ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (AI) ഇൻഫ്രാസ്ട്രക്ചർ നിക്ഷേപങ്ങള്‍ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രമുഖ സാങ്കേതിക കമ്പനിയായ ഒറാക്കിള്‍ (Oracle) ഇന്ത്യയില്‍ വൻതോതില്‍ ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോർട്ട്.
ഇന്ത്യയിലെ ഏകദേശം 30,000 ജീവനക്കാരില്‍ 2,000 മുതല്‍ 3,000 വരെ പേരെ പുതിയ വെട്ടിക്കുറയ്ക്കല്‍ ബാധിച്ചേക്കുമെന്നാണ് വിവരം. പേറോള്‍ ചെലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി നടപടികള്‍ ഉണ്ടാകുമെന്ന സൂചനകളെ തുടർന്ന് ജീവനക്കാർ ആശങ്കയിലാണ്. എന്നാല്‍ കമ്പനി ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
ഇതിനുപുറമെ മൈക്രോസോഫ്റ്റും (Microsoft) ഇന്ത്യയിലെ തങ്ങളുടെ ജീവനക്കാർക്കിടയില്‍ പെർഫോമൻസ് ഇംപ്രൂവ്‌മെന്റ് പ്ലാൻ (PIP) നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ജീവനക്കാരുടെ ഏകദേശം 2 ശതമാനത്തോളം വരുന്ന 400 മുതല്‍ 500 വരെ ജീവനക്കാരെ ഇത് ബാധിച്ചേക്കുമെന്നാണ് മാർക്കറ്റ് റിസർച്ച് സ്ഥാപനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇത് സാധാരണയായി നടപ്പിലാക്കുന്ന പെർഫോമൻസ് അധിഷ്ഠിത നടപടികള്‍ മാത്രമാണെന്നും ഇതിനെ പിരിച്ചുവിടലായി വ്യാഖ്യാനിക്കേണ്ടതില്ലെന്നുമാണ് മൈക്രോസോഫ്റ്റ് വക്താവ് വ്യക്തമാക്കിയിട്ടുള്ളത്

