മലപ്പുറം: പരപ്പനങ്ങാടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇൻസ്പെക്ടർ പിടിയില്‍. പ്രവാസി യുവതിയില്‍നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ ഹെല്‍ത്ത് ഇൻസ്പെക്ടർ തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്.
ശ്രീജിയാണ് അറസ്റ്റിലായത്.
വിജിലൻസാണ് ശ്രീജിയെ അറസ്റ്റ് ചെയ്തത്. പ്രവാസി യുവതി ആരംഭിച്ച പുതിയ ഹോട്ടലിനും ജ്യൂസ് കടയ്ക്കും ലൈസൻസ് അനുവദിക്കുന്നതിനാണ് ഹെല്‍ത്ത് ഇൻസ്പെക്ടർ കൈക്കൂലി ആവശ്യപ്പെട്ടത്. യുവതി നേരത്തേ ലൈസൻസിനായി കെ-സ്മാർട്ട് വഴി അപേക്ഷ നല്‍കിയിട്ടും രേഖകള്‍ കൃത്യമല്ലെന്ന് പറഞ്ഞ് മടക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ലൈസൻസിനായി കൈക്കൂലി ആവശ്യപ്പെട്ടത്.
ഇതോടെ യുവതി വിജിലൻസിനെ വിവരമറിയിച്ചു. വിജിലൻസ് നിർദേശപ്രകാരം പരാതിക്കാരി കൈക്കൂലി നല്‍കാമെന്ന് പറഞ്ഞു. തുടർന്ന് പരപ്പനങ്ങാടിയിലെ താമസസ്ഥലത്തുവച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹെല്‍ത്ത് ഇൻസ്പെക്ടർ പിടിയിലായത്.

