ചണ്ഡിഗഡ്: ഹരിയാനയിലെ ഗ്രേറ്റർ ഫരീദാബാദില്‍ പതിമൂന്നുകാരിയെ സുഹൃത്തിന്റെ മുന്നില്‍ വച്ച് കൂട്ടബലാത്സംഗത്തിനിരയായി.
സംഭവത്തില്‍ മൂന്ന് പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് 24-നാണ് സംഭവം.
ട്യൂഷൻ ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടി ഒപ്പമുണ്ടായിരുന്ന 16 കാരനായ ആണ്‍സുഹൃത്തിനൊപ്പം പ്രദേശത്തെ തകർന്ന കെട്ടിടത്തിനകത്തേക്ക് പോയിരുന്നു. ഇത് കണ്ട ഒരു സംഘം യുവാക്കള്‍ ഇവരെ പിന്തുടർന്ന് കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറുകയും ഇരുവരേയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ആണ്‍സുഹൃത്തിന്റെ മുന്നില്‍ വച്ച് പെണ്‍കുട്ടിയെ പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
സംഭവത്തിന് ശേഷം പെണ്‍കുട്ടി കടുത്ത മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാൻ തുടങ്ങുകയും ഏകദേശം ഒരു മാസത്തോളം ഇക്കാര്യം മാതാപിതാക്കളില്‍ നിന്ന് മറച്ചുവയ്ക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ വീട്ടുകാർ നിരന്തരമായി ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്. ഉടൻ തന്നെ മാതാപിതാക്കള്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
ആണ്‍സുഹൃത്തിനെയും പ്രതികള്‍ ഉപദ്രവിച്ചതായി ആരോപണം ഉയർന്നിരുന്നെങ്കിലും പൊലിസ് ഇത് നിഷേധിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പൊലിസ് നിലവില്‍ മൂന്ന് പ്രതികളെ പിടികൂടിയിട്ടുണ്ട്. ഒളിവിലുള്ള മറ്റുള്ളവർക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലിസ് അറിയിച്ചു.

