അമേരിക്കയുമായുള്ള ജാവലിൻ (Javelin) മിസൈല്‍ കരാറിന് പിന്നാലെ, ഈ ആധുനിക ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകള്‍ ഇന്ത്യയില്‍ സംയുക്തമായി നിർമ്മിക്കുന്നതിനായി ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (TASL) യു.എസിലെ റേതിയോണ്‍, ലോക്ക്‌ഹിഡ് മാർട്ടിൻ കൂട്ടായ്മയുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
അമേരിക്കൻ കമ്പനികളുടെ സംയുക്ത സംരംഭമായ ജാവലിൻ ജോയിന്റ് വെഞ്ചറുമായി (JJV) ഉണ്ടാക്കിയ ഈ കരാർ പ്രകാരം ഇന്ത്യയില്‍ ജാവലിൻ മിസൈലുകളുടെ അന്തിമ കൂട്ടിച്ചേർക്കലും നിർമ്മാണ യൂണിറ്റും സ്ഥാപിക്കുന്നത് ടി.എ.എസ്.എല്‍ പരിശോധിക്കും. ഇന്ത്യയുടെ പ്രതിരോധ വ്യാവസായിക അടിത്തറ ശക്തമാക്കുന്നതിനൊപ്പം ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ വർദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കുമെന്നാണ് സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.
ഈ പങ്കാളിത്തത്തിലൂടെ അമേരിക്കയിലെ പ്ലാന്റുകളില്‍ നിർമ്മിക്കുന്ന സബ്-അസംബ്ലി കിറ്റുകളും ഗൈഡൻസ് ഇലക്‌ട്രോണിക്സ് യൂണിറ്റുകളും ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുകയും ഇവിടെ വെച്ച് കൂട്ടിച്ചേർത്ത് പൂർണ്ണരൂപത്തിലാക്കുകയും ചെയ്യും. എളുപ്പത്തില്‍ കൊണ്ടുനടന്ന് പ്രയോഗിക്കാവുന്നതും കവചിത വാഹനങ്ങളെ അതികൃത്യതയോടെ തകർക്കാൻ കഴിയുന്നതുമാണ് ലോകപ്രശസ്തമായ ജാവലിൻ മിസൈല്‍ സംവിധാനം. ആധുനിക മൂന്നാം തലമുറ ആന്റി-ടാങ്ക് മിസൈലുകള്‍ക്കായുള്ള ഇന്ത്യൻ സൈന്യത്തിന്റെ ദീർഘകാലമായുള്ള ആവശ്യത്തിന് ഈ തദ്ദേശീയ നിർമ്മാണത്തിലൂടെ വലിയ പരിഹാരമാകും.
Tata Advanced Systems signs an MoU with Lockheed Martin and Raytheon's Javelin Joint Venture to co-produce shoulder-fired Javelin anti-tank missiles in India

