ഇലക്‌ട്രിക് വാഹന നിർമ്മാതാക്കളായ കീട്ടോ മോട്ടോഴ്സ് (Keto Motors), 'അർബനോവ കെ9' (Urbanova KE9) എന്ന തങ്ങളുടെ ആദ്യ 9 മീറ്റർ നീളമുള്ള ഇലക്‌ട്രിക് ബസ് വിപണിയില്‍ അവതരിപ്പിച്ചുകൊണ്ട് ഇലക്‌ട്രിക് ബസ് വിഭാഗത്തിലേക്ക് കടന്നു.
നഗരഗതാഗതവും സ്ഥാപനപരമായ യാത്രകളും ലക്ഷ്യമിട്ട് വികസിപ്പിച്ചെടുത്ത ഈ പുതിയ വാഹനം, ഇതിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ച് തന്നെ ആദ്യ ഓപ്പറേറ്റിംഗ് പങ്കാളിക്ക് കൈമാറുകയും ചെയ്തു.
തെലങ്കാനയിലെ ഉല്‍പ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനായി ജഡ്ചെർല പ്ലാന്റ് വിപുലീകരിക്കാനും തെലങ്കാന ഇവി മൊബിലിറ്റി വാലിയില്‍ പുതിയ ഗ്രീൻഫീല്‍ഡ് പ്ലാന്റ് സ്ഥാപിക്കാനുമായി കമ്പനി 300 കോടി രൂപയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 31 യാത്രക്കാർക്ക് ഇരിക്കാൻ സൗകര്യമുള്ള അർബനോവ കെ9 ബസിന് പൂർണ്ണ ലോഡില്‍ 150 കിലോമീറ്ററിലധികം റേഞ്ചും മണിക്കൂറില്‍ 80 കിലോമീറ്റർ വേഗതയും ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

