായാണ് അദ്ദേഹം തുടർച്ചയായി മൂന്ന് മത്സരങ്ങളില്‍ വിക്കറ്റ് കിട്ടാതെ മടങ്ങുന്നത്. കെകെആർ, ഡിസി, ആർആർ എന്നീ ടീമുകള്‍ക്കെതിരെയാണ് ബുംറ വിക്കറ്റെടുക്കാതെ മടങ്ങിയത്. ഇതിന് മുൻപ് 2014, 2016 ഐപിഎല്‍ സീസണുകളിലും 2017/18-ലെ ടി20 പരമ്പരകളിലും മാത്രമാണ് ബുംറ ഇത്തരത്തില്‍ വിക്കറ്റില്ലാതെ തുടർച്ചയായി മൂന്ന് മത്സരങ്ങള്‍ പൂർത്തിയാക്കിയത്.

രാജസ്ഥാനെതിരായ റണ്‍മഴയില്‍ മുംബൈ ബൗളർമാരെല്ലാം 10-ന് മുകളില്‍ ഇക്കണോമിയില്‍ റണ്‍സ് വഴങ്ങി. ദീപക് ചഹാർ, ട്രെന്റ് ബോള്‍ട്ട് എന്നിവർ തങ്ങളുടെ ഏക ഓവറില്‍ 22 റണ്‍സ് വീതം വിട്ടുകൊടുത്തു. എന്നാല്‍ നായകൻ ഹാർദിക് പാണ്ഡ്യ 2 ഓവറില്‍ 17 റണ്‍സ് മാത്രം നല്‍കി മാന്യമായ പ്രകടനം പുറത്തെടുത്തു. 148 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 183 വിക്കറ്റുകള്‍ ബുംറയുടെ പേരിലുണ്ട്. 7.26 എന്ന മികച്ച ഇക്കണോമി റേറ്റുള്ള ബുംറയുടെ ഈ സീസണിലെ ഫോം ഔട്ട് മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് പ്രതീക്ഷകളെ വല്ലാതെ ബാധിക്കുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Brave India News