കേരളത്തില്‍ ആദ്യമായി ഹൈ റീച്ച് എക്സ്റ്റെൻഡബിള്‍ ടററ്റ് (HRET) സജ്ജീകരിച്ച അത്യാധുനിക റോസൻബൗർ പാന്തർ ക്രാഷ് ഫയർ ടെൻഡർ സേവനത്തിറക്കി തിരുവനന്തപുരം ഇന്റർനാഷണല്‍ എയർപോർട്ട്.
ഇതോടെ വിമാനാപകട രക്ഷാപ്രവർത്തന-അഗ്നിശമന (ARFF) ശേഷി കൂടുതല്‍ ശക്തമാകും. സാധാരണ ഫയർഫൈറ്റിംഗ് ടററ്റുകളില്‍ നിന്ന് വ്യത്യസ്തമായി, എച്ച് ആർ ഇടി സംവിധാനത്തിന് വിമാനത്തിന്റെ പുറംഭാഗം തുളച്ച് യാത്രക്കാരുടെ കാബിനിലേക്കോ കാർഗോ വിഭാഗത്തിലേക്കോ നേരിട്ട് വെള്ളം, ഫോം തുടങ്ങിയ അഗ്നിശമന വസ്തുക്കള്‍ എത്തിക്കാൻ കഴിയും. ഇതിലൂടെ തീ വേഗത്തില്‍ നിയന്ത്രണവിധേയമാക്കാനും അടിയന്തര സാഹചര്യങ്ങളിലെ അപകടസാധ്യത കുറയ്ക്കാനും യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാനും സാധിക്കും. 12 കോടിയലധികം രൂപയാണ് വാഹനത്തിന്റെ വില.
വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന അത്യാധുനിക തെർമല്‍ ഇമേജിംഗ് ക്യാമറ യാത്രക്കാരുടെ കാബിൻ, കാർഗോ വിഭാഗം തുടങ്ങിയ അടച്ചിട്ട ഭാഗങ്ങളിലെ തീയും ചൂടേറിയ ഭാഗങ്ങളും കണ്ടെത്താൻ സഹായിക്കുന്നു. പുറത്തുനിന്ന് കാണാനാകാത്ത തീപിടിത്തങ്ങള്‍ പോലും വേഗത്തില്‍ കണ്ടെത്തി നിയന്ത്രിക്കാൻ ഇതിലൂടെ കഴിയും. പൂർണമായി ഉയർത്തുമ്പോള്‍ എച്ച്‌ആർ ഇ ടി 16.5 മീറ്റർ ഉയരത്തിലെത്താം. ഇത് ഏകദേശം അഞ്ച് നില കെട്ടിടത്തിന്റെ ഉയരത്തിന് തുല്യമാണ്. ജെറ്റ്, സ്പ്രേ മോഡുകളില്‍ 85 മീറ്റർ വരെ വെള്ളം ചീറ്റാനും ഇതിന് കഴിയും.
വാഹനം സഞ്ചരിക്കുന്നതിനിടയിലും ടററ്റുകള്‍ പ്രവർത്തിപ്പിച്ച് തീ അണയ്ക്കാൻ കഴിയുന്ന "പമ്പ് ആൻഡ് റോള്‍" സവിശേഷതയും ഇതിലുണ്ട്. കൂടാതെ വാഹനത്തിന്റെ അടിഭാഗത്തും നിലത്തും ഘടിപ്പിച്ചിരിക്കുന്ന പ്രത്യേക നോസിലുകള്‍ വാഹനം കടന്നുപോകുമ്പോഴും സുരക്ഷ ഉറപ്പാക്കുന്നു. 11,300 ലിറ്റർ വെള്ളം, 1,300 ലിറ്റർ ഫോം, 250 കിലോഗ്രാം ഡ്രൈ കെമിക്കല്‍ പൗഡർ (DCP) എന്നിവ വഹിക്കാൻ ഈ ക്രാഷ് ഫയർ ടെൻഡറിന് കഴിയും. 700 ഹോഴ്‌സ്‌പവർ ശേഷിയുള്ള 16.1 ലിറ്റർ വോള്‍വോ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 30 സെക്കൻഡില്‍ താഴെ സമയത്തില്‍ 80 കിലോമീറ്റർ വേഗത കൈവരിക്കാനും പരമാവധി 120 കിലോമീറ്റർ വേഗത്തില്‍ സഞ്ചരിക്കാനും ഇതിന് കഴിയും.
പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളിലും വേഗത്തില്‍ പ്രവർത്തിക്കാൻ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ വാഹനത്തില്‍ 24R21 XZL ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഉയർന്ന വേഗതയിലും വളവുകളിലും മികച്ച സ്ഥിരത ഉറപ്പാക്കുന്ന ഇവ, എല്ലാ ചക്രങ്ങളിലേക്കുമുള്ള ഡ്രൈവ് സംവിധാനത്തോടൊപ്പം വിവിധ ഭൂപ്രദേശങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഈ അത്യാധുനിക ക്രാഷ് ഫയർ ടെൻഡറിന്റെ വരവോടെ തിരുവനന്തപുരം ഇന്റർനാഷണല്‍ എയർപോർട്ട് അന്താരാഷ്ട്ര വിമാന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും യാത്രക്കാരുടെയും വിമാനക്കമ്പനികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിലും ശക്തമായി മുന്നേറുകയാണ്.
Thiruvananthapuram International Airport upgrades aviation safety with Kerala's first Rosenbauer Panther HRET crash fire tender, featuring advanced fuselage-piercing technology.

