വേദിയില്‍ തന്നെ പുകഴ്ത്തിയ ധനുഷിനെക്കുറിച്ച് നർമം കലർത്തിയ പ്രസംഗവുമായി മമ്മൂട്ടി. മമ്മൂട്ടിയും ധനുഷും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രം ഓമിന്റെ കൊച്ചി പ്രൊമോഷനിടെയായിരുന്നു ആരാധകരെ കൈയിലെടുത്ത ആ പ്രസംഗം.
ധനുഷിന് ആദ്യം കുറച്ച് അകല്‍ച്ചയുണ്ടായിരുന്നുവെന്നും ഇപ്പോള്‍ എന്നെ കാണാതെ ഉറങ്ങില്ലെന്നും മമ്മൂട്ടി പറഞ്ഞത് കൈയടികളോടെയാണ് സദസ് സ്വീകരിച്ചത്.
‘ആദ്യം ധനുഷിന് എന്നോട് ഒരു അകല്‍ച്ചയുണ്ടായിരുന്നു. ഞാൻ വിടുവോ?, നമ്മള് ശത്രുവിനെ മിത്രമാക്കുന്ന ആളല്ലേ, ഞാൻ അങ്ങ് ചേർത്തുപിടിച്ചു. എല്ലാം സെറ്റാക്കി. ഇപ്പോ പുള്ളിക്കാരന് എന്നെ കാണാതെ ഉറക്കം വരില്ല. ആ കണ്ടീഷനാക്കിയിട്ടുണ്ട്.
ആദ്യം തന്നെ പറയണം, ഇതൊരു മലയാള പടമല്ല, തമിഴ് പടമാണ്. പക്ഷേ, നിങ്ങളുടെ ഈ ആഗ്രഹവും ആവേശവും കാണുമ്പോള്‍ ഇതൊരു മലയാള പടം പോലെ തന്നെയാണ് എനിക്ക് തോന്നുന്നത്. ഒരു മലയാള പടത്തിന് എടുക്കുന്നതിനേക്കാള്‍ മൂന്നും നാലും ഇരട്ടി എഫർട്ട് ഞാൻ ഈ പടത്തിന് വേണ്ടി എടുത്തിട്ടുണ്ട്.
എന്നെ ഈ സിനിമയിലേക്ക് വിളിക്കുമ്പോള്‍ സത്യത്തില്‍ ഞാൻ അഭിനയിക്കാൻ പറ്റിയ ഒരു അവസ്ഥയിലായിരുന്നില്ല. ഞാൻ സംവിധായകനോട് പറഞ്ഞു, "എനിക്ക് ബുദ്ധിമുട്ടായിരിക്കും" എന്ന്. അപ്പോള്‍ പുള്ളി പറഞ്ഞു, "സാർ, നിങ്ങള്‍ക്ക് എപ്പോ സൗകര്യമോ അപ്പോ എടുക്കാം" എന്ന്. അങ്ങനെ ഒരു അഞ്ചെട്ട് മാസം കഴിഞ്ഞിട്ടാണ് ഞാൻ ഷൂട്ടിങ് തുടങ്ങിയത്.
അത്രത്തോളം എന്നെ ഈ സിനിമയ്ക്ക് ആവശ്യമുണ്ടെന്ന് തോന്നിയതുകൊണ്ടാണ് ഞാൻ ആ വേഷം ചെയ്യാൻ തയ്യാറായത്. പിന്നെ രാവും പകലും ഷൂട്ട് ഉണ്ടായിരുന്നു, എങ്കിലും ഇവരെല്ലാം കൂടെ ഉള്ളതുകൊണ്ട് വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. രാവിലെ എണീറ്റ് ലൊക്കേഷനിലേക്ക് പോകാൻ തന്നെ വലിയ രസമായിരുന്നു; എല്ലാവരുടെയും ബഹളവും സന്തോഷപൂർവ്വമായ സമയങ്ങളും. പിന്നെ മദ്രാസില്‍ ആയതുകൊണ്ട് ചെറിയ ചില സൗകര്യങ്ങളൊക്കെ ഉണ്ടായിരുന്നു.
ഈ സിനിമയുടെ സംവിധായകൻ. ആ മനുഷ്യനെക്കുറിച്ച് പറയണം. പുള്ളിക്ക് ഭയങ്കര ആവേശവും ആഗ്രഹവുമാണ്. സിനിമ അയാള്‍ക്ക് ജീവനാണ്. എവിടെ തൊട്ടാലും നമുക്ക് പുള്ളിയെ കിട്ടും; സിനിമയുടെ ഏതു കാര്യം ചോദിച്ചാലും പുള്ളിയുടെ കൈയില്‍ ഉത്തരമുണ്ട്. പിന്നെ, പുള്ളി ഒരിക്കലും ദേഷ്യപ്പെട്ട് ഞാൻ കണ്ടിട്ടില്ല. ചില സമയത്ത് ഷൂട്ടിംഗില്‍ തടസങ്ങളും ബുദ്ധിമുട്ടുകളുമൊക്കെ ഉണ്ടാകുമ്പോള്‍, പുള്ളി അത് ഡീല്‍ ചെയ്യുന്നത് കണ്ടുകഴിഞ്ഞാല്‍.
അതൊക്കെ ചില രാഷ്ട്രീയക്കാർക്ക് പറ്റുന്ന പരിപാടിയാണ്. അത്ര സിമ്പിളായിട്ടാണ് പുള്ളി അതൊക്കെ കൈകാര്യം ചെയ്യുന്നത്. നമുക്കൊക്കെ ചിലപ്പോള്‍ സ്ട്രെസ് ഉണ്ടാകും, രാത്രി ഒരുപാട് നേരം ഷൂട്ട് നീണ്ടുപോകുമ്പോള്‍ ക്ഷീണം തോന്നും. പക്ഷേ പുള്ളി ചിരിച്ചുകൊണ്ട് വന്ന് സ്നേഹത്തോടെ കാര്യങ്ങള്‍ പറയുമ്പോള്‍, നമുക്ക് 'നോ' പറയാൻ പോലും തോന്നില്ല! അത്രയും സ്വീറ്റാണ് ആ മനുഷ്യൻ.
ആ ഒരൊറ്റ കാരണം കൊണ്ടു മാത്രമാണ് ഞാൻ അത്രയും ദിവസം ആ സിനിമയില്‍ നിന്നത്. പലപ്പോഴും ക്ഷീണവും വിഷമവുമൊക്കെ തോന്നുണ്ടെങ്കിലും നിന്നുകൊടുക്കും, അത്രത്തോളം സ്നേഹമാണ് പുള്ളി കാണിക്കുന്നത്.
പിന്നെ, ഈ സിനിമയുടെ കഥയും കഥാപാത്രവുമൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമായി. സത്യം പറഞ്ഞാല്‍ ഈ യംഗ് സ്റ്റാർസിന്റെ കൂടെയൊക്കെ ഞാൻ അഭിനയിച്ചിട്ടേയില്ല! രജിനികാന്ത് സാർ ആ ഒരു ലൈനില്‍ ഒക്കെ അഭിനയിച്ചുപോയി, പിന്നെ കുറെ നാള്‍ കഴിഞ്ഞിട്ടാണ് ഞാൻ ഈ സിനിമയിലൊക്കെ അഭിനയിക്കുന്നത്. ഈ പടത്തിലുള്ള മറ്റു യൂണിറ്റ് ആള്‍ക്കാരും, ക്യാമറാമാൻ, മ്യൂസിക് ഡയറക്ടർ, പ്രൊഡ്യൂസേഴ്സ്, കൂടെ അഭിനയിക്കുന്ന പ്രധാന നടന്മാർ മുതല്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്നവർ വരെ... എല്ലാവരും ഭയങ്കര വൈബ് ആയിരുന്നു!
ഇപ്പോ ഞാൻ പറഞ്ഞല്ലോ ഇതില്‍ അഞ്ച് ഹീറോസ് ഉണ്ടെന്ന്. അതില്‍ ഞാനൊന്നും പെടില്ല കേട്ടോ! ഈ പടത്തില്‍ സായ് പല്ലവി അഭിനയിക്കുന്നത് ഒരു ഇൻസ്പെക്ടർ വേഷത്തിലാണ്. ഭയങ്കര ഇൻസ്പെക്ടർ ആണ്! പേടിപ്പിക്കലും ഇടിയും ഫൈറ്റും പിടിയുമൊക്കെ ഉണ്ട്. നല്ല മാസ് ഡയലോഗ്സൊക്കെയുണ്ട്. "പൂച്ച ഇരുന്നിട്ട് പുലിയെപ്പോലെ ചാടുക" എന്ന് പറയില്ലേ, അതുപോലെയുള്ള കിടിലൻ ആക്ഷൻ സീനുകളൊക്കെയാണ് സായ് പല്ലവിയുടേത്.
എനിക്ക് തോന്നുന്നു ഈ 'രാമായണം' സിനിമ വന്നില്ലായിരുന്നെങ്കില്‍, ഇതായിരിക്കും സായ് പല്ലവിയുടെ ആദ്യത്തെ ആക്ഷൻ പടം! ആ ഫൈറ്റ് സീനുകളൊക്കെ ചെയ്യുമ്പോള്‍ നമുക്ക് തോന്നും, ഇവർ ശരിക്കും എന്തെങ്കിലും കരാട്ടെയോ മറ്റോ പഠിച്ചിട്ടുണ്ടോ എന്ന്! അത്രയും സിൻസിയർ ആയിട്ടാണ് ചെയ്യുന്നത്.
പൊടിയും തട്ടയുമൊക്കെ പറ്റി, താഴെ വീഴുന്നതൊക്കെ ഉണ്ട്, എങ്കിലും അതൊന്നും നോക്കാതെ നായകന്മാരെപ്പോലെ അത്രയും സ്ട്രോങ് ആയിട്ടാണ് ചെയ്യുന്നത്. എനിക്ക് തോന്നുന്നു വിജയശാന്തിക്ക് ശേഷം അത്തരത്തിലുള്ള ആദ്യത്തെ ആക്ഷൻ ഹീറോയിൻ. അല്ല, ആക്ഷൻ ഹീറോ സായ് പല്ലവിയാണ്!
ധനുഷിനെപ്പറ്റി ഞാൻ പ്രത്യേകിച്ച് ഒന്നും പറയേണ്ടതില്ലല്ലോ. ധനുഷ് നേരത്തെ പറഞ്ഞതാണല്ലോ കാര്യങ്ങളെല്ലാം. ഈ വേദിയില്‍ വന്ന് പുള്ളി എന്നെപ്പറ്റി പറഞ്ഞതൊക്കെ കേട്ട് ഞാൻ ശരിക്കും അമ്പരന്നുപോയി! എന്നെപ്പറ്റി ഞാൻ പോലും കേട്ടിട്ടും അറിഞ്ഞിട്ടും ഇല്ലാത്ത കാര്യങ്ങളൊക്കെയാണ് പുള്ളി പറഞ്ഞത്.
പരസ്പര ബഹുമാനത്തോടെയാണ് ഞങ്ങള്‍ ലൊക്കേഷനില്‍ കഴിഞ്ഞത്. പുള്ളിയുടെ അച്ഛൻ (കസ്തൂരി രാജ) ഒരു വലിയ ഡയറക്ടറാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ഈ അടുത്തിടെ പുള്ളിയുടെ അച്ഛൻ അഭിനയിച്ച ഒരു സിനിമ ഞാൻ യാദൃശ്ചികമായി കണ്ടു 'ഹബീബി' എന്ന് പറയുന്ന ഒരു പടം. അപൂർവ്വമായി തമിഴില്‍ വരുന്ന ഒരു മുസ്ലിം ബാക്ക്ഗ്രൗണ്ടിലുള്ള കഥയാണ്.
സത്യം പറഞ്ഞാല്‍ പുള്ളി ഇങ്ങനെയൊക്കെ അഭിനയിക്കുമെന്ന് ഞാൻ കരുതിയതേയില്ല; കണ്ടിട്ട് ഞാൻ ഞെട്ടിപ്പോയി. ധനുഷിന്റെ അച്ഛൻ തന്നെയാണ്, യാതൊരു സംശയവുമില്ല, അത്രയും നന്നായിട്ടാണ് ആ മനുഷ്യൻ അഭിനയിച്ചിരിക്കുന്നത്! ഞാൻ ചുമ്മാ ധനുഷിനോട് അത് പറഞ്ഞപ്പോള്‍ പുള്ളിക്ക് അത്രയും സന്തോഷമായി. ഒരാളെ കണ്ട് നല്ലതാണെന്ന് പറയുന്നത് കൊണ്ട് നമുക്ക് യാതൊരു നഷ്ടവുമില്ലല്ലോ; മോശമാണെന്ന് പറയാൻ മാത്രം നമ്മള്‍ സൂക്ഷിച്ചാല്‍ മതി.
പിന്നെ, ഈ സിനിമയില്‍ ഞാൻ വില്ലനാണോ ഹീറോ ആണോ എന്ന് എനിക്ക് തന്നെ ഇതുവരെ മനസ്സിലായിട്ടില്ല! എന്തുവായാലും ശരി, പടം വരട്ടെ. പടം വരുന്നതുവരെ കാത്തിരിക്കാൻ ആ ഒരു ആകാംക്ഷ ഉണ്ടാവുമല്ലോ, സിനിമ എങ്ങനെയിരിക്കും, എന്തായിരിക്കും എന്നൊക്കെ അറിയാൻ. പക്ഷേ, പറയുകയാണെങ്കില്‍ ഇതൊരു നല്ല കഥയാണ്, വളരെ ശക്തമായൊരു വിഷയം. രണ്ട് സ്റ്റേറ്റുകള്‍ തമ്മിലുള്ള കഥ. രണ്ട് ക്ഷേത്രനഗരങ്ങള്‍, ഒന്ന് തിരുപ്പതി, മറ്റൊന്ന് തിരുവണ്ണാമല. ഈ രണ്ട് നഗരങ്ങള്‍ക്കിടയില്‍ നടക്കുന്ന കഥയാണ്, ആ രണ്ട് ക്ഷേത്രനഗരങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന സാധാരണ മനുഷ്യരുടെ കഥ. നമ്മള്‍ സാധാരണ കാണുന്ന താരങ്ങളൊന്നുമല്ല ഇതിലുള്ളത്, യഥാർത്ഥ മനുഷ്യരുണ്ട്. നമുക്ക് തന്നെ അധികം പരിചയമില്ലാത്ത, നമ്മള്‍ കാണാത്ത ഒരുപാട് മനുഷ്യരുണ്ട്. അവരുടെ ജീവിതത്തില്‍ നിന്നാണ് ഈ കഥാപാത്രങ്ങളൊക്കെ ഉണ്ടാകുന്നത്.
ഇപ്പോള്‍ തിരുവണ്ണാമലയിലൊക്കെ ഉള്ള 'മലയാളികള്‍' എന്ന് പറയുന്ന ഒരു കൂട്ടരുണ്ട്, നമ്മളല്ല കേട്ടോ, മലയില്‍ താമസിക്കുന്ന ആള്‍ക്കാരെയാണ് അവർ അങ്ങനെ വിളിക്കുന്നത്. ഈ മലയാളികളാണ് അവിടെ കൂടുതല്‍ മരം വെട്ടുന്ന ജോലികളൊക്കെ ചെയ്യുന്നത്. അവരുടെയൊക്കെ കഥയാണ് ഈ സിനിമ. രക്തചന്ദനം വെട്ടുകയെന്നതൊക്കെ വലിയ ക്രൈം അല്ലേ? രണ്ട് സ്റ്റേറ്റിന്റെ ബോർഡറിലുള്ള, ആ 'ശേഷാചലം' വനമേഖലയില്‍. അവിടെ മരം വെട്ടുന്ന ആള്‍ക്കാരുടെ കഥയാണ്. അത് കേള്‍ക്കുമ്പോള്‍ തന്നെ ഭയങ്കര ടച്ചിങ് ആണ്. ഇതില്‍ ഇന്ദ്രൻസിന്റെയൊക്കെ കഥാപാത്രം തകർപ്പൻ പെർഫോമൻസ് ആണ്, ഞാൻ അതിനെക്കുറിച്ച് കൂടുതല്‍ ഒന്നും പറയുന്നില്ല. ഇനി കുറച്ചു ദിവസങ്ങള്‍ക്കല്ലേ ഉള്ളൂ, ആ സിനിമ തിയറ്ററില്‍ വരുന്നത് വരെ കുറച്ചു കൂടി ഒന്ന് സഹിക്കുക. സഹിക്കേണ്ടി വരില്ല, ഫുള്‍ ഐറ്റംസ് പാക്ക് ചെയ്ത് റെഡിയാക്കി വെച്ചിട്ടുണ്ട്.
സിനിമ തുടങ്ങുമ്പോള്‍ എവിടെയൊക്കെയോ നിന്ന് വന്നു കൂടുന്ന ആള്‍ക്കാർ, ഒരു നാലഞ്ച് ദിവസം കഴിയുമ്പോള്‍ ഒരു ഫാമിലി പോലെയായി മാറും. നമ്മള്‍ തമ്മിലുള്ള ആ ഒരു റിലേഷൻഷിപ്പ് അവിടെ ബില്‍ഡ് അപ്പ് ആകും. അത് എല്ലാവർക്കും പറഞ്ഞാല്‍ മനസ്സിലാകുമോ എന്ന് എനിക്കറിയില്ല. ചേട്ടൻ, അനിയൻ, അമ്മ. അങ്ങനെ ആള്‍ക്കാരുമായിട്ടുള്ള ഒരു ആത്മബന്ധം, പൂർണ്ണമായില്ലെങ്കിലും ആ ചെറിയൊരു നൂലിന്റെ ഇഴയടുപ്പം പോലെ നമ്മളെ ഇമോഷണലി കണക്റ്റ് ചെയ്യും. അതുപോലെയാണ് ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും പരസ്പരം ഇടചേർന്ന് കണക്ടായി നിന്നത്. അതുകൊണ്ട് ലൊക്കേഷനില്‍ ആർക്കും യാതൊരു ഈഗോ പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടായിട്ടില്ല. രാവിലെ സമയത്തിന് വരുന്നു, ഡയലോഗ് പറയുന്നു. ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഞങ്ങള്‍ അങ്ങനെ എത്രയോ ദിവസങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു! രാവിലെ രണ്ടര മണിക്കൂർ ദൂരമൊക്കെ യാത്ര ചെയ്താണ് പലപ്പോഴും ഷൂട്ടിംഗിന് പോയിരുന്നത്. അത്രയും കഷ്ടപ്പെട്ടിട്ടുള്ള ഒരു പടമാണിത്.”

