ന്യൂഡല്‍ഹി: അധികാരകേന്ദ്രങ്ങളില്‍നിന്ന് പുറത്തുവരുന്ന ഓരോ വിവാദ പരാമർശത്തെയും തങ്ങളുടെ മൂർച്ചയുള്ള ആക്ഷേപഹാസ്യം കൊണ്ട് ഡിജിറ്റല്‍ ലോകം എങ്ങനെയാണ് ഏറ്റെടുക്കുന്നത് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി മാറുകയാണ് സോഷ്യല്‍ മീഡിയയിലെ ട്രെൻഡിംഗ് പാർട്ടികള്‍.
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ വിവാദ പരാമർശത്തില്‍നിന്നു ജനിച്ച കോക്രോച്ച് ജനതാ പാർട്ടിക്കു പിന്നാലെ, ഇപ്പോള്‍ ഇന്റർനെറ്റില്‍ കാട്ടുതീ പോലെ പടരുകയാണ് ‘ദിമാഗി നക്സല്‍ പാർട്ടി’യും.
ഇൻസ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ‘ദിമാഗി നക്സല്‍ പാർട്ടി’ എന്ന ആക്ഷേപഹാസ്യ പേജ് വെറും 24 മണിക്കൂറിനുള്ളിലാണ് രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സിനെ സ്വന്തമാക്കിയത്. ഭരണകൂട വിമർശനങ്ങളെയും രാഷ്ട്രീയ പരിഹാസങ്ങളെയും പ്രതിരോധിക്കുന്ന ഡിജിറ്റല്‍ തലമുറയുടെ പുതിയ മുഖമായി ഈ അക്കൗണ്ട് മാറിയിരിക്കുന്നു.
ഏതൊരു രാഷ്ട്രീയ പാർട്ടിക്കും വ്യക്തമായൊരു പ്രത്യയശാസ്ത്രവും ആപ്തവാക്യവുമുള്ളതുപോലെ, ഇൻസ്റ്റഗ്രാമിലെ ഈ പുതിയ പേജിനുമുണ്ട് കൃത്യമായ ബയോ: “ചിന്തിക്കുക, ഗവേഷണം നടത്തുക, ചെറുത്തുനില്‍ക്കുക!”
സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശമാണ് ഈ അക്കൗണ്ടിന്റെ ജനനത്തിനു വഴിവച്ചത്. രാജ്യത്ത് സായുധരായ നക്സലുകളെ ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിലും ചിന്തകളില്‍ നക്സലിസമുള്ള "ദിമാഗി നക്സലുകള്‍' ഇപ്പോഴുമുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. എന്നാല്‍, സർക്കാരിന്റെ വീഴ്ചകളെ ചൂണ്ടിക്കാണിക്കുന്നവരെയും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെയും ‘രാജ്യവിരുദ്ധർ’ എന്ന് മുദ്രകുത്താനുള്ള രാഷ്ട്രീയ തന്ത്രമാണിതെന്ന് ആരോപിച്ചാണ് ഡിജിറ്റല്‍ ലോകം ഈ വാക്കുകളെ ഏറ്റെടുത്തത്.
ഏറ്റെടുത്ത് പ്രതിപക്ഷ നേതാക്കളും
പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്കു പിന്നാലെ പ്രതിപക്ഷ നേതാക്കളും വിഷയം ഏറ്റെടുത്തു. തങ്ങള്‍ "ദിമാഗി നക്സല്‍' ആയതില്‍ അഭിമാനിക്കുന്നുവെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും എഎപി നേതാവ് അരവിന്ദ് കേജരിവാളും പരസ്യമായി പ്രഖ്യാപിച്ചു.
വിവാദം കൊഴുത്തതോടെ വിശദീകരണവുമായി കേന്ദ്രസർക്കാരിന് രംഗത്തെത്തേണ്ടി വന്നു. ഭരണഘടനയെ നിഷേധിച്ച് മാവോവാദത്തെ പിന്തുണയ്ക്കുന്നവരെയും വിഘടനവാദികളോടൊപ്പം നിലകൊള്ളുന്നവരെയും ആർട്ടിക്കിള്‍ 370നെ പിന്തുണയ്ക്കുന്നവരെയുമാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചതെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു വിശദീകരിച്ചു.

