ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ മറച്ചുവയ്ക്കാൻ സഹായിക്കുന്ന ഫീച്ചറുകള്‍ക്കെതിരേ ഇന്ത്യയില്‍ കേന്ദ്ര സർക്കാർ നടപടികള്‍ കർശനമാക്കുന്നു.
വാട്സാപ്പിന്റെ പുതിയ യൂസർനെയിം ഫീച്ചറിനെതിരേ വിശദീകരണം തേടിയതിനു തൊട്ടുപിന്നാലെ, ടെലിഗ്രാം, സിഗ്നല്‍ എന്നിവയ്ക്കും കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് അയച്ചു.
ഫോണ്‍ നമ്പറുകള്‍ വെളിപ്പെടുത്താതെ സന്ദേശങ്ങള്‍ അയയ്ക്കാൻ അനുവദിക്കുന്ന ഫീച്ചറുകള്‍ ദുരുപയോഗം ചെയ്യുന്നതു തടയാൻ എന്ത് മുൻകരുതലുകളാണു സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാനാണ് നോട്ടീസിലെ നിർദേശം.
ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകള്‍ക്ക് മേലുള്ള സർക്കാർ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാകുന്നതിന്റെ സൂചനയാണിത്. വ്യാജരേഖ ചമയ്ക്കല്‍, ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പുകള്‍, ഫിഷിംഗ്, ‘ഡിജിറ്റല്‍ അറസ്റ്റ്’ തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് നടപടി.
ജൂണ്‍ മാസത്തില്‍ കേന്ദ്ര സർക്കാർ ടെലിഗ്രാം താത്ക്കാലികമായി നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആപ്പുകളിലെ സുരക്ഷാ ഫീച്ചറുകള്‍ നേരിട്ട് പരിശോധിക്കാൻ സർക്കാർ ഒരുങ്ങുന്നത്. ഫോണ്‍ നമ്പറുകള്‍ക്ക് പകരം യൂസർനെയിം ഉപയോഗിച്ച് ആളുകളെ തെരയാൻ അനുവദിക്കുന്ന ഫീച്ചർ ഈ ആഴ്ചയാണ് വാട്സ്‌ആപ്പ് അവതരിപ്പിച്ചത്.
എന്നാല്‍, ഇതിന്റെ ആഗോളതലത്തിലുള്ള ലോഞ്ച് താത്കാലികമായി നിർത്തിവയ്ക്കാൻ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ദിവസത്തിനകം ഇതിന്റെ കൃത്യമായ കാരണം ബോധിപ്പിച്ചില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും വാട്സ്‌ആപ്പിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രമുഖ വ്യക്തികളുടെയോ, ബാങ്കുകളുടെയോ, സർക്കാർ സ്ഥാപനങ്ങളുടെയോ പേരുകളില്‍ വ്യാജ യൂസർനെയിമുകള്‍ ഉണ്ടാക്കി ആളുകളെ പറ്റിക്കാൻ ഈ ഫീച്ചർ കാരണമായേക്കുമെന്നാണ് സർക്കാരിന്റെ പ്രധാന ആശങ്ക. എന്നാല്‍, തങ്ങളുടെ ഈ ഫീച്ചർ മറ്റ് ആപ്പുകളെപ്പോലെ പരസ്യമായി തെരയാൻ കഴിയുന്ന ഒന്നല്ലെന്നും കൃത്യമായ യൂസർനെയിം അറിഞ്ഞാല്‍ മാത്രമേ ചാറ്റ് തുടങ്ങാൻ സാധിക്കൂ എന്നും വാട്സ്‌ആപ്പ് വ്യക്തമാക്കുന്നു.
കൂടുതല്‍ സുരക്ഷയ്ക്കായി ‘യൂസർനെയിം കീ’ എന്നൊരു അധിക സുരക്ഷാ ലെയറും തങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് വാട്സ്‌ആപ്പ് അറിയിച്ചു. ഫോണ്‍ നമ്പറുകള്‍ മറച്ചുവെക്കുന്നത് സൈബർ കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നവരെ കണ്ടെത്താൻ അന്വേഷണ ഏജൻസികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് സർക്കാർ നിലപാട്.
നേരത്തേ ടെലിഗ്രാമിലെ സമാനമായ യൂസർനെയിം ഫീച്ചറിനെതിരേയും സർക്കാർ രംഗത്തുവന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോള്‍ സിഗ്നലിനും ടെലിഗ്രാമിനും കേന്ദ്രം ഔദ്യോഗികമായി നോട്ടീസ് അയച്ചിരിക്കുന്നത്.

