ന്യൂഡല്‍ഹി: ദേശീയ, അന്തർദേശീയ മോട്ടോറിംഗ് പൈതൃകത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ച് ഫെഡറേഷൻ ഇന്റർനാഷണല്‍ ഡെസ് വെഹിക്കിള്‍സ് ആൻസിയൻസിന്റെ (FIVA) വേള്‍ഡ് വെഹിക്കിള്‍ ഹെറിറ്റേജ് പുരസ്കാരം മാരുതി 800ന്.
ഇതോടെ ഈ ആഗോള പുരസ്കാരം ലഭിക്കുന്ന ആദ്യത്തെഇന്ത്യൻ കാറായി മാരുതി 800 മാറി.
ദേശീയ സ്വത്വങ്ങളെ രൂപപ്പെടുത്തുകയും ദൈനംദിന ഗതാഗതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുകയും വ്യാവസായിക വികസനത്തിന് സംഭാവന നല്‍കുകയും അതത് കാലഘട്ടത്തിന്റെ ശാശ്വത പ്രതീകങ്ങളായി മാറുകയും ചെയ്ത വാഹനങ്ങളെ ആദരിക്കുന്നതിനാണ് ഈ അവാർഡ് നല്‍കുന്നത്.
യുണൈറ്റഡ് സ്റ്റേറ്റ്സ്, ബ്രസീല്‍, ജർമനി, ഫ്രാൻസ്, ഓസ്ട്രിയ, സ്ലോവേനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ ഉള്‍പ്പെടെ, ലോകമെന്പാടുമുള്ള ചരിത്രപരവും സാംസ്കാരികവുമായി പ്രാധാന്യമുള്ള 21 വാഹനങ്ങളില്‍ നിന്നാണ് ഈ പ്രശസ്ത ഹാച്ച്‌ബാക്ക് തരഞ്ഞെടുക്കപ്പെട്ടത്.
1982ല്‍ ഇന്ത്യാ ഗവണ്മെന്റുമായുള്ള സംയുക്ത സംരംഭത്തിലൂടെയാണ് സുസുക്കി മോട്ടോർ കോർപറേഷൻ ഇന്ത്യൻ വിപണിയില്‍ പ്രവേശിച്ചത്. 1983 ഡിസംബറില്‍ ആദ്യത്തെ മാരുതി 800 നിർമിച്ചു. പ്രതിവർഷം 40,000 കാറുകളുടെ ഉത്പാദനത്തോടെ ആരംഭിച്ച ഇത്, തുടർന്നുള്ള 30 വർഷത്തിനിടെ 29 ലക്ഷത്തിലധികം യൂണിറ്റുകള്‍ നിർമിച്ചു.
1987ല്‍ ഹംഗറി, ഫ്രാൻസ്, ബെല്‍ജിയം എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തുകൊണ്ട് ഇന്ത്യയുടെ വാഹന കയറ്റുമതിക്ക് തുടക്കം കുറിച്ചതും ഈ കാറാണ്.

