Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിഎസ്‌സി: സമഗ്രാന്വേഷണം വേണം-  സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി

പിഎസ്‌സി: സമഗ്രാന്വേഷണം വേണം- സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന വിവിധ നിയമനങ്ങളില്‍ കഴിഞ്ഞ ഒരു ദശകമായി തുടരുന്ന ഗുരുതരമായ ക്രമക്കേടുകള്‍, അഴിമതികള്‍, ചോദ്യപേപ്പർ ചോർച്ച എന്നിവയെക്കുറിച്ചും പിഎസ്സി അംഗങ്ങളുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ചും സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തണമെന്ന് 'സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി'സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച്‌ സമിതി ചെയർമാൻ ആർ. എസ്. ശശികുമാർ ഗവർണർക്കും മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും വിശദമായ നിവേദനം നല്‍കി.

ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ പ്രതീക്ഷയായ പിഎസ്സിയുടെ സുതാര്യതയെയും വിശ്വാസ്യതയെയും തകർക്കുന്ന തരത്തിലുള്ള നിരവധി ആരോപണങ്ങളാണ് അടുത്തിടെയായി പുറത്തുവന്നിട്ടുള്ളതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ഫിഷറീസ് വകുപ്പിലെ എക്സ്റ്റൻഷൻ ഓഫീസർ അടക്കമുള്ള തസ്തികകളിലേക്ക് നടന്ന പരീക്ഷകളില്‍ കുഫോസ് സർവകലാശാലയിലെ എസ്‌എഫ്‌ഐ നേതാക്കള്‍ക്കു വലിയ തോതില്‍ മുൻഗണന ലഭിച്ചു.

ആകെ നടത്തിയ 44 നിയമനങ്ങളില്‍ 38 പേരും കുഫോസിലെ വിദ്യാർഥികളാണ്. ചോദ്യപേപ്പർ തയാറാക്കിയതിലും ഇന്റർവ്യൂ ബോർഡിലും ഈ സർവകലാശാലയുമായി ബന്ധപ്പെട്ടവരാണ് ഉണ്ടായിരുന്നത്.

മറ്റ് സർവകലാശാലകളിലെ ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർഥികളെ ബോധപൂർവം ഒഴിവാക്കിയ ഈ സംഭവത്തില്‍, വകുപ്പുതലത്തിന് പുറത്തുള്ള ഏജൻസി അന്വേഷണം വേണമെന്ന് ഫിഷറീസ് ഡയറക്ടർതന്നെ ശിപാർശ ചെയ്തിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

ഇതിനുപുറമേ, പ്ലാനിംഗ് ബോർഡിലെ ചീഫ് ഇൻഡസ്ട്രിയല്‍ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷയില്‍ ഉത്തരക്കടലാസുകള്‍ കൃത്യമായി മൂല്യനിർണയം നടത്തിയില്ലെന്നും ആരോപണമുണ്ട്.

രാഷ്ട്രീയസ്വാധീനമുള്ളവർക്ക് ഒന്നാം റാങ്ക് നല്‍കാൻ റാങ്ക് ലിസ്റ്റ് ധൃതിപിടിച്ച്‌ പ്രസിദ്ധീകരിച്ചതായും പരാതി ഉയർന്നുകഴിഞ്ഞു. അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ, ഡിവൈഎസ്പി (സ്പെഷല്‍ റിക്രൂട്ട്മെന്റ്), ലോ കോളജ് അസിസ്റ്റന്റ് പ്രഫസർ, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്), സർവകലാശാല പിആർ എന്നിവയിലും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പരീക്ഷാ സബ് കമ്മിറ്റികളെ മറികടന്നും കടുത്ത ക്രമക്കേടുകള്‍ നടത്തിയതായി ആക്ഷേപമുണ്ട്.

പിഎസ്സിയിലെ ചെയർമാനും അംഗങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഉപജാപക സംഘമാണ് ക്വസ്റ്റ്യൻ പേപ്പർ സെറ്റേഴ്സിനെ നിയോഗിക്കുന്നതെന്നും ചോദ്യങ്ങള്‍ കാലേകൂട്ടി ലഭിക്കാൻ വഴിയൊരുക്കുന്നതിലൂടെയാണ് എഴുത്തുപരീക്ഷകളില്‍ കൃത്രിമം നടക്കുന്നതെന്നും ആരോപണമുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika