ലണ്ടൻ: ഗെയിമിംഗ് ലോകത്തെ പ്രമുഖരായ സോണി സപ്പോർട്ട് ചെയ്യുന്ന പ്ലേസ്റ്റേഷൻ, തങ്ങളുടെ പുതിയ ഗെയിമുകള്‍ ഫിസിക്കല്‍ ഡിസ്കുകളില്‍ പുറത്തിറക്കുന്നത് അവസാനിപ്പിക്കുന്നു.
2028 ജനുവരി മുതല്‍ ഈ പരിഷ്കാരം നിലവില്‍വരുമെന്ന് കന്പനി ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.
ഇതോടെ ദശാബ്ദങ്ങള്‍ നീണ്ട പരന്പരാഗത ഡിസ്ക് ഗെയിമിംഗ് യുഗത്തിനാണ് വിരാമമാകുന്നത്. പുതിയ പരിഷ്കാരമനുസരിച്ച് ഉപയോക്താക്കള്‍ക്ക് കടകളില്‍നിന്ന് നേരിട്ട് ഗെയിമുകള്‍ വാങ്ങാമെങ്കിലും, ഡിസ്കിനു പകരം ഒരു ‘ഡിജിറ്റല്‍ ഡൗണ്‍ലോഡ് കോഡ് ’ മാത്രമായിരിക്കും ലഭിക്കുക. ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനായും ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യാൻ കഴിയും.
ഡിജിറ്റല്‍ മാധ്യമങ്ങളോടുള്ള ആഗോള താത്പര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് സോണി ഇന്ററാക്ടീവ് എന്റർടെയിൻമെന്റ് വ്യക്തമാക്കി. ഉപയോക്താക്കളുടെ താത്പര്യങ്ങളും വിനോദ വ്യവസായ മേഖലയിലെ മാറ്റങ്ങളും ഡിജിറ്റല്‍ വിതരണത്തിലേക്ക് പൂർണമായും മാറിയിരിക്കുകയാണെന്നും കാലത്തിനനുസരിച്ചുള്ള സ്വാഭാവികമായ മാറ്റം മാത്രമാണിതെന്നും കന്പനി കൂട്ടിച്ചേർത്തു.
സോണിയുടെ പുതിയ തീരുമാനം വഴി ഡിസ്കുകളുടെ നിർമാണവും വിതരണവുമായി ബന്ധപ്പെട്ട വലിയ ചെലവുകള്‍ പൂർണമായും ഒഴിവാക്കാൻ കന്പനിക്ക് സാധിക്കും. കൂടാതെ ഗെയിമുകള്‍ക്കൊപ്പം നല്‍കുന്ന ഫിസിക്കല്‍ ഇന്ററാക്ഷൻ ബുക്ക്ലറ്റുകള്‍ പ്രിന്റ് ചെയ്യുന്നതിനുള്ള തുകയും ലാഭിക്കാം.
ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വീട്ടിലിരുന്നുതന്നെ കണ്‍ട്രോളർ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഗെയിമുകള്‍ ഓണ്‍ലൈനായി ഓർഡർ ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കുമെന്നത് വലിയൊരു സൗകര്യമാണ്. മാത്രമല്ല ഫിസിക്കല്‍ ഡിസ്കുകള്‍ നഷ്ടപ്പെടാനോ അവയ്ക്ക് എന്തെങ്കിലും കേടുപാടുകള്‍ സംഭവിക്കാനോ സാധ്യതയുണ്ട്. എന്നാല്‍ ഓണ്‍ലൈൻ വഴി ഡൗണ്‍ലോഡ് ചെയ്യുന്ന ഗെയിമുകള്‍ക്ക് ഇത്തരം ഭീഷണികള്‍ ഉണ്ടാകുന്നില്ല.
അതേസമയം, ഈ മാറ്റം ഉപയോക്താക്കളുടെ തെരഞ്ഞെടുപ്പുകളെ പരിമിതപ്പെടുത്തുകയും ചില ദോഷങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഡിസ്കുകള്‍ വിപണിയില്‍നിന്ന് മാറുന്നതോടെ പുതിയ ഗെയിമുകള്‍ വാങ്ങാൻ ഡിജിറ്റല്‍ മാർഗങ്ങള്‍ മാത്രമായിരിക്കും അവശേഷിക്കുക. ഇത് കുറഞ്ഞ വരുമാനമുള്ള സാധാരണക്കാരായ ഗെയിമർമാരെയും പോക്കറ്റ് മണി ഉപയോഗിക്കുന്ന പ്രായം കുറഞ്ഞ ഉപയോക്താക്കളെയും ആയിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കുക. കൂടാതെ ഉപയോഗിച്ച പഴയ ഗെയിമുകള്‍ കുറഞ്ഞവിലയ്ക്ക് വാങ്ങാനോ, വില്‍ക്കാനോ ഉള്ള അവസരം ഇതോടെ ഇല്ലാതാകുമെന്നതും ഇതിന്റെ വലിയൊരു പോരായ്മയാണ്.

