അന്തരിച്ച മിമിക്രി ആർട്ടിസ്റ്റും നടനുമായ കൊല്ലം സുധിയുടെ ആശ്രിതർക്ക് ഇൻഷ്വറൻസ് കമ്പനി ഒരു കോടിയിലധികം രൂപ നഷ്ടപരിഹാരം നല്‍കാൻ കോട്ടയം എംഎസിടി കോടതി ഉത്തരവിട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉയർന്നു വന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി രേണു സുധി.
സുധിയുമായുള്ള വിവാഹം നിയമപരമല്ലെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്കും ഇൻഷ്വറൻസ് തുകയെച്ചൊല്ലിയുള്ള വിമർശനങ്ങള്‍ക്കുമാണ് രേണു ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ പറഞ്ഞത്.
താനും സുധിയും തമ്മിലുള്ള ബന്ധം നിയമപരമല്ലെന്ന സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണങ്ങള്‍ക്ക് രേണു മറുപടി നല്‍കിയത്. "തെങ്ങണ സബ് രജിസ്ട്രേഷൻ ഓഫീസില്‍ ഞാനും സുധി ചേട്ടനും അദ്ദേഹത്തിന്റെ മൂത്ത മകൻ രാഹുലും എന്റെ വീട്ടുകാരും സാക്ഷികളായാണ് വിവാഹം രജിസ്റ്റർ ചെയ്തത്. 2017 മെയ് ഏഴിനായിരുന്നു വിവാഹം രജിസ്ട്രേഷൻ. വെറുതെ കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി കോടതിയെ പറ്റിക്കാൻ ആർക്കും കഴിയില്ല. ഞാൻ അദ്ദേഹത്തിന്റെ നിയമപരമായ ഭാര്യയാണ്," രേണു വ്യക്തമാക്കി.
തുക സുധി ചേട്ടന്റെ വിയോഗത്തിനുശേഷം കിട്ടുന്നതാണെന്നും അത് കേള്‍ക്കുമ്പോള്‍ തനിക്ക് ഏറെ വിഷമമുണ്ടെന്നും രേണു പറഞ്ഞു. കോടതിയുടെ മേല്‍നോട്ടത്തില്‍ അർഹതപ്പെട്ട നാല് പേർക്കാണ് തുക ലഭിക്കുന്നത്. മകനായ റിതുലിന് ലഭിക്കുന്ന വിഹിതം 18 വയസ് പൂർത്തിയായാല്‍ അവനു തന്നെ ഉപയോഗിക്കാമെന്നും എല്ലാ കാര്യങ്ങളും കോടതിയാണ് തീരുമാനിക്കുന്നതെന്നും രേണു പറഞ്ഞു.
മക്കളുടെ ഭാവി സുരക്ഷിതമായതില്‍ സന്തോഷമുണ്ടെന്നും ഇൻഷ്വറൻസ് തുക തട്ടിയെടുക്കേണ്ട ആവശ്യം തനിക്കില്ലെന്നും എത്ര കോടി കിട്ടിയാലും സുധി ചേട്ടനോളം വരില്ലെന്നും രേണു കൂട്ടിച്ചേർത്തു. വിവരമില്ലായ്മ കൊണ്ടും അസൂയ കൊണ്ടുമാണ് ചിലർ ഇത്തരം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും കോടതി കൃത്യമായ രീതിയിലാണ് അർഹരായവർക്ക് തുക വീതിച്ചു നല്‍കുന്നതെന്നും രേണു പറഞ്ഞു.

