Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
റഷ്യൻ ഗവേഷണശാലയില്‍ ദുരൂഹ  അണുബാധ: യുവ ഗവേഷക മരിച്ചു

റഷ്യൻ ഗവേഷണശാലയില്‍ ദുരൂഹ അണുബാധ: യുവ ഗവേഷക മരിച്ചു

മോസ്കോ: റഷ്യയിലെ പ്രമുഖ ഗവേഷണശാലയില്‍ ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് പൊട്ടിയതിനെത്തുടർന്ന് യുവഗവേഷക ദുരൂഹമായ അണുബാധ മൂലം മരിച്ചു.

സൈബീരിയയിലെ ഇർകുട്സ്കിന് സമീപമുള്ള ഷെലെഖോവയിലെ ആന്റി പ്ലേഗ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയായ ഡാരിയ ഷിപിലോവ (28) ആണു മരിച്ചത്. മാരകമായ ന്യൂമോണിക് പ്ലേഗ് ബാധിച്ചാണു മരണമെന്ന് സംശയിക്കുന്നു.

സംഭവത്തെത്തുടർന്ന് മേഖലയില്‍ പ്ലേഗ് ഭീതി പടരുകയും രോഗിയുമായി സമ്പർക്കത്തില്‍ വന്ന 197 പേരെ അടിയന്തരമായി ക്വാറന്റൈനിലാക്കുകയും ചെയ്തു. കഴിഞ്ഞ മാസം 29ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഡാരിയ വ്യാഴാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്.

ജോലി ചെയ്യുന്നതിനിടെ അപകടകരമായ ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് അബദ്ധത്തില്‍ പൊട്ടിപ്പോയതായി ഡാരിയ ആശുപത്രി ജീവനക്കാരോട് വെളിപ്പെടുത്തിയിരുന്നു.

ഇതിനെത്തുടർന്ന് പ്രദേശത്തെ നാല് ആശുപത്രികള്‍ മൂന്നാഴ്ചത്തേക്ക് ക്വാറന്റൈനിലാക്കി കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. ഇർകുട്സ്ക് മേഖലയില്‍ പൊതുപരിപാടികള്‍ റദ്ദാക്കുകയും അലുമിനിയം പ്ലാന്റിലെ തൊഴിലാളികള്‍ക്ക് മാസ്ക് നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്.

ഡാരിയയുടെ മരണകാരണം ‘അറിയപ്പെടാത്ത തരം ന്യൂമോണിപ്പ’ ആണെന്നാണ് റഷ്യൻ ആരോഗ്യ ഏജൻസിയായ ‘റോസ്പോട്രെബ്നാഡ്സർ’ വ്യക്തമാക്കുന്നത്.

എന്നാല്‍ രോഗബാധ പ്ലേഗ് ആകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് അയല്‍സംസ്ഥാനമായ ബുര്യാതിയയിലെ ഭരണത്തലവൻ അലക്സി തൈദെനോവ് പ്രതികരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika