നമ്മള്‍ എഴുതുന്നതും പറയുന്നതും സിനിമയെടുക്കുന്നതും മറ്റുള്ളവരെ വേദനിപ്പിക്കാൻ വേണ്ടിയാകരുതെന്നു ഉപദേശിച്ച ഭാസ്കരൻ മാസ്റ്റർ…
മലയാള സിനിമയില്‍ തൊട്ടുനിന്ന അമ്പതു വർഷങ്ങള്‍….
കുട്ടികള്‍ക്ക് വേണ്ടി സിനിമയേക്കുറിച്ചു ഒരു പരമ്പര, (ഏഴാം കലയുടെ പാതയിലൂടെ ) ബാലയുഗം മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ എഴുപതുകളില്‍ ആരംഭിച്ച സിനിമാബന്ധം.
തോപ്പില്‍ ഭാസി , പി ഭാസ്കരൻ, തിക്കുറിശ്ശി, ആനന്ദക്കുട്ടൻ, തകഴി ശിവശങ്കരപ്പിള്ള , അടൂർ ഗോപാലകൃഷ്ണൻ, മലയാറ്റൂർ , കാക്കനാടൻ, പദ്മരാജൻ , ജഗതി എൻ കെ ആചാരി, കെ ജി സേതുനാഥ്, പി സ്റ്റാൻലി, പ്രേം നസീർ , മമ്മൂട്ടി, മോഹൻലാല്‍, ബാലചന്ദ്രമേനോൻ, സുരേഷ് ഗോപി, ജഗതി ശ്രീകുമാർ, ജോയ് മാത്യു, ഹരികുമാർ, മധുപാല്‍ ….നീളുന്ന സിനിമാ ബന്ധങ്ങള്‍. ചലച്ചിത്ര മേളകള്‍ …ലോക സിനിമാ കൂട്ടായ്മ.
ആദ്യ ക്യാമ്പസ് സിനിമ 'ദി ഗ്യാപ് ' ഫാത്തിമ മാത നാഷണല്‍ കോളേജില്‍ നിന്നും.
മലയാളനാട് രാഷ്ട്രീയ വരികയുടെയും സിനിമാ വരികയുടെയും പത്രാധിപർ ആയിരിക്കുമ്പോള്‍ തന്നെ ഭാസ്കരൻ മാസ്റ്ററുമായി നല്ല ബന്ധം പുലർത്തിയിരുന്നു.അദ്ദേഹമായിരുന്നു ഏഷ്യാനെറ്റിന്റെ ചെയർമാൻ. ഏഷ്യാനെറ്റിന്റെ ആദ്യകാല പ്രവർത്തനങ്ങളില്‍ അദ്ദേഹവുമായി ചേർന്ന് പ്രവർത്തിക്കുണ്ടി വന്നിട്ടുണ്ട്.
മലയാള സിനിമക്ക് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ഭാസ്കരൻ മാസ്റ്ററുടെ ബന്ധുവായ ശശികുമാർ ആണ് ഏഷ്യാനെറ്റ് ചാനല്‍ ആരംഭിക്കുന്നതിനു മുൻകൈ എടുത്തത്.
ദൂരദർശനില്‍ എസ് . വേണു, ജോണ്‍ സാമുവേല്‍ , ബൈജു ചന്ദ്രൻ തുടങ്ങിയ സുഹൃത്തുക്കള്‍. നങ്ങാശ്ശേരി ശശിയുമായി ചേർന്ന് ടി വി സീരിയല്‍ , പി ആർ ഡിക്ക് വേണ്ടി ഡോക്യൂമെന്ററി. അങ്ങനെ ദൂരദര്ശ നുമായി അടുത്ത് പ്രവർത്തിക്കേണ്ടി വന്നത് ആ മേഖലയിലുള്ള പുതിയ സാധ്യതകളെക്കുറിച്ചു പഠിക്കാൻ പ്രേരകമായി.
മലയാളനാട് രാഷ്ട്രീയ വരികയുടെയും സിനിമാവാരികയുടെയും പ്രത്രാധിപർ ആയി പ്രവർത്തിക്കുമ്പോഴാണ് ഭാസ്കരൻ മാസ്റ്ററുമായി ഏറെ അടുക്കുന്നത്.
മലയാളനാട് രാഷ്ട്രീയ വാരികയില്‍ അദ്ദേഹത്തിൻറെ ഒരു പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. 'കറുപ്പും വെളുപ്പും'. സിനിമയുമായി ബന്ധപ്പെട്ട കഥകളും കാര്യങ്ങളുമായിരുന്നു അതില്‍ അദ്ദേഹമെഴുതിയത്.
ഒരു ദിവസത്തെ എഡിറ്റോറിയല്‍ യോഗത്തില്‍ രാഷ്ട്രീയ വാരികയുടെ പ്രചാരം കൂട്ടുന്നതിനെക്കുറിച്ചുള്ള ചർച്ചയായി. ഭാസ്കരൻ മാസ്റ്റർ എഴുതുന്ന കറുപ്പും വെളുപ്പും അല്‍പ്പം കൂടി 'മസാല ' ചേർത്താല്‍ കൊള്ളാമായിരുന്നു എന്ന ഒരഭിപ്രായം ഉയർന്നുവന്നു. എത്ര എത്ര നടിമാരുടെ കഥകള്‍ അദ്ദേഹത്തിന് പറയാനുണ്ടാകും …
പക്ഷെ അദ്ദേഹത്തോട് ആര് പറയും…ഒടുവില്‍ അതിൻറെ ചുമതല പത്രാധിപർക്കായി.
" വൈലോപ്പള്ളിയുടെ സ്വീകരണ യോഗത്തില്‍ ഭാസ്‌ക്കരൻ മാസ്റ്ററുമുണ്ടാകും…സൗകര്യം പോലെ പറഞ്ഞാല്‍ മതി …" ചീഫ് എഡിറ്റർ ( എസ് കെ നായർ ) പറഞ്ഞു.
യോഗം കഴിഞ്ഞപ്പോള്‍ സ്വാഭാവികമായും ഭാസ്കരൻ മാസ്റ്റർ പരമ്പരയെക്കുറിച്ചു ചോദിച്ചു.
" എങ്ങനെയുണ്ട് കറുപ്പും വെളുപ്പും?'
"നന്നാകുന്നുണ്ട് ….നമുക്ക് അല്‍പ്പം കൂടി 'സ്‌പൈസി' ആക്കിയാലോ ?
"എന്ത് മസാലയാ താനുദ്ദേശിക്കുന്നത് ?"
"അല്ല…മാഷിന് ഒരുപാടു നടികളെ അടുത്തറിയാമല്ലോ ? അവരെക്കൂടി കഥാപാത്രങ്ങളാക്കിയാലോ?"
" എടോ …നിങ്ങളൊക്കെ ചെറുപ്പമാ…..ഒരുകാര്യം ഞാൻ പറയാം…നമ്മള്‍ എഴുതുന്നതും പറയുന്നതും സിനിമയെടുക്കുന്നതും ഒന്നും മറ്റുള്ളവരെ വേദനിപ്പിക്കാനാവരുത് …അതില്‍ ഒരുപക്ഷെ ബിസിനസ്സ് ഉണ്ടാകാം. പക്ഷെ പാടില്ല എന്നതാണ് എൻറെ നയം…"
മലയാളനാട് ഒരു 'ഓഫ് ബീറ്റ്' പ്രസിദ്ധീകരണമായിരുന്നു.
മാമൂലുകളെ തെറ്റിക്കുന്ന രചനകള്‍ക്കും എഴുത്തുകാർക്കും ഒരിടം. അതിനേക്കാളുപരി ഒരത്താണി.
ആധുനിക മലയാള സാഹിത്യം ശക്തി പ്രാപിച്ചത് മലയാളനാട് വാരികയുടെ തലോടലിലൂടെയാണ് .
കാക്കനാടനും മാധവിക്കുട്ടിയും എം മുകുന്ദനും ഒ വി വിജയനും കടമ്മനിട്ടയും മറ്റും പുത്തൻ
സാഹിത്യത്തിൻറെ പരീക്ഷണശാലയായി കണ്ടെത്തിയത് മലയാളനാടിൻറെ തിരുമുറ്റമാണ് .
മാധവിക്കുട്ടിയുടെ 'എൻറെ കഥ'യും മലയാറ്റൂരിൻറെ 'അഭ്ര' വും കാർട്ടൂണുകളും മലയാളനാടിന് വേറിട്ട നാമ്പ് നല്‍കി.
തകഴിയും പി കുഞ്ഞിരാമൻ നായരും തോപ്പില്‍ ഭാസിയും പെരുമ്പടവം ശ്രീധരനുമൊക്കെ
മലയാളനാടിൻറെ തണലില്‍ കഴിഞ്ഞ കാലമുണ്ടായിരുന്നു.
കേരളം കണ്ട ഏറ്റവും വലിയ 'ഷോ'മാന്മാരില്‍ ഒരാളായിരുന്നു പി ഭാസ്കരൻ.
അദ്ദേഹത്തിന് സിനിമയിലാണെങ്കിലും സാഹിത്യത്തിലാണെങ്കിലും സ്വന്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു.
(തുടരും )
ചിത്രം : വൈലോപ്പിള്ളി, എൻ കൃഷ്ണൻ നായർ, ചാത്തന്നൂർ മോഹൻ , രാജൻ പി തൊടിയൂർ , വിജയൻ ആറ്റിങ്ങല്‍ , എസ് കെ നായർ , പാറപ്പുറം, പി വി തമ്പി, പ്രൊഫ എം അച്യുതൻ, തോപ്പില്‍ രാമചന്ദ്രൻ പിള്ള എന്നിവർ പി ഭാസ്കരനോടൊപ്പം.

