രാജ്യത്തെ ആദ്യത്തെ കൊമേഴ്‌സ്യല്‍ സീപ്ലെയിൻ സർവീസുകള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങി സ്കൈഹോപ് ഏവിയേഷൻ (SkyHop Aviation).
ഇതിന്റെ ഭാഗമായി ഋഷികേശിലെ ഗംഗാ ബാരേജില്‍ നടത്തിയ പരീക്ഷണ പറക്കല്‍ വിജയമായി. നദിയില്‍ നിന്ന് സുരക്ഷിതമായി ലാൻഡ് ചെയ്യാനും ടേക്ക്-ഓഫ് ചെയ്യാനും വിമാനത്തിന് സാധിച്ചു. വലിയ റണ്‍വേകള്‍ ആവശ്യമില്ലാത്ത ഇത്തരം സീപ്ലെയിനുകള്‍ക്ക് നദികളിലും കായലുകളിലും കടലിലും ഇറങ്ങാൻ സാധിക്കുമെന്നത് വിമാനത്താവളങ്ങള്‍ നിർമ്മിക്കാൻ പ്രയാസമുള്ള ഉള്‍പ്രദേശങ്ങളില്‍ വിനോദസഞ്ചാരത്തിനും യാത്രയ്ക്കും വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.
ലക്ഷദ്വീപിലെ അഞ്ച് ദ്വീപുകളെ തമ്മിലും ദ്വീപുകളെ കരയുമായും ബന്ധിപ്പിച്ചു കൊണ്ടായിരിക്കും ആദ്യഘട്ടത്തില്‍ സർവീസുകള്‍ ആരംഭിക്കുകയെന്ന് സ്കൈഹോപ് സിഇഒ അവനി സിംഗ് വ്യക്തമാക്കി. നിലവില്‍ 19 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങളായിരിക്കും ഇതിനായി ഉപയോഗിക്കുക. ഡിജിസിഎയുടെയും വ്യോമയാന മന്ത്രാലയത്തിന്റെയും അനുമതി ലഭിക്കുന്നതോടെ സർവീസുകള്‍ ഔദ്യോഗികമായി ആരംഭിക്കും. യാത്രകള്‍ സുഗമമാക്കുന്നതിനൊപ്പം യാത്രാസമയം ഗണ്യമായി കുറയ്ക്കാനും ഈ പദ്ധതിയോടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
SkyHop Aviation successfully completes seaplane trials in Rishikesh. Learn about the upcoming 19-seater commercial flights connecting Lakshadweep islands.

