പാരീസ്: കടുത്ത ഉഷ്ണതരംഗത്തെത്തുടർന്ന് ഫ്രാൻസില്‍ മരണം 2025 ആയെന്ന് ഫ്രഞ്ച് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സാധാരണയായി ഈ കാലയളവില്‍ ഉണ്ടാകാറുള്ള മരണനിരക്കിനേക്കാള്‍ വലിയ വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
രാജ്യത്തെ പൊതുജനാരോഗ്യ ഏജൻസിയായ സാന്തേ പുബ്ലിക് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഉഷ്ണതരംഗം മൂലം ജീവൻ നഷ്ടപ്പെട്ടവരില്‍ 85 ശതമാനത്തിലധികം ആളുകളും 65 വയസിനു മുകളില്‍ പ്രായമുള്ളവരാണ്.
കഴിഞ്ഞ മാസങ്ങളിലായി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷസിനും മുകളിലേക്ക് ഉയർന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. കടുത്ത ചൂടുകാരണം ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ എണ്ണത്തിലും വലിയ വർധന ഉണ്ടായി.
തലസ്ഥാനനഗരമായ പാരീസ് ഉള്‍പ്പെടുന്ന ഇല്‍-ദെ-ഫ്രാൻസ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോർട്ട് ചെയ്തത്.
താപനില 40 ഡിഗ്രി സെല്‍ഷസിനും മുകളില്‍
കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും മൂലം യൂറോപ്പില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കടുത്ത ഉഷ്ണതരംഗങ്ങളില്‍ ഒന്നാണിത്. ഫ്രാൻസിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില 40 ഡിഗ്രി സെല്‍ഷസിനും മുകളിലേക്ക് ഉയർന്നതോടെ വൈദ്യുതിവിതരണം തടസപ്പെടുകയും ജനജീവിതം കൂടുതല്‍ ദുസഹമാകുകയും ചെയ്തു.
അന്തരീക്ഷ താപനിലയില്‍ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും ഉഷ്ണതരംഗത്തിന്റ് ആരോഗ്യപരമായ ആഘാതങ്ങള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി സ്റ്റെഫാനി റിസ്റ്റ് വ്യക്തമാക്കി.

