Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗള്ളി ക്രിക്കറ്റും കട്ടിംഗ് ചായയും; മുംബൈയുടെ ഹൃദയം  തൊട്ട് വില്യമും കേറ്റും

ഗള്ളി ക്രിക്കറ്റും കട്ടിംഗ് ചായയും; മുംബൈയുടെ ഹൃദയം തൊട്ട് വില്യമും കേറ്റും

ദീപിക 14 mins ago

മുംബൈ: ഗലി ക്രിക്കറ്റ് കളിച്ചും മണ്‍കപ്പില്‍ പ്രശസ്തമായ കട്ടിംഗ് ചായ നുണഞ്ഞും മെട്രോയില്‍ യാത്ര ചെയ്തും മുംബൈയുടെ തെരുവുജീവിതം ആസ്വദിച്ച്‌ ബ്രിട്ടീഷ് രാജകുമാരൻ വില്യമും ഭാര്യ കാതറിൻ രാജകുമാരിയും (കേറ്റ് മിഡില്‍ട്ടണ്‍).

ആറാമത് എർത്ത്ഷോട്ട് പ്രൈസ് പുരസ്കാരദാന ചടങ്ങില്‍ പങ്കെടുക്കാനായി മൂന്നു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ഇന്നലെ രാവിലെ എത്തിയ രാജദമ്പതികള്‍ ആദ്യദിനംതന്നെ മുംബൈയുടെ തനിമയാർന്ന ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുല്‍ക്കറിനൊപ്പമുള്ള ഗലി ക്രിക്കറ്റ് മത്സരവും പ്രാദേശിക ചായക്കടയിലെ സന്ദർശനവും പൊതുജനശ്രദ്ധ പിടിച്ചുപറ്റി.

ദക്ഷിണ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിനു സമീപമുള്ള ബല്ലാർഡ് എസ്റ്റേറ്റില്‍ പരമ്പരാഗത ധോല്‍-താഷ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണു രാജദമ്പതികളെ സ്വീകരിച്ചത്. പരിപാടിയില്‍ സച്ചിൻ തെണ്ടുല്‍ക്കറും വിവിധ സംഘടനകളില്‍നിന്നുള്ള സ്കൂള്‍ വിദ്യാർഥികളും പങ്കെടുത്തു. കുട്ടികള്‍ക്കൊപ്പം കളിച്ചും ചിരിച്ചും സമയം ചെലവിട്ട രാജദമ്പതികള്‍ മുംബൈയുടെ പ്രിയപ്പെട്ട ഗലി ക്രിക്കറ്റിന്റെ ആവേശവും നേരിട്ടറിഞ്ഞു.

ക്രിക്കറ്റ് മത്സരത്തിനുശേഷം സമീപത്തെ ചായക്കടയില്‍നിന്ന് മുംബൈയുടെ ഏറെ പ്രശസ്തമായ കട്ടിംഗ് ചായയും ആസ്വദിച്ചു. ജെ.എൻ. ഹെരീഡിയ മാർഗിലെ തട്ടുകടയില്‍നിന്ന് കടയുടമകളായ ഭൈരവരാജ് ചൗധരിയും മനോജ് താക്കൂറുമാണ് മണ്‍കപ്പുകളില്‍ ചായ വിളമ്പിയത്. ഇഞ്ചി, ഏലയ്ക്ക, ഇഞ്ചിപ്പുല്ല് എന്നിവ ചേർത്തു തയാറാക്കിയ പ്രത്യേക ചായ രാജദമ്പതികള്‍ക്ക് ഏറെ ഇഷ്ടമായി. ചായ അതീവ രുചികരമാണെന്നു പറഞ്ഞ് കേറ്റ് അഭിനന്ദിച്ചതായി കടയുടമകള്‍ പറഞ്ഞു.

മുംബൈയിലെ പൊതുഗതാഗത സംവിധാനവും രാജദമ്പതികള്‍ അടുത്തറിഞ്ഞു. വിധാൻ ഭവൻ മെട്രോ സ്റ്റേഷനില്‍നിന്നു നഗരത്തിലെ ഏറ്റവും പുതിയ മെട്രോ പാതയിലായിരുന്നു യാത്ര. സാധാരണക്കാരുടെ യാത്രാനുഭവങ്ങള്‍ മനസിലാക്കാനും നഗരത്തിന്റെ വികസനമുന്നേറ്റം നേരിട്ടറിയാനുമുള്ള അവസരമായി ഈ യാത്ര.

2016 ഏപ്രിലിനുശേഷം ആദ്യമായാണു വില്യം രാജകുമാരനും കേറ്റും ഇന്ത്യയിലെത്തുന്നത്. 2024ല്‍ അർബുദ ചികിത്സയ്ക്കു വിധേയയായശേഷം കേറ്റ് നടത്തുന്ന പ്രധാനപ്പെട്ട വിദേശ സന്ദർശനങ്ങളിലൊന്നാണിത്. മുംബൈയിലെ പരിപാടികള്‍ക്കുശേഷം രാജദമ്പതികള്‍ നാളെ ന്യൂഡല്‍ഹിയിലേക്കു തിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതുള്‍പ്പടെയുള്ള പരിപാടികളും സന്ദർശനത്തിന്റെ ഭാഗമായി നിശ്ചയിച്ചിട്ടുണ്ട്.

മുംബൈ ബാന്ദ്ര-കുർള കോംപ്ലക്സിലെ ജിയോവേള്‍ഡ് കണ്‍വൻഷൻ സെന്ററിലാണ് ഇന്നു രാത്രി ആറാമത് എർത്ത്ഷോട്ട് പ്രൈസ് പ്രഖ്യാപനം നടക്കുക. 2020ല്‍ വില്യം രാജകുമാരൻ ആരംഭിച്ച എർത്ത്ഷോട്ട് പ്രൈസിനായി ഇതുവരെ 169 രാജ്യങ്ങളില്‍ നിന്നായി ഏഴായിരത്തോളം നാമനിർദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ ‘മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി’, ഡെന്മാർക്കിന്റെ ‘ഓർസ്റ്റെഡ്’ തുടങ്ങിയ പ്രമുഖ കോർപറേറ്റ് സ്ഥാപനങ്ങളും ഇത്തവണ ഫൈനലിസ്റ്റുകളുടെ പട്ടികയിലുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika