ആയിരക്കണക്കിനു വർഷങ്ങളായി ഹിമപാളികള്‍ക്കിടയില്‍ സുരക്ഷിതമായിക്കിടന്ന, മനുഷ്യന്റെ അടയാളങ്ങള്‍ പതിഞ്ഞ പുരാരേഖകള്‍ ശേഖരിക്കുന്ന തിരക്കിലാണു ഗവേഷകർ!
ചരിത്രവസ്തുക്കളുടെ കണ്ടെത്തല്‍ ആവേശകരമാണെങ്കിലും, ഭൂമിയുടെ താപനിലയില്‍ ഭയാനകമായ ആഘാതമാണു വ്യക്തമാകുന്നതെന്നു ഗവേഷകർ പറയുന്നു. കലാവസ്ഥാ വ്യതിയാനം മൂലം ആർട്ടിക് മേഖലയിലെയും പർവതനിരകളിലെയും മഞ്ഞുപാളികള്‍ അതിവേഗം ഉരുകിയൊലിക്കുമ്പോള്‍ പുറത്തുവരുന്നത് ആയിരക്കണക്കിനു വർഷങ്ങള്‍ പഴക്കമുള്ള അപൂർവ പുരാവസ്തുക്കളാണ്. നോർവേയിലെ പ്രശസ്തമായ യൂട്ടൻഹൈമൻ പർവതനിരകളില്‍ നടത്തിയ പരിശോധനയിലാണു ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് 5,000 മുതല്‍ 6,000 വർഷം വരെ പഴക്കമുള്ള അസ്ത്രങ്ങള്‍ പുരാവസ്തുഗവേഷകർ കണ്ടെത്തിയത്.
നോർവെയില്‍ കണ്ടെത്തിയ അമ്പിന്‍റെ ഭാഗം.1790939336.jpg21 ദിവസത്തെ തിരച്ചില്‍, 48 അമ്പുകള്‍
ഇൻലാൻഡ് കൗണ്ടി കൗണ്‍സിലും ഓസ്ലോ സർവകലാശാലയിലെ മ്യൂസിയം ഓഫ് കള്‍ച്ചറല്‍ ഹിസ്റ്ററിയും ചേർന്നു നടത്തുന്ന 'സീക്രട്സ് ഓഫ് ദി ഐസ്' പദ്ധതിയുടെ ഭാഗമായാണു തിരച്ചില്‍ നടന്നത്. ലാംഗ്ഫോണ്‍, സ്റ്റോർഫോണ്‍, ഹാൻഡ്ക്ലെഫോണ്‍ തുടങ്ങിയ മഞ്ഞുപാളികള്‍ക്കു സമീപം നടത്തിയ മൂന്നാഴ്ച നീണ്ട തിരച്ചിലില്‍ 48 പുരാതന അമ്പുകളാണു സംഘം വീണ്ടെടുത്തത്. ഇതില്‍ ഏറ്റവും പഴക്കമേറിയതു കല്ലില്‍ തീർത്ത അന്പ് ആണ്. കൂടാതെ 3,600 വർഷം പഴക്കമുള്ളതും ചിപ്പിയുടെ തോടുകൊണ്ട് അഗ്രം നിർമിച്ചതുമായ മറ്റൊരു അമ്പും, അസ്ഥികളും ഇരുമ്പും കൊണ്ടു നിർമിച്ച മറ്റു ചില അമ്പുകളും കണ്ടെത്തിയവയിലുണ്ട്.
സാധാരണയായി ജൈവവസ്തുക്കള്‍ അന്തരീക്ഷ വായുവുമായി സമ്പർക്കത്തില്‍ വരുമ്പോള്‍ സൂക്ഷ്മജീവികളുടെ പ്രവർത്തനം മൂലം വേഗത്തില്‍ നശിച്ചുപോകാറുണ്ട്. എന്നാല്‍ മഞ്ഞിനടിയില്‍ വായുവും ഓക്സിജനും ലഭിക്കാത്ത കുറഞ്ഞ താപനിലയുള്ള അവസ്ഥയില്‍ സൂക്ഷ്മജീവികളുടെ പ്രവർത്തനം പൂർണമായും നിലയ്ക്കുന്നു. ഇതു പുരാതന വസ്തുക്കളെ കേടുപാടുകള്‍ കൂടാതെ ആയിരക്കണക്കിനു വർഷങ്ങള്‍ നിലനിർത്താൻ സഹായിക്കുന്നു. 2006-ല്‍ ഗവേഷണം ആരംഭിച്ചപ്പോള്‍ 2,000 വർഷത്തില്‍ താഴെ പഴക്കമുള്ള വസ്തുക്കളാണു ലഭിച്ചിരുന്നതെങ്കില്‍, നിലവില്‍ വൻതോതില്‍ മഞ്ഞുരുകുന്നതോടെ ഏറ്റവും ആഴത്തിലുള്ളതും പഴക്കമേറിയതുമായ മഞ്ഞുപാളികളില്‍നിന്നു കൂടുതല്‍ പുരാതന ശേഷിപ്പുകള്‍ പുറത്തുവരികയാണ്.
ലോമിലെ നോർവീജിയൻ മൗണ്ടൻ സെന്‍ററില്‍ പ്രദർശനത്തിനു വച്ചിരിക്കുന്ന അമ്പുകള്‍.1790939336.jpgആശങ്കപ്പെടുത്തുന്ന യാഥാർഥ്യം
പുതിയ കണ്ടെത്തലുകള്‍ ചരിത്രപഠനത്തിനു വലിയ സംഭാവനയാണെങ്കിലും, ഇതിനുപിന്നിലെ പരിസ്ഥിതിനാശം ഗ്ലേഷ്യല്‍ ആർക്കിയോളജിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആയിരക്കണക്കിനു വർഷങ്ങളായി മാറ്റമില്ലാതെ തുടർന്ന മഞ്ഞുപാളികളാണ് ഇപ്പോള്‍ പൂർണമായും ഇല്ലാതാകുന്നത്. നിലവിലെ അവസ്ഥ തുടർന്നാല്‍ ഇരുപതു വർഷത്തിനുള്ളില്‍ മേഖലയിലെ മഞ്ഞുപാളികള്‍ ഭൂരിഭാഗവും അപ്രത്യക്ഷമാകുമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍.
അതേസമയം, കണ്ടെത്തിയ പുരാവസ്തുക്കള്‍ നിലവില്‍ ലോമിലെ നോർവീജിയൻ മൗണ്ടൻ സെന്ററില്‍ പ്രത്യേക തണുപ്പുള്ള ഡിസ്പ്ലേ കേസില്‍ പ്രദർശനത്തിനു വച്ചിട്ടുണ്ട്. ഡിസംബറോടെ കൂടുതല്‍ ശാസ്ത്രീയ പഠനങ്ങള്‍ക്കും സംരക്ഷണത്തിനുമായി ഇവ ഓസ്ലോയിലെ മ്യൂസിയം ഓഫ് കള്‍ച്ചറല്‍ ഹിസ്റ്ററിയിലേക്കു മാറ്റും.

