ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുല്‍ഗാമില്‍ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കി സുരക്ഷാസേന.
കുല്‍ഗാമിലെ ലാരോ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു.
സിആർപിഎഫ് സംഘത്തിന് നേരെ നേരിട്ട് ആക്രമണം നടത്തിയ ഭീകരൻ ഉമർ നസീറിനെയാണ് വധിച്ചവരില്‍ ഒരാളായി തിരിച്ചറിഞ്ഞിട്ടുള്ളത്. ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന ലഷ്കർ-ഇ-തൊയ്ബ ഭീകരൻ മുഹമ്മദ് ലത്തീഫ് ഭട്ടും കൊല്ലപ്പെട്ടതായാണ് വിവരം. എന്നാല്‍, മുഹമ്മദ് ലത്തീഫ് ഭട്ടിന്റെ മരണക്കാര്യം സുരക്ഷാസേന ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പാക്കിസ്ഥാൻ ഭീകരർക്കൊപ്പം ചേർന്ന് പ്രവർത്തിച്ചുവരികയായിരുന്ന മുഹമ്മദ് ലത്തീഫ് ഭട്ട് താഴ്വരയിലെ നിരവധി ഭീകരാക്രമണങ്ങളില്‍ പ്രതിയാണെന്ന് സുരക്ഷാ ഏജൻസികള്‍ വ്യക്തമാക്കുന്നു. അനന്തനാഗില്‍ പൊലീസ് കോണ്‍സ്റ്റബിളിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിലും കുല്‍ഗാമില്‍ തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലും ഇയാള്‍ക്ക് നേരിട്ട് പങ്കുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ആഴ്ച കുല്‍ഗാമിലെ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റിരുന്നു.

