Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാംലീല മൈതാനം കനത്ത കാവലില്‍; ഇന്ത്യാസഖ്യ റാലിക്ക് ഡല്‍ഹി പൊലിസിന്‍റെ വൻ സുരക്ഷാവലയം

രാംലീല മൈതാനം കനത്ത കാവലില്‍; ഇന്ത്യാസഖ്യ റാലിക്ക് ഡല്‍ഹി പൊലിസിന്‍റെ വൻ സുരക്ഷാവലയം

ദീപിക 48 mins ago

ന്യൂഡല്‍ഹി: രാംലീല മൈതാനത്ത് നടക്കുന്ന ഇന്ത്യാസഖ്യ റാലിക്ക് മുന്നോടിയായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമായി ഡല്‍ഹി പൊലിസ്.

200 മുതല്‍ 250 വരെ ഹൈ ഡെഫനിഷൻ സിസിടിവി കാമറകളും തത്സമയ നിരീക്ഷണത്തിനുള്ള കണ്‍ട്രോള്‍ റൂമുകളും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 3500 പൊലിസുകാരെയും സുരക്ഷയ്ക്കായി വിന്യസിക്കും.

എസ്‌ഐആർ വിഷയത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യാസഖ്യം റാലി സംഘടിപ്പിക്കുന്നത്. ബാഗുകള്‍ പരിശോധിക്കാനുള്ള സംവിധാനങ്ങള്‍, മെറ്റല്‍ ഡിറ്റക്ടറുകള്‍, ബാരിക്കേഡുകള്‍ എന്നിവയുമായി സുരക്ഷാ ഉദ്യോഗസ്ഥർ മൈതാനത്തും പരിസരത്തും നിലയുറപ്പിച്ചിട്ടുണ്ട്.

12 ഏക്കർ വിസ്തൃതിയുള്ള രാംലീല മൈതാനത്തെ പ്രവേശന കവാടങ്ങളിലും പുറത്തേക്കുള്ള വഴികളിലും കർശന നിരീക്ഷണമുണ്ടാകും. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും അടിയന്തര സാഹചര്യങ്ങളില്‍ ഇടപെടാനുമായി പ്രത്യേക സംഘങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്. വേദിയും പരിസരവും നിരീക്ഷണത്തിലാക്കാൻ സ്ഥാപിക്കുന്ന 200 മുതല്‍ 250 വരെ സിസിടിവി കാമറകളിലെ ദൃശ്യങ്ങള്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകളില്‍ തത്സമയം പരിശോധിക്കും.

പൊലിസുകാർ ശരീരത്തില്‍ ഘടിപ്പിക്കാവുന്ന കാമറകളും ധരിക്കും. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് സംവിധാനമുള്ള കാമറകള്‍ മൈതാനത്തിനകത്തും പുറത്തും വ്യക്തികളുടെ മുഖം സ്കാൻ ചെയ്യുന്നതിനും ഉപയോഗിക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൈതാനത്തെ 14 സോണുകളായി തിരിച്ചാണ് നിരീക്ഷണം നടത്തുന്നത്. ഓരോ സോണിന്റെയും ചുമതല എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥർക്കായിരിക്കും.

ഈ സോണുകളെ വീണ്ടും എട്ട് മേഖലകളായി തിരിച്ച്‌ മുതിർന്ന ഉദ്യോഗസ്ഥർക്കും മേല്‍നോട്ട ചുമതല നല്‍കിയിട്ടുണ്ട്. വേദിയിലും പരിസരത്തുമായി 3500 പൊലിസുകാരെ വിന്യസിക്കും. ഇവർക്കൊപ്പം കേന്ദ്ര റിസർവ് പൊലിസ് സേനയും സുരക്ഷാ ചുമതലയില്‍ ഉണ്ടാകും. റാലിയില്‍ പങ്കെടുക്കാനെത്തുന്നവരുടെ സുരക്ഷയും ജനക്കൂട്ട നിയന്ത്രണവും ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഡല്‍ഹി പൊലിസ് ഒരുക്കിയിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika