Dailyhunt
സൂര്യകിരണ്‍ ടീമിൻ്റെ 'ശബ്ദമായി' കൻവാള്‍ സന്ധു

സൂര്യകിരണ്‍ ടീമിൻ്റെ 'ശബ്ദമായി' കൻവാള്‍ സന്ധു

channeliam 0 months ago

ന്ത്യൻ വ്യോമസേനയുടെ അഭിമാനമായ 'സൂര്യകിരണ്‍' എയ്റോബാറ്റിക് ടീമിൻ്റെ (SKAT) പ്രകടനങ്ങള്‍ ആകാശത്ത് വിസ്മയം തീർക്കുമ്പോള്‍, ആ അഭ്യാസപ്രകടനങ്ങളെ ആവേശകരമായ വാക്കുകളിലൂടെ ജനങ്ങളിലെത്തിക്കുന്ന 'സൂര്യകിരണിന്റെ ശബ്ദമാണ്' ഫ്ലൈറ്റ് ലഫ്റ്റനന്റ് കൻവാള്‍ സന്ധു.

ടീമിൻ്റെ ഒഫീഷ്യല്‍ കമന്റേറ്റർ, അഡ്മിനിസ്ട്രേറ്റർ, പിആർഒ എന്നീ നിലകളില്‍ പ്രവർത്തിക്കുന്ന ഈ 29കാരി, വ്യോമസേനയുടെ കരുത്തും കൃത്യതയും പൊതുജനങ്ങള്‍ക്ക് ലളിതമായി വിവരിച്ചുനല്‍കുന്ന മുഖമായി മാറിയിരിക്കുകയാണ്.

സൈനിക കുടുംബം
ചണ്ഡീഗഡിനടുത്തുള്ള പാഞ്ച്കുള സ്വദേശിയായ കൻവാള്‍, സൈനിക പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് വരുന്നത്. പിതാവ് കേണല്‍ കിർപാല്‍ സിംഗും മാതാവ് ബ്രിഗേഡിയർ കരംജിത് കൗറും ഇന്ത്യൻ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചവരാണ്. മണിപ്പാല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ആർക്കിടെക്ചറില്‍ ബിരുദം നേടിയ കൻവാള്‍, സിവില്‍ മേഖലയില്‍ കരിയർ ആരംഭിച്ചെങ്കിലും 2019ലെ 'ഏയ്റോ ഇന്ത്യ' പ്രദർശനമാണ് വഴിത്തിരിവായത്. വ്യോമസേനയുടെ പ്രകടനങ്ങള്‍ നേരിട്ട് കണ്ടതോടെ തനിക്കും ആ ലോകത്തിന്റെ ഭാഗമാകണമെന്ന് അവർ ഉറപ്പിച്ചു. തുടർന്ന് അതേവർഷം തന്നെ എയർഫോഴ്സ് കോമണ്‍ അഡ്മിഷൻ ടെസ്റ്റ് (AFCAT) വിജയിച്ച്‌ 2020 ഡിസംബറില്‍ വ്യോമസേനയില്‍ കമ്മീഷൻ ചെയ്യപ്പെട്ടു. ഇന്ന് സൂര്യകിരണ്‍ ടീമിൻ്റെ പ്രവർത്തനങ്ങളില്‍ കൻവാളിന്റെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്.

ദേശസ്നേഹത്തെ തൊട്ടുണർത്തല്‍
സൂര്യകിരണ്‍ ടീം നടത്തുന്ന സങ്കീർണ്ണമായ ഓരോ ഫോർമേഷൻസിനെയും വായുസേനയുടെ അച്ചടക്കത്തെയും ദേശസ്‌നേഹത്തെയും തൊട്ടുണർത്തുന്ന രീതിയില്‍ വിവരിക്കുന്നതിലൂടെ കൻവാള്‍ ലക്ഷ്യമിടുന്നത് അടുത്ത തലമുറയെ സേനയിലേക്ക് ആകർഷിക്കുക എന്നതാണ്. അടുത്തിടെ ചണ്ഡീഗഡിലെ സുഖ്‌ന തടാകത്തില്‍ നടന്ന പ്രദർശനമുള്‍പ്പെടെ നിരവധി വേദികളില്‍ കൻവാളിന്റെ ശബ്ദം മുഴങ്ങിക്കഴിഞ്ഞു. യൂണിഫോം ധരിച്ചു കഴിഞ്ഞാല്‍ സ്ത്രീ-പുരുഷ വിവേചനമില്ലാത്ത ഇടമാണ് ഇന്ത്യൻ പ്രതിരോധ സേനയെന്ന് വിശ്വസിക്കുന്ന കൻവാള്‍ സന്ധു, ഇന്ന് രാജ്യത്തെ ആയിരക്കണക്കിന് യുവതികള്‍ക്ക് വലിയ മാതൃകയാവുകയാണ്.

Discover the inspiring story of Flight Lieutenant Kanwal Sandhu, the official commentator and PRO of the IAF's Surya Kiran Aerobatic Team, who brings aerial displays to life with her powerful narration.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Channeliam Malayalam