കോല്‍ക്കത്ത: നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണല്‍ അസിസ്റ്റന്റായിരുന്ന ചന്ദ്രനാഥ് രഥിന്റെ അമ്മ ഹൻസിറാണി രഥാണ് സ്ഥാനാർഥി.
നാലു മാസം മുമ്പ് നടന്ന ആക്രമണത്തില്‍ ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭവാനിപൂർ, നന്ദിഗ്രാം സീറ്റുകളില്‍ മത്സരിച്ച സുവേന്ദു അധികാരി രണ്ട് മണ്ഡലങ്ങളിലും വിജയിച്ചിരുന്നു. തുടർന്ന് നന്ദിഗ്രാം സീറ്റ് രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. സുവേന്ദു അധികാരി മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ് ചന്ദ്രനാഥ് കൊല്ലപ്പെട്ടത്.
നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യംഗ്രാമില്‍ വെച്ച് ചന്ദ്രനാഥ് രഥിനെ ബൈക്കിലെത്തിയ അജ്ഞാതർ വെടിവച്ചു കൊല്ലുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു വിജയിച്ചിട്ടുള്ള ഹൻസിറാണി രഥ് ബിജെപിയുടെ സജീവ പ്രവർത്തകയാണ്.

