തരുണ്‍ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാല്‍ ചിത്രം അതിമനോഹരത്തിന് തിരിച്ചടി. ചിത്രത്തിന്റെ ഷൂട്ടിംഗിനായി ശബരിമല ക്ഷേത്ര സന്നിധാനത്ത് അനുമതി ചോദിച്ചെങ്കിലും വനം വകുപ്പ് അത് നിഷേധിച്ചു.
ഏറ്റവും പുതിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പിന്റെ നടപടി. ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന ഭാഗം പെരിയാർ കടുവ സങ്കേതത്തിലാണ്. ഇതുകൊണ്ടാണ് ചിത്രീകരണത്തിന് വനംവകുപ്പിന്റെ അനുമതി ആവശ്യമായത്.
അതേസമയം പമ്പ വരെ റാന്നി വനം വകുപ്പ് ഡിവിഷൻ ഭാഗത്ത് അനുമതി നല്‍കിയിട്ടുണ്ട്. അവിടങ്ങളില്‍ നാളെ ഷൂട്ടിംഗ് നടക്കും. ചിത്രീകരണത്തിന് നേരത്തെ ദേവസ്വം ബോർഡ് അനുമതി നല്‍കിയിരുന്നു.
മുഴുവൻ സ്ക്രിപ്റ്റും സമർപ്പിക്കണം എന്നതാണ് ഇതിനുവേണ്ടി ദേവസ്വം ബോർഡ് വെച്ച നിബന്ധന. ശബരിമല ക്ഷേത്രത്തെയോ വിശ്വാസ പ്രമാണങ്ങളെയോ ഹനിക്കുന്ന യാതൊന്നും ചിത്രത്തിലുണ്ടായിരിക്കരുത്. ഇതിന് പുറമെ അമ്പതിനായിരം രൂപ കെട്ടിവെക്കുകയും വനംവകുപ്പില്‍ നിന്ന് അനുമതി തേടണമെന്നും നിബന്ധനവെച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ സന്നിധാനത്തെ ചിത്രീകരണത്തിന് വനംവകുപ്പ് കട്ട് പറഞ്ഞതോടെ അണിയറ പ്രവർത്തകർ പ്രതിസന്ധിയിലായിരിക്കുകയാണ്.

