നെടുമ്ബാശേരി: കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി നേരിട്ട പ്രളയ ദിനങ്ങളുടെ ഓര്‍മകള്‍ പങ്കുവച്ചുകൊണ്ടും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ചു കൊണ്ടും കുന്നുകര പഞ്ചായത്ത് സ്ത്രീ ശാക്തീകരണ ഹാളില്‍ സംഘടിപ്പിച്ച 'നമ്മള് നമുക്കായി-കരുതലോടെ നേരിടാം പ്രകൃതി ദുരന്തങ്ങളെ' ഏകദിന ശില്പശാല ശ്രദ്ധേയമായി. എറണാകുളം സെന്റ് തെരേസാസ് കോളേജ് ഭൂമിത്രസേനാ ക്ലബും ഉന്നത് ഭാരത് അഭിയാനും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയും കുന്നുകര പഞ്ചായത്തുമായി കൈകോര്‍ത്താണ് ശില്പശാല സംഘടിപ്പിച്ചത്.
എന്ജിന് സഹായത്തോടെയുള്ള ഫൈബര്‍ ബോട്ടുകള്‍ സജ്ജീകരിക്കുക. ദുരിതാശ്വാസ ക്യാന്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഉറപ്പു വരുത്തുക, റോഡ് ഗതാഗതം തടസപ്പെടാതിരിക്കാന്‍ വെള്ളം കയറിയ പ്രധാന റോഡുകള്‍ ഉയരം കൂട്ടുക, ആശയ വിനിമയം നടത്താന്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് അടക്കമുള്ള സംവിധാനങ്ങള്‍ തടസപ്പെടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍ ശില്പശാല ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സീന സന്തോഷ് അധ്യക്ഷയായിരുന്നു. ഹൈബി ഈഡന് എംപി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശംസകള്‍ നേര്‍ന്നു. സെന്റ് തെരേസാസ് കോളജ് അസോസിയേറ്റ് പ്രഫസര്‍ ഡോ. നിര്‍മല പദ്മനാഭന് പദ്ധതി വിശദീകരണം നടത്തി.
ഹസാര്‍ഡ് അനലിസ്റ്റ് അഞ്ജലി പമേശ്വരന്, ജില്ലാ ആസൂത്രണ സമിതി അംഗം ഡോ. മാര്ട്ടിന് പാട്രിക് എന്നിവര്‍ വിഷയാവതരണം നടത്തി. പഞ്ചായത്ത് സെക്രട്ടറി ജെയിന് വര്‍ഗീസ് പാത്താടന്‍, അംഗങ്ങളായ സി.യു. ജബ്ബാര്‍, പി.വി.
തോമസ്, ടി.കെ. അജികുമാര്‍, എം.പി. തോമസ്, പി.എ. കുഞ്ഞുമുഹമ്മദ്, സി.എം. വര്‍ഗീസ്, ഷീബ കുട്ടന്, ലിജി ജോസ്, ഷിജി ജോഷി തുടങ്ങിയവര്‍ സംസാരിച്ചു.
